പന

യക്ഷി
നിലം തൊടാതെ പറന്നു
വെള്ളപ്പാറ്റ പോലെ
തന്റെ നിമിഷത്തെ തേടുന്നു.

കണ്ണുകളിലും വിരൽത്തുമ്പുകളിലും
മുക്കുറ്റിപ്പൂവുകൾ
വിടർന്നിരിക്കുന്നു.

കാൽപ്പനികമല്ലാത്ത
അവളുടെ പല്ലിന്മുനയിൽ
ചുവപ്പ് രാശി അലിയുന്നു.

അവൾക്കു
രക്തം നൽകിയ യുവാവിന്റെ
നെഞ്ചിൽ അവളുടെ നഖങ്ങൾ
നീച ചിഹ്നം വരച്ചിരുന്നു.

യുവാവ് സ്ത്രീസ്പർശമേൽക്കാത്ത
ഒരു സ്വയംഭോഗിയായിരുന്നു.
കലപ്പ വീഴാത്ത മണ്ണു പോലെ
അവന്റെ ശരീരം ഉറഞ്ഞും
തറഞ്ഞും ചൂടാറാതെയിരുന്നു.

ഓരോ രാത്രിയും അവൻ
തന്റെ യക്ഷിയെ കാമമോഹിതനായി പ്രാർത്ഥിച്ചും
ആവാഹിക്കാൻ ശ്രമിച്ചും
ഒപ്പമെത്താൻ ക്ഷണിച്ചിരുന്നു.

യക്ഷി തന്റെ നിസ്സഹായാവസ്ഥയിൽ
പ്രണയം എന്തെന്നറിയാതെ
ദാഹം മാത്രമായി
അവനിലേക്ക് ചുരുങ്ങാൻ ആഗ്രഹിച്ചു.

ആഗ്രഹങ്ങൾ ആകാം
യക്ഷിയും യക്ഷനുമായി
മനസ്സുകളെ പരിവർത്തിപ്പിക്കുന്നത്.

യക്ഷികളാകാം പുരുഷന്റെ
പേശികളിൽ
ദൃഢതകളിൽ
യൗവനം നിറയ്ക്കുന്നത്.

യക്ഷന്മാരാകാം
സ്ത്രീയുടെ
ഹൃദയത്തിലും ശരീരത്തിലും
മൃദുലത പാകുന്നത്.

യക്ഷിയും യക്ഷനും
എന്തൊരു സങ്കല്പമാണ്.
ആദിദ്രാവിഡരെ
വാനരൻമാരാക്കിയ
ആദ്യകവിക്ക്
എന്തുകൊണ്ട് യക്ഷരേ
വെറുതെ വിടേണ്ടി വന്നു ?

വെയിലിൽ വെന്തു
പണി ചെയ്തവർക്കെന്തുകൊണ്ട്
ഭീതരാത്രികളിൽ പോലും
യക്ഷിയെ അവിശ്വസിക്കേണ്ടി വന്നു ?

പ്രണയം മാത്രമല്ലേ
മനുഷ്യനെ യക്ഷിയും യക്ഷനുമാക്കുന്നത് ?
നിറവും മണവുമില്ലാത്ത
പകലുകളല്ലേ
രാത്രികൾ ആകുന്നത് ?

അഞ്ചുതെങ്ങ് കോട്ടയുടെ
കരിമ്പാറകളിൽ എഴുതപ്പെട്ട
പ്രണയവിശ്വാസങ്ങൾ എത്രയാവാം
ചരിത്രത്തിൻ്റെ
ചോരയൂറ്റിയതെന്ന്
അയൽവാസികളായ
കടൽതിരകൾക്കറിയുമോ ?

പ്രണയത്തിൻ്റെ രക്തസാക്ഷിത്വത്തേക്കാൾ
ആദർശപരമല്ലേ
ഭൂമിയുടെ മേലുള്ള
അധിനിവേശങ്ങൾ ?

പെണ്ണിൻ്റെ മേൽ യക്ഷനും
ആണിൻ്റെ മേൽ യക്ഷിയും
വിതയ്ക്കുന്ന
അഭിനിവേശങ്ങൾ ?

യക്ഷിയും യക്ഷനും
രണ്ടാണെന്നിരിക്കെ
അധിനിവേശത്തിന്റെ
ഓലയെഴുത്തുകൾ മാത്രമല്ലേ
അവതാരമഹിമകൾ ?

തലച്ചോറിൽ
സദാ വിജ്യംഭിച്ചിരിക്കുന്ന
ലിംഗത്തിനല്ലാതെ മറ്റെന്തിന്
ആത്മാവിൻ്റെ
ഹത്യയെ
പുകഴ്ത്തി
ഇതളുകളെ
താലോലിക്കാനാകും ?

നോക്കു,
അക്ഷരയക്ഷികൾ കൂടുകൂട്ടിയ
കരിമ്പനകൾ ആടുന്നത് .

കേൾക്കൂ,
നീലിയുടെ കിതപ്പ്.
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത
ബ്രഹ്മരക്തത്തിൻ്റെ നിലവിളി.

വരുമോ,
കരിമ്പനയുടെ മേൽ
അന്തപുരത്തിൽ
അന്തിയുറങ്ങാൻ ?
പച്ചയും നീരും
നേദിക്കാൻ ഒരാൾ കാത്തിരിക്കെ
എൻ്റെ കാവ്യയക്ഷി ?

കവിയും ചലച്ചിത്ര സംവിധായകനുമായ രാ. പ്രസാദ് , ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശിയാണ്. ഇല, കടൽ ഒരു കുമിള ,മേഘമൽഹാർ, പ്രേമത്തിന്റെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മണ്ണെഴുത്ത് മാസികയുടെ പത്രാധിപരാണ്.