Mr.കാലൻ

കിരീടം തുളച്ച് തലയിൽ നിന്നും മുകളിലേയ്ക്ക് ഉയർന്നുനിൽക്കുന്ന രണ്ടു കൊമ്പോ, വായ്ക്കിരുവശത്തു നിന്നും പുറത്തേയ്ക്ക് തെറിച്ചു നിൽക്കുന്ന കൂർത്ത തേറ്റപ്പല്ലോ, കയ്യിൽ ചുറ്റിപ്പിടിച്ച കയറോ, തോളത്തൊര് ഗദയോ, സഞ്ചരിക്കാൻ പോത്തോ, ഇതൊന്നും തന്നെ ഉണ്ടായിട്ടല്ല എന്നെയിങ്ങനെ ചിലരെങ്കിലും ‘കാലാ’, ‘കാലാ…’ന്ന് വിളിക്കുന്നത്.

ങ്ഹാ, എന്റെ കാര്യം ഇവിടെ നിൽക്കട്ടെ. അവനവന്റേതാണ് വലിയ സങ്കടങ്ങൾ എന്ന് കരുതി അത് നാം മറ്റുള്ളവരോട് പറയുമ്പോൾ, അവർ ഒരുപക്ഷേ അതിലേറെ സങ്കടങ്ങൾ അനുഭവിച്ചവരാകാം. എങ്കിലും, നമുക്ക് വലുതും അവർക്ക് ചെറുതുമായ നമ്മുടെ വാക്കുകൾ ഒന്ന് കേൾക്കുവാനുള്ള മനസ്സ് അവർ കാണിക്കുന്നെങ്കിൽ അവരുടേതാണ് വലിയ മനസ്സ്.

ഇന്ന് അതിരാവിലെ എന്നെ വിളിച്ച അഡ്വക്കറ്റ് സുധാകരൻ സാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇതുതന്നെയാണ് ആ സ്ഥലം. വലിയ മതിലിനാൽ ചുറ്റപ്പെട്ട് നിൽക്കുന്ന കൊട്ടാരസദൃശ്യമായ ഈ വീടും. ഗേറ്റിന് മുന്നിൽ ‘അഡ്വക്കറ്റ് സി. സുധാകരൻ, എം.എ, എൽ. എൽ. ബി, എൽ.എൽ.എം.’ എന്നെഴുതിയ വലിയ ഫലകവും അത് ദൃഢമായി ഉറപ്പിച്ചു.

സ്കൂട്ടർ റോഡിന്റെ സൈഡിലെ തണലിലേയ്ക്ക് ഒതുക്കി വെച്ച്, അദ്ദേഹം പറഞ്ഞ് തന്ന പ്രകാരം മുന്നിലെ കരിങ്കൽ മതിലിന്‍റെ അരികിലൂടെ തിരിഞ്ഞ് താഴേയ്ക്ക് നടന്നു. ദുർഘടമായ ഇടവഴിയിലൂടെ സൂക്ഷിച്ചാണ് ഓരോ ചുവടും മുന്നോട്ട് വെച്ചത്. അപ്പോഴൊക്കെയും മനസ്സ് പിടഞ്ഞു.

‘കഷ്ടം, ആ പാവങ്ങളെങ്ങനെ ഇതിലെ പോവുകയും വരികയും ചെയ്യുമായിരിക്കും.’

മനസ്സിലെ അസ്വസ്ഥതകൾക്ക് മീതേ പെട്ടെന്നാണ് ഒരു മനുഷ്യന്റേതെന്ന് തോന്നിക്കുന്ന നീണ്ടൊരു അലർച്ച കാതിലേയ്ക്ക് തറച്ചത്.

ഏറെ ചരിവുള്ള പുരയിടത്തിനെ ചുറ്റാകെ മതിൽ കെട്ടി മണ്ണിട്ട് മൂടിയാണ് സുധാകരൻ സാർ തന്റെ വീട് മുന്നിലെ നിരപ്പിൽ നിലനിർത്തിയിരുന്നത്. തെക്കുവശത്തുനിന്നും മതിലിന്റെ പടിഞ്ഞാറേ മൂലയിലേയ്ക്ക് നടന്നെത്തുമ്പോഴേയ്ക്കും മതിലൊരു കോട്ട പോലെ രൂപം പൂണ്ടിരുന്നു. അതിനാലിപ്പോൾ ഇവിടെ നിന്ന് നോക്കിയാൽ അഡ്വക്കേറ്റിന്റെ വീട് കാണുവാനും കഴിയുമായിരുന്നില്ല.

വലംകൈ മതിലിലേയ്ക്ക് താങ്ങി വടക്കോട്ടേയ്ക്ക് നടന്നു. അപ്പോഴാണ് പിൻവശത്തെ ഈ മതിൽ കെട്ടുവാനായി മുക്കാൽ ഭാഗവും പൊളിച്ച് നീക്കിയ പഴയൊര് ഒറ്റമുറിപ്പുര കണ്ണിലുടക്കിയത്. കുറിയ പട്ടിയേലുകൾ ഇളകി കുറെ ഓടുകൾ പൊട്ടിച്ചിതറി നിലത്ത് കിടപ്പുണ്ടായിരുന്നു. തനിക്ക് നേരെ നീട്ടിയ കൈകളെ മുട്ടിനു മീതെ അറുത്തു മാറ്റിയത് പോലെ. മതിലിന് അഭിമുഖമായുള്ള മുറിച്ച കഴുക്കോലുകളുടെ ദ്രവിച്ച ശേഷിപ്പുകൾ ദയനീയമായി പുറത്തേയ്ക്ക് തുറിച്ചു നോക്കി നിന്നു.

ആ വീടിനടുത്ത് എത്താറായപ്പോഴാണ്, തറയിൽ വീണുകിടക്കുന്ന ഒരു പാഴ്ത്തുണി കാറ്റിൽ മെല്ലെ അനങ്ങുന്നത് പോലെ ഒരു രൂപം മുന്നിൽ ചലിക്കുന്നത് കണ്ടത്. ഇതാകാം അദ്ദേഹം പറഞ്ഞ കാർത്യായനിയമ്മ.

കയ്യിലിരുന്ന കുറ്റിച്ചൂലിനാൽ നിരങ്ങി നിരങ്ങി മുറ്റത്തെ കരിയിലകളും ഇളകിയ ചരലും മണ്ണും തൂത്ത് വൃത്തിയാക്കുകയായിരുന്നു അവരപ്പോൾ. ഇടയ്ക്കിടയ്ക്ക് ചൂല് താഴേയ്ക്ക് വെച്ച് അതേ കൈകൊണ്ട് തന്നെ വീണ്ടും മുറ്റത്ത് കുരുത്ത പാഴ്ച്ചെടികൾ കൂടി പറിച്ചു മാറ്റുന്നുമുണ്ടായിരുന്നു. അപ്പോഴൊക്കെയും അവരുടെ വലംകൈ സ്വന്തം ശരീരത്തിന് താങ്ങെന്ന പോലെ മണ്ണിലേയ്ക്ക് ഉറപ്പിച്ചിരുന്നു.

കണ്ണുകളിലേയ്ക്ക് പടരാൻ കൊതിച്ച നനവിനെ അണകെട്ടി ഉള്ളിൽ നിർത്തി, ഒരു സ്ഥിരീകരണത്തിന് എന്നോണം ആ അമ്മയോട് ഞാൻ ചോദിച്ചു;

“കാർത്യായനിയമ്മയല്ലേ?”

ഭയന്ന് വിറച്ച ഭാവത്തോടെ ചൂല് തറയിലേയ്ക്കിട്ട് ഇടർച്ചയോടെ അല്പനേരം എന്റെ മുഖത്തേക്ക് തുറിച്ച് നോക്കിയ ശേഷം അവർ പറഞ്ഞു;

“അതേ… സാറേ, ഞാനാ കാർത്തിയാനിയമ്മ.” ഇത്രയും പറഞ്ഞുടനെ ആ അമ്മ എഴുന്നേറ്റ് പ്രായം വരച്ച വളവോടെ കുനിഞ്ഞുനിന്നു. ഒപ്പം എന്നോടിങ്ങനെ ചോദിച്ചു;

“സാറേ, സാറും എന്റെ മോനെ പ്രാന്താശുപത്രിയിൽ കൊണ്ടുപോകാനായിട്ട് വന്നതാണോ?”.

“അയ്യോ… അല്ലമ്മേ…”

“സാറേ… എന്റെ മോന് ഒരസുകോമില്ല സാറേ. വല്ലാതെ വെശക്കുമ്പോഴോ വേദനിക്കുമ്പോഴോ മാത്രമാണ് സാറേ അവനിങ്ങനെ കെടന്ന് ബഹളമുണ്ടാക്കുന്നത്. സാറേ, എന്റെ കുഞ്ഞിനീലോകത്ത് ഞാനല്ലാതെ മറ്റാരുമില്ല സാറേ…”

കാർത്യാനിയമ്മയുടെ മുറിഞ്ഞ ഹൃദയത്തിൽ നിന്നും പൊടിഞ്ഞ ചോര ആ കണ്ണുകളിലൂടെയും വാക്കുകളിലൂടെയും പുറത്തേയ്ക്ക് ഒഴുകി.

എന്നാൽ കഴിയുന്നത്ര മൃദുല ശബ്ദത്തിൽ കാർത്തിയാനിയമ്മയോട്‌ ഞാൻ പറഞ്ഞു;

“അമ്മേ, അമ്മയെന്നെയിങ്ങനെ സാറേ, സാറേന്നൊന്നും വിളിക്കെണ്ട. ഞാനുമൊര് സാധാരണ മനുഷ്യനാ. മാത്രമല്ല അമ്മയുടെ മോനാകാനുള്ള പ്രായമേ എനിക്കൊള്ളൂ”.

“-ന്നാലും സാറേ… അല്ല, മോനേ. എന്റെ കുഞ്ഞിനെ ഈ നെഞ്ചത്തുന്നറുത്തോണ്ട് പോകല്ലേ”.

“അമ്മേടെ മോനെ കൊണ്ടുപോകാനാ ഞാൻ വന്നത്. അത് പക്ഷേ, ഭ്രാന്താശുപത്രിയിലേയ്ക്കല്ല, നെടുമ്പന സ്നേഹാലയത്തിലേക്കാ. അമ്മേടെ മോന് ഭ്രാന്തല്ലെന്ന് എനിക്കറിയാം. ഇഷ്ടമില്ലാത്തവരെ ഉപേക്ഷിക്കാനായി ആളുകൾ കണ്ടെത്തുന്ന ചില ഉപായങ്ങളാണ് അവയെല്ലാം. അമ്മയിങ്ങനെകെടന്ന് പേടിക്കണ്ട ഒരുകാര്യവും ഇപ്പോഴില്ല. അവന് വേണ്ടുന്ന മരുന്നും, വയറുനിറച്ചാഹാരവും ഒക്കെ കൊടുക്കാനായിട്ടാ അവിടേയ്ക്ക് കൊണ്ടുപോകുന്നത്.”

പിടഞ്ഞൂലഞ്ഞ മനസ്സോടെ കാർത്യാനിയമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അപ്പോൾ പുരയ്ക്കുള്ളിൽ നിന്നും കാതടപ്പിക്കുന്ന ആ അലർച്ച വീണ്ടുമെത്തി.

“മോനേ… അമ്മ ദാ വരുന്നടാ.”ന്നും പറഞ്ഞ്, എല്ലുകൾ കൊണ്ട് വരച്ചൊര് മനുഷ്യകോലം പോലെ ആ അമ്മ ഉടനെ ഉള്ളിലേക്ക് വളഞ്ഞു പോയി. അപ്പോഴാ അലർച്ചയും നിലച്ചു.

അൽപ്പനേരം മുറ്റത്ത് നിശബ്ദമായി നിന്ന ശേഷം ഞാൻ വാതിൽക്കലേയ്ക്ക് നടന്നു. തുറന്ന വാതിലിനുള്ളിലെ നേർ മൂലയിൽ പുകമറ തീർത്തൊരടുപ്പിലെ കനലൂതി തെളിക്കാൻ തുടങ്ങുകയായിരുന്നു ആ അമ്മയപ്പോൾ. പുകക്കറ ഉടുത്ത ബൾബ് തെളിച്ച മങ്ങിയ വെളിച്ചത്തിലൂടെ കണ്ണുകൾ ഉള്ളിലേയ്ക്ക് നീണ്ടു. ആ ഒറ്റമുറിക്കുള്ളിലെ അങ്ങേക്കോണിൽ തറയിലായി, കീറിപ്പറിഞ്ഞോര് പ്ലാസ്റ്റിക് പായയിൽ ‘ഇറച്ചി അരിഞ്ഞെടുത്ത ശേഷം കൂട്ടിയിട്ടിരിക്കുന്ന എല്ലും കഷ്ണങ്ങൾ പോലെ’ മറ്റൊരു മനുഷ്യ കോലം. ഇതാകും സുധാകരൻ സാർ പറഞ്ഞ ‘പ്രാന്തൻ സുഭാഷ്’.

നീണ്ടുമെലിഞ്ഞതെങ്കിലും ദിശ തെറ്റി ഒടിഞ്ഞു മടങ്ങിയ കൈകാലുകൾ, കുറ്റിരോമങ്ങൾ എഴുന്ന് നിൽക്കുന്ന വലിയ തല, പേടിപ്പെടുത്തുമാറ് ഉരുണ്ട് പുറത്തേക്ക് തെറിച്ച് നിൽക്കുന്ന കണ്ണുകൾ. പെട്ടെന്ന് പത്രത്താളുകളിലും ടിവി ചാനലുകളിലും വർഷത്തിലൊരിക്കൽ മാത്രം ഓർമ്മിപ്പിക്കപ്പെടാറുള്ള ചില ദുരന്ത സ്മരണകളിലെ ചിത്രങ്ങൾ മനസ്സിലപ്പോൾ മിന്നിമറഞ്ഞു. അറിയാതെയെന്നോണം ഞാൻ, അവന്റെ അടുത്തേയ്ക്ക് നടന്നു. പെട്ടെന്നാണവൻ പേടിച്ചരണ്ട് വീണ്ടും ഉറക്കെ അലറാൻ തുടങ്ങിയത്.

വെപ്രാളത്തോടെയാണ് ആ അമ്മ ഓടി പിടഞ്ഞ് എന്റെ അടുത്തേയ്ക്ക് വന്നിങ്ങനെ പറഞ്ഞത്;

“അയ്യോ… സാറേ… എന്റെ മോനെ ഒന്നും ചെയ്യല്ലേ…, അവൻ പാവമാസാറേ…”

അമ്മയുടെ നിലവിളിയാൽ മകന്റെ ശബ്ദം വീണ്ടും ഉയർന്നു. കാതടപ്പിക്കുന്ന ഒച്ചയാണെങ്കിലും എനിക്ക് ചെവി പൊത്തിപ്പിടിക്കാൻ തോന്നിയില്ല. അമ്മ ഉടനെ മകന്റെ അരികിലേയ്ക്കിരുന്ന് അവന്റെ തല മടിയിലേയ്ക്കെടുത്ത് വെച്ചു. കൈപ്പത്തികൊണ്ട് അവന്റെ വായ പൊത്തിപ്പിടിച്ച് ഭയത്തോടെ വീണ്ടും എന്നെ തുറിച്ചു നോക്കി. ആ ശബ്ദം നിലയ്ക്കാതെ തുടർന്നപ്പോൾ. മറ്റാരെയോ പേടിച്ചിട്ടെന്നപോലെ, ഉടുത്തിരുന്ന കൈലിയുടെ തലപ്പ് വേഗത്തിൽ അവന്റെ വായിക്കുള്ളിലേക്ക് തിരികി കൈകൊണ്ട് അമർത്തിപ്പിടിച്ചു. അവന്റെ അലർച്ച നിർത്താനായുള്ള അവരുടെയാ പരാക്രമം കണ്ട് നെഞ്ചു വീണ്ടും പൊള്ളിപ്പോയി.

“സാറേ, എന്റെ കുഞ്ഞിന് നാവനക്കാൻ ഒക്കത്തില്ല!. തൊണ്ട കുഴിയിൽ നിന്നുള്ള ശബ്ദമായതുകൊണ്ടാ ഇത് ഇങ്ങനെ ഉറക്കെയായി പോകുന്നത്. ഇവന്റെയീ അലർച്ച കാരണം അയലത്തുകാർക്ക് പോലും കെടന്നുറങ്ങണ്ട”.

സുഭാഷിന്റെ ശബ്ദം താണുടനെ മകന്റെ വായിൽ നിന്നും തുണി നീക്കി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് കാർത്യായനിയമ്മ അവന്റെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു;

“എന്റെ മോൻ പേടിക്കണ്ട. നിന്നെ കൊണ്ടുപോയി കൊല്ലാനായിട്ട് ഞാനാർക്കും വിട്ടുകൊടുക്കത്തില്ല. എന്റെ കണ്ണടയും വരെ, നീയെന്റെ കൺവെട്ടത്ത് തന്നെയുണ്ടാകും, പിന്നീടെന്റെ കുഞ്ഞെങ്ങനെ…”

വികാരവായ്പ്പോടെ അവന്റെ നെറ്റിയിൽ വീണ്ടും തുരുതുരെ ഉമ്മ കൊടുത്ത് അവർ തുടർന്നു;

“മോനിപ്പോ അമ്മ കട്ടൻകാപ്പി ഒണ്ടാക്കിത്തരാം”. മകന്റെ തല മെല്ലെ തറയിലേയ്ക്ക് താഴ്ത്തി കിടത്തിയശേഷം കാർത്യാനിയമ്മ തുടർന്നു;

“എവന്റെ വെശപ്പടങ്ങുവോളം കൊടുക്കാനൊന്നും എന്നെക്കൊണ്ട് കഴിയത്തില്ല. അതിവനും നന്നായിട്ടറിയാം. എങ്കിലും, നല്ലോണം വെശക്കുമ്പോ മാത്രം എന്റെ കുഞ്ഞിങ്ങനെ കെടന്ന് ശബ്ദമുണ്ടാക്കും”.

വിതുമ്പിയ വാക്കുകൾ അവസാനിക്കും മുമ്പേ തന്നെ കാർത്യാനിയമ്മ ചുവരിൽ താങ്ങി എഴുന്നേറ്റ് അടുപ്പിനടുത്തേയ്ക്ക് നടന്നു. തുറന്ന ജനലിന് കറുത്ത മറ തീർത്തുകൊണ്ട് ആകാശം വീണ്ടും മഴയ്ക്കായുള്ള വെമ്പൽ വിളിച്ചറിയിച്ചു.

ഇനിയും മഴ കടുത്തേക്കാം.

കാർത്യാനിയമ്മ ഒരു സ്റ്റീൽ ക്ലാസിൽ കട്ടൻകാപ്പിയൊഴിച്ച് വലം കയ്യിലെടുത്ത് മുന്നോട്ടു വന്നു. വിറയാർന്ന കയ്യിൽ നിന്നുമപ്പോൾ കാപ്പി അല്പാല്പം പുറത്തേയ്ക്ക് തെറിച്ചുവീണു കൊണ്ടിരുന്നു. അടുത്തേയ്ക്ക് വരുംതോറും അവരുടെ ഇടംകൈ സ്വന്തം ശരീരത്തിനൊര് താങ്ങതേടി ശൂന്യതയിൽ തുഴയെറിഞ്ഞ് കൊണ്ടേയിരുന്നു.

ആ ഗ്ലാസിൽ അവശേഷിച്ച കാപ്പി എന്റെ മുന്നിലേയ്ക്ക് നീട്ടിക്കൊണ്ട് അവർ പറഞ്ഞു;

“ഇത് സാറിനാ…”

“അമ്മാ… കാപ്പി ആദ്യം മോന് കൊടുക്ക്. വിശന്നിട്ടല്ലേ അവൻ നിലവിളിച്ചത്.”

“മോനേ, എന്റെ മോൻ കരയുന്നതും ചിരിക്കുന്നതുമെല്ലാം ഇങ്ങനെ തന്നെയാണ്. പത്ത് നാൽപ്പത്തൊന്ന് വർഷമായില്ലേ ഇതെല്ലാം കണ്ടുംകേട്ടും തുടങ്ങിയിട്ട്”.

ആ അമ്മയുടെ മുഖം നിർജീവമായി. കാപ്പി വാങ്ങി ആദ്യം ചുണ്ടോടൊന്നടുപ്പിച്ച ശേഷം താഴേയ്ക്ക് വെച്ചപ്പോൾ കാർത്യായനിയമ്മ എന്നെ നോക്കി പറഞ്ഞു;

“ഇത്‌ മധുരമില്ലാത്തതാണ്”

എനിക്ക് സംശയമായി. ഇവരെങ്ങനെ, എനിക്ക് ഷുഗറുണ്ടെന്ന കാര്യമറിഞ്ഞു.

എന്റെ മുഖത്തെ അതിശയഭാവം കണ്ടിട്ടാകും അവർ തുടർന്നു;

“സാറിന് മധുരം വേണമായിരിക്കും?. ഇവിടെ പഞ്ചസാരയൊന്നുമില്ല. ഇവനുമെനിക്കും ഇതൊക്കെ ശീലമാ.”

“എനിക്ക് പഞ്ചസാര കഴിച്ചൂട. അമ്മ എത്ര ദിവസമാ ഇവനെയിങ്ങനെ അരപ്പട്ടിണിക്കിടുന്നത്. അതാ ഞാൻ പറഞ്ഞത്, അമ്മേടെ മോനെ ഞങ്ങള് കൊണ്ട് പൊയ്ക്കോളാമെന്ന്. സ്നേഹാലയത്തിൽ അവന് ഒരു കുറവും ഉണ്ടാകത്തില്ല. അമ്മ സമ്മതിക്കുകയാണെങ്കി നാളെത്തന്നെ അവിടത്തെ ഡയറക്ടർ പ്രസന്നാമ്മയേയും കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെ രാജേഷ് സാറിനെയും കൂട്ടി ഞാൻ വരാം. ഇവനെ ഈ അവസ്ഥയിൽ കാറിലാെന്നും കൊണ്ടുപോകാനൊക്കത്തില്ല, ഒരാബുലൻസ് വിളിക്കാം”.

“സാറേ…നിങ്ങളെന്തൊക്കെ ചെയ്താലുമെടുത്താലും എവന്റെ പെറ്റ തള്ളയായ എന്നെപ്പോലെ എവനെ നിങ്ങൾക്ക് നോക്കാനൊക്കുമോ?. നാഴികയ്ക്ക് നാൽപ്പത് വെട്ടം ഈ കെടന്നകെടപ്പിൽ തന്നെ തൂറിയേം പെടുക്കുകേം ഒക്കെചെയ്യുന്നവനെ, മൂന്നാല് ദെവസം കഴിയുമ്പോ നിങ്ങൾക്ക് തന്നെ മടുക്കും”

ഇങ്ങനെയൊക്കെ എന്നോട് പറയുന്നതിനിടയ്ക്കും കാർത്യാനിയമ്മ അടുപ്പിന്റെ അടുത്തേയ്ക്ക് പോയി ബാക്കിയിരുന്ന കട്ടൻകാപ്പി ഒരു പരന്ന പാത്രത്തിലേയ്ക്ക് ഒഴിച്ച് അതൊന്ന് കറക്കി ചൂട് കുറച്ച് മകന്റെ അരികിലേയ്ക്ക് വന്നു. കാപ്പി ആദ്യം താഴെവച്ചേച്ച് അവർ പതുക്കെ തറയിലേയ്ക്കിരുന്നു. പിന്നെ അവന്റെ തല മടിയിലേയ്ക്കെടുത്ത് വെച്ചശേഷം, അടുത്തിരുന്ന മറ്റൊരു ഗ്ലാസ്സിലേയ്ക്ക് കുറേശ്ശെ കാപ്പി എടുത്തൊഴിച്ച്, തന്റെ ചൂണ്ടുവിരലിന്റെ അറ്റം ക്ലാസിലെ കാപ്പിയിലേയ്ക്ക് താഴ്ത്തി ചൂട് അധികമില്ലെന്ന് ഉറപ്പുവരുത്തിയശേഷം അത് അവന്റെ വായിലേക്ക് അൽപ്പാൽപ്പമായി ഒഴിച്ചു കൊടുത്തു. ഒപ്പം എന്നെ നോക്കി ചോദിച്ചു;

“മോൻ കുടിക്കുന്നില്ലേ… കാപ്പി?”

ഞാൻ കട്ടൻകാപ്പി കുടിച്ചു തുടങ്ങിയപ്പോൾ വീണ്ടും ആ കണ്ണുകൾ നിറഞ്ഞുതുടങ്ങി.

“മോനേ എനിക്ക് ഇവനെ കൂടാതെ ഒരു മോൻ കൂടിയുണ്ട്. അവന് വലിയ ജോലിയും വീടുമൊക്കെയുണ്ട്”

“എന്നിട്ടാണോ അമ്മയും സുഭാഷയും ഈ ചോർന്നൊലിക്കുന്ന പുരയിൽ കിടന്നിങ്ങനെ നരകിക്കുന്നത്?!.”

“അവനെന്നെ പുതിയ വീടുവച്ച് മാറിയപ്പോഴേ കൂടെ വിളിച്ചതാ!.”

“എന്നിട്ടെന്താ അമ്മ പോകാഞ്ഞത്?.”

“ആരോരുമില്ലാത്ത ഈ കുഞ്ഞിനെ പിന്നെ ആര് നോക്കും മോനെ?”.

“അതെന്താ… ഇവനെക്കൂടെ കൊണ്ടുപോകാത്തത്?.”

“അതവന് ഇഷ്ടമല്ല. മരുമോള് പെണ്ണ് പാവമാ. ഇട്ടുമൂടാൻ സൊത്തുള്ള വീട്ടിലാ ജനിച്ചതെങ്കിലും അതിനങ്ങനെയൊര് അഹങ്കാരമില്ല. അവനില്ലാത്തപ്പോ അത്, വേലക്കാരുടെ കയ്യി എന്തെങ്കിലുമൊക്കെ കൊടുത്തു വിടുമായിരുന്നു. അതെങ്ങനെയോ ആ കാലനറിഞ്ഞു. അതീ പിന്നെ അവനേതാണ്ട് കാമറയോ മറ്റോ അവിടെല്ലാം പിടിപ്പിച്ചു”

“ അമ്മേ, സിസി ടിവി ക്യാമറയെന്നാ അതിന് പറയുന്നത്”.

“അതെന്തൊര് കുന്തവുമാകട്ടെ. എന്റെ കുഞ്ഞിങ്ങനെയായത് എവന്റെ കുറ്റം കൊണ്ടാണോ. ഒന്നുമല്ലേലും അവന്റെ കൂടെപ്പിറപ്പല്ലേ.”

“അമ്മേ, അത് ചില മനുഷ്യരങ്ങനെയാ. അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം മാറും. അമ്മയ്ക്കറിയാമോ, മക്കൾ കൊണ്ടുവന്ന് നടതള്ളിയതും അല്ലാത്തതുമായ എത്രയോ അച്ഛനമ്മമാരാ സ്നേഹാലയത്തിൽ ഉള്ളതെന്ന്?!. അവരെല്ലാം ഇപ്പോ എന്ത് സന്തോഷത്തോടെയാണ് അവിടെ കഴിയുന്നത് . പിന്നെ, അമ്മയീ വയസ്സാങ്കാലത്ത് നല്ലോണം നിവർന്ന് നിൽക്കാൻ പോലും പാടുപെടുമ്പോൾ. ഒന്ന് എഴുന്നേറ്റ് പോലും നിൽക്കാൻ വയ്യാത്ത ഇവനെ കൂടി എങ്ങനെ നോക്കാനാ. ഇത്രയും കാലം അമ്മ അവനെ പൊന്നുപോലെ നോക്കിയില്ലേ. ഇപ്പം അമ്മയ്ക്ക് ആവതില്ല, അതുകൊണ്ടല്ലേ ഞാൻ പറഞ്ഞത്”.

“മോനേ… എന്നാപ്പിന്നെ, എന്നേംകൂടെ കൊണ്ടുപോകാമോ അങ്ങോട്ട്?.”

“അയ്യോ, അമ്മേ…അതൊക്കത്തില്ല. നിങ്ങടെ കാര്യം എന്നെ വിളിച്ചറിയിച്ച സുധാകരൻ സാറ് പറഞ്ഞത്, ഇവനെ ഞങ്ങളങ്ങ് കൊണ്ടുപോയാ, അമ്മയെ ആ സാറ് നോക്കിക്കോളാം എന്നാ. സാറ് കൊറച്ചുമുമ്പ് വിളിച്ചപ്പോഴും അത് തന്നെയാ പറഞ്ഞത് . അതാ, ഞാൻ വന്ന് കേറിയപ്പോ മുതലേ സുഭാഷിന്റെ കാര്യം മാത്രം പറഞ്ഞത്. ആ സാറൊരു നല്ല മനുഷ്യനായത് കൊണ്ടല്ലേ അങ്ങേർക്ക് അത്രയെങ്കിലും തോന്നിയത്”.

“ഈ കുഞ്ഞിനെ പ്രാന്താന്നും പറഞ്ഞ് എവിടെങ്കിലും കൊണ്ടുപോയി കളഞ്ഞാ എന്റെ മൂത്ത മോനും എന്നെ നോക്കിക്കോളും. അത് പക്ഷേ, ബാക്കിയുളളയീ തുണ്ട്പുരയിടം അവന്റെ പേരിലാക്കാനാ”.

കാപ്പിഗ്ലാസ് കാലി ആയപ്പോഴേ അതെന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിക്കൊണ്ട് കാർത്യായനിയമ്മ അടുപ്പിനടുത്തേയ്ക്ക് നടന്നു. ഞാനപ്പോൾ സുഭാഷിന്റെ അരികിലേയ്ക്ക് കൂടുതൽ ചേർന്നിരുന്ന് ആ ശിരസ്സിൽ മെല്ലെ തലോടി.

ഒടിഞ്ഞു മടങ്ങിയ കയ്യിലും കാലിലും കണ്ട ഉണങ്ങാത്ത മുറിവുകളിൽ ഈച്ച വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.

“അയ്യോ, ഇതെന്താ ഇവന്റെ ഇടത്തെ സൈഡെല്ലാം മുറിഞ്ഞിരിക്കുന്നത്, ഇതീ മരുന്നൊന്നും വച്ചില്ലേ?”.

“എന്ത് ചെയ്യാനാ കുഞ്ഞേ… രാവിലെ വെളിക്കിറങ്ങാനായിട്ട് പോലും എനിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തിരിയണ്ട. അപ്പൊഴിവൻ എഴഞ്ഞെഴഞ്ഞ് ഈ വാതുക്കെ വന്നു കെടന്ന് അലറും. ചെലപ്പം മുറ്റത്തേക്ക് ഉരുണ്ട് വീഴും. ചെയ്യാൻ പാടില്ലാത്തതാണെങ്കിലും എന്റെ കുഞ്ഞിന്റെ കയ്യും കാലും കൂട്ടിക്കെട്ടി ഈ മൂലേലിട്ടേച്ചാ ഞാൻ റേഷൻകടയിലേയ്ക്കും മറ്റുമൊക്കെ ഒന്ന് പോകുന്നത്. ഇടയ്ക്ക് അക്ഷയയിൽ പോയി ഞാൻ ചത്തിട്ടില്ല ഇവിടെ ഒണ്ടേന്ന് സാക്ഷ്യപ്പെടുത്തിയെങ്കി മാത്രമേ വിധവാ പെൻഷൻ പോലും കിട്ടത്തോള്ള്. സർക്കാരുദ്യോഗസ്ഥനായ മോൻ നോക്കുന്നില്ലെങ്കിൽ പരാതിപ്പെട്ടാൽ മാസ മാസം അവന്റെ ശമ്പളത്തീന്ന് കൊറച്ചുപൈസ തരീക്കാനുള്ള വകുപ്പൊക്കെയുണ്ടെന്ന് അക്ഷയേ ചെന്നപ്പോൾ പലരും പറഞ്ഞായിരുന്നു. എങ്ങനെ തോന്നും മോനെ പരാതി കൊടുക്കാൻ. എത്ര ദുഷ്ടനാണെങ്കിലും അവനെയും ഞാൻ പെറ്റതല്ലേ.

എന്നെ ഒരു നിമിഷം കണ്ടില്ലെങ്കി അപ്പഴിവൻ അലറാൻ തൊടങ്ങും. അത് കേൾക്കുമ്പളാ എന്റെ മൂത്ത മോൻ വന്ന് കല്ലും മണ്ണും വാരി ഈ പൊരപ്പുറത്തെറിയുന്നത്. അവനീക്കുഞ്ഞിനെ കണ്ണെടുത്താൽ കണ്ടൂട”

എല്ലിച്ച് വളഞ്ഞ വിരലുകൾ മുകളിലേയ്ക്കുയർത്തി ആ അമ്മ തുടർന്നു.

“അവനെറിഞ്ഞുടച്ചതാ ഈ ഓടെല്ലാം”

പൊട്ടിയ ഓടുകൾക്കിടയിലൂടെ വെളുത്തും കറുത്തും ആകാശം തുറിച്ചു നോക്കുന്നു.

വ്രണത്തിൽ പൊതിഞ്ഞ ഈച്ചയെ ആട്ടിപ്പായിച്ച് സ്വന്തം കണ്ണുനീർ ഉടുത്തിരുന്ന കൈലിയുടെ കോന്തലയിലേയ്ക്ക് തുടച്ച് മകന്റെ അരുകിൽ പറ്റിച്ചേർന്നിരുന്ന്കൊണ്ട് അവർ പറഞ്ഞു;

“മോനെ…ചെലപ്പം കരുതും. ഇവന്റെ കയ്യും കാലും കെട്ടിയിടുന്ന ഈ സാരികൊണ്ട് കഴുത്തുംകൂടെ കെട്ടിവരിഞ്ഞോ, അല്ലെങ്കി കഞ്ഞിക്കാത്തിച്ചിരി വെഷം വല്ലേം കലക്കിക്കൊടുത്തോ എവനെയങ്ങ് കൊന്നിട്ട്, ഞാനുമങ്ങ് ചാകാന്ന്. പക്ഷേ… നടക്കുന്നില്ല. സംസാരിക്കാൻ കഴിയത്തില്ലെങ്കിലും കണ്ണും കവിളും കൊണ്ട് ഇത്തിരി വെട്ടം അക്കാര്യം എവനുമെന്നോട് പറഞ്ഞതാ. അപ്പോഴൊക്കെ, എന്റെ ചങ്ക് പൊട്ടിപ്പോകും. എന്റെ കുഞ്ഞിന് വിശക്കുമ്പോഴും വേദനിക്കുമ്പോഴും ഒക്കെ വേറെ വേറെ ശബ്ദങ്ങളാരിക്കും തൊണ്ടേന്ന് വരുന്നത്. ചോറു വാരി കൊടുക്കുന്ന ഈ കൈകൊണ്ടെങ്ങനെയാ മോനെ വെഷം വാരി കൊടുക്കാനോ എന്റെ കുഞ്ഞിന്റെ കഴുത്ത് പിരിക്കാനോ കഴിയുക”.

എന്റെ കൈവിരലുകൾ ആ അമ്മയുടെ കണ്ണുനീരിനെ കുടിച്ച് തീർത്തു.

“അമ്മേ ജനിച്ചപ്പോഴേ സുഭാഷ് ഇങ്ങനെ തന്നെയായിരുന്നോ?.”

“ഇവന്റെ അച്ഛന് പണ്ട് കാസർകോടൊര് പറങ്കാത്തോട്ടത്തിലായിരുന്നു പണി. ആദ്യം ആദ്യം ഇവന്റെ അച്ഛനും മറ്റുള്ളവരും ഒക്കെ ചേർന്നായിരുന്നു പറങ്കാവേലെല്ലാം മരുന്നടിച്ചിരുന്നത്. പിന്നീട് അത് ഹെലികോപ്റ്ററിൽ ആയി. ഇവനെ വൈറ്റിലായിരുന്ന കൊറച്ചുനാള് ഞാനും അവിടെ പോയി നിന്നാരുന്ന്. പ്രസവത്തിനായാ ഞാൻ തിരിച്ചു വീട്ടിലേയ്ക്ക് വന്നത്. പെറ്റ് വീണ ഇവനെ കണ്ടപ്പോഴേ ഞങ്ങടെ നെഞ്ച് പൊട്ടിപ്പോയി. പിന്നെപ്പിന്നെയാ അറിഞ്ഞത്, കാസർകോട് പറങ്കാവേലൊക്കെ അടിച്ച വെഷമാ ഇതിനൊക്കെ കാരണമെന്ന്. കൊറച്ച് നാള് കെടന്ന് ചൊമച്ചും കൊരച്ചും എവന്റെ അച്ഛനങ്ങ്പോയി. പിന്നെ എല്ലുമുറിയെക്കെടന്ന് പണിയെടുത്തിട്ടാ ഞാൻ, മൂത്തവനെ വല്ല്യ ഉദ്യോഗക്കാരനാക്കിയത്”.

ഇടിമുഴക്കവും കൊള്ളിയാനും മഴയുടെ വരവ് അറിയിച്ചു. സമയം ഏറെ ആയിരിക്കുന്നു. ഞാൻ തറയിൽ നിന്നും എഴുന്നേറ്റ് കാർത്യായനിയമ്മയോട് പറഞ്ഞു;

“അമ്മേ… ഞാൻ പോയിട്ട് നാളെ വരാം”.

പുറത്തേയ്ക്കിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴേ മനസ്സിൽ കരുതി, സുധാകരൻ സാറിന്റെ വാക്കുകൾ ധിക്കരിച്ചിട്ടാണെങ്കിലും ശരി നാളെ ഇവരെ, ഈ ദുരിതത്തിൽ നിന്നും കരകയറ്റണം.

മഴയ്ക്കു മുൻപേ വീടെത്താനായി സ്കൂട്ടറിനടുത്തേയ്ക്ക് തിടുക്കപ്പെട്ട് നടന്നപ്പോഴാണ് പെട്ടെന്ന് മനസ്സ് പിടഞ്ഞത്. ‘രാത്രി, അവർക്ക് ആഹാരത്തിന് വല്ലതും ഉണ്ടാകുമോ?’ അത് ചോദിക്കാനും മറന്നു.

കയ്യിലുള്ള പൈസയ്ക്കനുസരിച്ച് അവർക്ക് കഴിക്കാനുള്ള കുറച്ച് സാധനങ്ങൾ വാങ്ങി വീണ്ടും ആ ദുർഘടമായ വഴിയിലൂടെ വാതിൽക്കലെത്തി “കാർത്യായനിയമ്മേ…” ന്ന് ഉറക്കെ വിളിച്ചു.

വാതുക്കൽ വീണ്ടും പേടിച്ചരണ്ട ആ ദയനീയ മുഖം തെളിഞ്ഞു.

“അമ്മേ, ഇത് ഞാനാ! നേരത്തെ ഇവിടെ വന്നുപോയ ആളെ!”

“മോന്റെ ശബ്ദം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി. എങ്കിലും, ഉള്ളിലെപ്പോഴും പേടിയാ. ചെലപ്പോ… എന്റെ മൂത്തമോൻ കുടിച്ച് ബോധമില്ലാതെ കേറിവന്ന് ഇവനെയെടുത്തിട്ട് ഉപദ്രവിക്കും. അല്ല…മോനെന്തെങ്കിലും മറന്നോ?”.

കയ്യിലിരുന്ന ചെറിയ കവർ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു; “ഇല്ലമ്മേ, ഇത് രാത്രിയിലേക്കുള്ള കുറച്ച് ആഹാരമാ”.

“അയ്യോ, ഇതൊന്നും വേണ്ടാരുന്ന്. ഞാൻ കഞ്ഞി വയ്ക്കാൻ പോകുവാരുന്ന്”

ആ തണുത്ത കൈകളിലേയ്ക്ക് കവർ ബലമായി പിടിപ്പിച്ചു. “സാരമില്ലമ്മേ, ഇത് മേടിച്ചോ. അമ്മയുടെ മോൻ തരുന്നതാണെന്ന് കരുതിയാൽ മതി.”

കാർത്യാനിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ളിൽ നിന്നും സുഭാഷിന്റെ ഒച്ച. അത് പക്ഷേ ഇപ്പോൾ സന്തോഷത്തിന്റെ അലകളായാണ് ചെവിയിൽ പതിഞ്ഞത്.

“അമ്മേ… ഞാൻ നാളെ വരാം. നല്ല മഴ വരുന്നുണ്ട്, അതിനുമുമ്പേ വീടെത്തണം.

“ സൂക്ഷിച്ച് നോക്കി നടക്കണേ മോനെ. പിന്നെ, മോനെ… നിന്നെ ആദ്യം കണ്ടപ്പോ ഞാൻ കരുതി കാലനാണെന്ന്”

ആ മുഖത്തേയ്ക്ക് നോക്കി പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

തിരികെ നടന്ന് റോഡ് എത്താറായപ്പോഴാണ് ഫോൺ ശബ്ദിച്ചത്, ഭാര്യയാണ്.

“അണ്ണനെവിടെയാ…?”

“ഞാൻ കൊറച്ച് ദൂരെയാ”

“വീട്ടിലോട്ടു വരുമ്പോ, രാവിലെ പറഞ്ഞ അരിയും സാധനങ്ങളും വാങ്ങിച്ചു കൊണ്ട് വരണേ. രാത്രിത്തേക്ക് ഒന്നുമില്ല.”

“അയ്യോ… കയ്യിലിരുന്ന പൈസയൊക്കെ തീർന്നു.”

“മറ്റുള്ളവർക്ക് കൊടുക്കേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. എങ്കിലും അവനവന്റെ അടുക്കളയിലെ അത്താഴക്കലത്തിലേയ്ക്കും കൂടൊന്ന് നോക്കുന്നത് നല്ലതാണ്”. അവളുടെ ഫോൺ നിശബ്ദമായി.

ഉറങ്ങാൻ കിടക്കുമ്പോഴും ആ അമ്മയുടെയും മകന്റെയും മുഖമായിരുന്നു മനസ്സുനിറയെ. പുറത്ത് തോരാതെ പെയ്യുന്ന മഴയും ശക്തമായ കാറ്റും ഇടിമിന്നലും. പുരപ്പുറത്തേയ്ക്ക് ചാഞ്ഞു നിൽക്കുന്ന മഹാഗണി മരത്തിന്റെ കായ ഒരെണ്ണം ഓട്ടുംപുറത്തേയ്ക്ക് വീണു. ഒരോട് ചിരിച്ച് കൊണ്ട് ഇരുണ്ട ആകാശത്തെ തുറന്നുകാട്ടി. ഒപ്പം മഴത്തുള്ളികൾ ഉള്ളിലേയ്ക്ക് വീണു. ഭാര്യ എന്റെ മുഖത്തേയ്ക്ക് നോക്കാതെ ഒരു ചെറുപാത്രം കൊണ്ട് വന്ന് നിലത്തുവെച്ചു. മഴത്തുള്ളികൾ പാത്രത്തിന്റെ താളത്തിൽ പാടാൻ തുടങ്ങി. അപ്പോൾ താൻ കാർത്യാനിയമ്മയുടെ വീട്ടിലാണ് ഇരിക്കുന്നതെന്നും, തനിക്ക് ചുറ്റിനുമായി മൺകലങ്ങളും ഗ്ലാസും പരന്ന പാത്രങ്ങളും ഒക്കെ നിരക്കുന്നതായും, പൊട്ടിയ ഓടുകൾക്കിടയിലൂടെ അതിലേയ്ക്കെല്ലാം മഴത്തുള്ളികൾ വിവിധ ശബ്ദങ്ങളിൽ പതിക്കുന്നതായും. ചോർച്ചയില്ലാത്ത ഒരിടത്തേയ്ക്ക് തന്റെ മകനേയും വലിച്ചിഴച്ച് ആ അമ്മ ഒതുങ്ങി ഇരിക്കുന്നതായും തോന്നി.

അസ്വസ്ഥമായ മനസ്സോടെ നേരം വെളുക്കും മുൻപേ തന്നെ വീട്ടിൽ നിന്നുമിറങ്ങി. ലക്ഷ്യം ആ അമ്മയുടേയും മകന്റെയും അരികിലെത്തുക എന്ന് തന്നെയായിരുന്നു. സുധാകരൻ സാറിന്റെ വലിയ ഗേറ്റിനു മുന്നിൽ ആളുകൾ തടിച്ചുകൂടിയിരിക്കുന്നു. അവിടെ നാട്ടിയിരുന്ന കറുപ്പ് കൊടി പോലെ മുന്നിൽ കണ്ടവരുടെ മുഖവും ശരീരവും ആ ദുഃഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാനായി ഗേറ്റ് കടന്ന് അകത്തേയ്ക്ക് നടന്നു. കൂടുതൽ ആളുകൾ വീടിന്റെ പിറകുവശത്താണ്.

“അയ്യോ…” നിലവിളിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിറകിലെ മതിലിന് താഴെ ഉണ്ടായിരുന്ന കാർത്യാനിയമ്മയുടെ വീട് കാണാനില്ല. പകരം നിറയെ കരിങ്കല്ലുകളും മണ്ണും കുന്നുകൂടി കിടക്കുന്നു.

“മോനേ…” കാർത്യാനിയമ്മയുടെ ഒച്ച കാതുകളെ ഉണർത്തി. ഇടിഞ്ഞിറങ്ങിയ മണ്ണിലേയ്ക്ക് താണുപോയ ശിരസ്സുയർത്തി ചുറ്റുപാടും നോക്കി. അതാ… മൺകൂനയ്ക്ക് മുകളിൽ ചോര വാർന്നൊഴുകുന്ന മകനെയും മടിയിൽ കിടത്തിക്കൊണ്ട് ആ അമ്മ.

ആ ചുണ്ടുകൾ വീണ്ടുമനങ്ങി.

“മോനേ…നീ വരും മുമ്പേ… ഞങ്ങളെയങ്ങ് കാലൻ കൊണ്ടുപോയി”

തകർന്ന മനസ്സുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അരികിൽ നിന്നയാൾ മൊബൈലിൽ ആരോടോ ഉറക്കെയിങ്ങനെ വിളിച്ച്പറഞ്ഞത്;

“ടാ… നമ്മടെ അഡ്വക്കേറ്റ് സുധാകരൻ സാറിന്റെ അമ്മേം പ്രാന്തുള്ള ആ അനിയൻ ചെറുക്കനും മതിലിടിഞ്ഞ് വീണ്…..”

നിർമ്മാണമേഖലയിൽ മേസ്തിരിയായി ജോലി ചെയ്യുന്നു. കഥയും കവിതയും എഴുതാറുണ്ട്. "വെളിച്ചപ്പാടിൻ്റെ അമ്മയും മുട്ടനാടിൻ്റെ സൂപ്പും" "കോന്ദ്ര" എന്നീ രണ്ട് കഥാസമാഹാരങ്ങൾ പുറത്തിറക്കി.