മകൾക്ക്

ഇറങ്ങുതിനു മുമ്പ്
വീടൊരു തടവാകുന്നു
കുടുംബം പുലരുവാൻ
പകൽ പരോളിലിറങ്ങാം.

ദുരനുഭവങ്ങളുടെ                                          
രാമഴ തീരുമ്പോൾ
ചൂലുമായി നഗരം
ചുറ്റുന്ന തൂപ്പ് ജോലി.

ആൾകൂട്ടത്തിന്റെ
ഏകാന്തതയിലും  
വരിഞ്ഞു മുറുക്കുന്ന
വാടക വീടോർമ്മകൾ .

പാടുകളുള്ള ശരീരം
പടംപൊഴിക്കാനാവാതെ
ഇഴഞ്ഞു ജീവിക്കാൻ
ഉരഗജന്മമെടുത്തവൾ.

പൊതിച്ചോറിനൊപ്പം
തോൾ സഞ്ചിയിൽ
ബാധ്യതകളുടെ ചരടിട്ട
ഇടപാട് കണക്കുകൾ.

പടിയിറങ്ങിയിട്ടും
സമയമമെത്തും മുമ്പ്
തിരികെ വിളിക്കുന്ന
പഴകിയ വാടകവീട്..

മുറ്റത്തെ അയലിൽ
തൂക്കിയിട്ട തുണികൾ
ഓടാമ്പലിടാൻ മറന്ന
വരാന്തയിലെ വാതിൽ.

വാക്കിന്റെ തേറ്റകൾ                          
കുത്തുന്നരാത്രികൾ
കർക്കിടകമഴയിലും
നോവ് നീറ്റുന്ന പകൽ.

മൃഗങ്ങൾ പതിയിരിക്കുന്ന
കാടിന്റെ ഹരിതഭംഗിയിൽ
ഇരയാക്കപ്പെടുമെന്ന
ഓർമ്മകളുടെ തിരിച്ചറിവ്.

ഓർത്തിരിക്കുമ്പോൾ
പുകഞ്ഞു കത്തുന്നു
പിരിമുറുക്കങ്ങളുടെ
വൈക്കോൽകൂനകൾ.

വിയോജിപ്പുകളുടെ
വെട്ടുകിളികളൊടുക്കിയ                  
മധുര സ്വപ്നങ്ങളുടെ                                      
സൂര്യകാന്തിപ്പാടം.

പദനിഘണ്ടുവിൽ
ഞരമ്പ് മുറിച്ചു ചത്ത
പ്രണയവാക്കുകളുടെ
ആത്മഹത്യകുറിപ്പുകൾ.

ഒപ്പം കൊണ്ടുനടക്കാൻ
പാകമില്ലാത്തൊരു വീട്
കിടപ്പറയിൽ പോലും
ഉറക്കം കെടുത്തുകയാണ്.

വീടുംതടവുമില്ലാതെ
കുഞ്ഞു ചിറകുയർത്തുവാൻ
എന്റെയാകാശവുംസ്വപ്നങ്ങളും
ബലിനൽകുകയാണ് ഞാൻ.

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.