ആ രാത്രി വിതറിയിട്ട ഈറ്റതണ്ടുകൾക്ക് മേലെ കിടന്ന് അരുൺ നന്നായ് ഉറങ്ങി. നടന്ന് ക്ഷീണിച്ച കാലുകളുടെ ആലസ്യവും പുണർന്ന് നിൽക്കുന്ന ശരീര വേദനയും ആകുലതകളും ഉറക്കത്തെ ക്ഷണിച്ചു വരുത്തി. ചുറ്റും ഇരുണ്ട് മൂടിയ വന്യതയക്കുള്ളിൽ ജീവൻ അപഹരിക്കാൻ കരുതിയിരിക്കുന്ന കത്തുന്ന കണ്ണുകളുണ്ടെന്ന ഭീതി അരുണിനുണ്ടായിരുന്നില്ല. ക്ഷീണിതരെങ്കിലും ചുറ്റും തീക്കുണ്ടം എരിച്ച് അപരിചിത ഭാഷയിൽ വർത്തമാനങ്ങൾ പറയുന്ന ആ നാല് മനുഷ്യരിലുള്ള വിശ്വാസം അത്ര മേൽ വലുതായിരുന്നു. അക്രമിച്ച് കൊലപ്പെടുത്തുന്ന ശത്രുക്കളുടെ ശിരസ്സറുത്ത് വീടിനലങ്കാരമാക്കുന്ന ആദി ഗോത്രത്തിൻ്റെ പിൻമുറക്കാർ അത്ര കരുതലോടെ ആ രാത്രിഅരുണിനെ കാത്ത് സൂക്ഷിച്ചു.
അരുൺ ഉണർന്നപ്പഴേക്കും രാത്രി പിടിച്ച ഒരു മൃഗത്തിനെ ചുട്ടെരിക്കുന്ന തിരക്കിലായിരുന്നു പാ ചെയും കുട്ടരും. ചുട്ടെടുത്ത മാംസത്തിൻ്റെ രുചിയിൽ അവർ വീണ്ടും നടപ്പ് തുടങ്ങി.
ഉണർന്നെഴുന്നേറ്റ പകലിനെ തടഞ്ഞ് വലിയ മരങ്ങൾ തൂങ്ങിയാടുന്ന വള്ളികൾക്കിടയിൽ ഊർന്നിറങ്ങുന്ന നീർച്ചാലുകൾ ഒന്ന് കണ്ട് ചെവി കൂർപ്പിച്ച് ഓടി മറയുന്ന ചെറു മൃഗങ്ങൾ, വഴിനീളെ ഒച്ചവെച്ച് ബഹളമുണ്ടാക്കുന്ന കാട്ടു പക്ഷികൾ, മരങ്ങളിൽ ഊയലാടി ഒപ്പം സഞ്ചരിക്കുന്ന കാട്ടുകുരങ്ങുകൾ,
വെട്ടിയുണ്ടാക്കിയ വഴിയിൽ നിന്ന് മാറാൻ മടിക്കുന്ന മലമ്പാമ്പുകൾ, ഒന്നു ചീറ്റി അക്രമിക്കാനൊരുങ്ങി തല താഴ്ത്തി പതിയെ മടങ്ങുന്ന കരടിയും കടുവയും … പരുക്കരായ ആ മനുഷ്യർക്ക് മുന്നിൽ പേടിയോടെ വഴി മാറി കൊടുക്കുന്ന ആനക്കൂട്ടങ്ങൾ എല്ലാമുണ്ട് ചുറ്റിലും. ഭയപ്പെടുത്തിയും സന്തോഷിപ്പിച്ചും ആ വലിയകാട് അവരെ തൻ്റെ ഹൃദയത്തിലേക്ക് കൂട്ടികൊണ്ട് പോയി.
തട്ടിയും തടഞ്ഞും കാട്ടുചോലകളിലെ വെള്ളം കുടിച്ചും കാട്ടുപഴങ്ങൾ കഴിച്ചും കാടിൻ്റെ ഉള്ളറകളിലൂടെ മുകളിലേക്ക് മുകളിലേക്ക് നിശബ്ദരായ അഞ്ച് മനുഷ്യർ നടന്നു. പതിഞ്ഞു പോയ ശ്വാസത്തിൽ അൽപ്പം ഇരിക്കാൻ ഇടം കിട്ടുന്ന ഇടവേളകളിൽ അരുൺ പാചേയോട് ചോദിക്കും, ഇനി എത്ര ദൂരം ?
അതു കേൾക്കുമ്പോൾ മാഞ്ഞ് പോയ ജീവിതത്തിൻ്റെ കഷ്ടതയുടെ കാഴ്ചകൾ തങ്ങിയ പാച്ചെയുടെ മഞ്ഞ നിറമുള്ള കണ്ണുകളിൽ ഒരു വല്ലാത്ത തെളിച്ചം വിരിയും. പിന്നെ അരുണിൻ്റെ മുഖത്ത് കൗതുകത്തോടെ നോക്കിയിരിക്കും. അരുൺ പറയുന്നത് കേട്ട് അവൻ്റെ മുഖത്ത് നോക്കി അങ്ങിനെ ഇരിക്കാൻ പാച്ചെക്ക് ഏറെയിഷ്ടമാണ്.
ഇനി എത്ര ദൂരം? എത്ര നാൾ ?
അരുണിമ ചിരിതൂകി മുന്നിലുണ്ട്. ഈ കഷ്ടതകൾ അവൾക്ക് വേണ്ടിയാണ് ഇതെല്ലാം അറിയുമ്പോൾ അവൾ തന്നെ നെഞ്ചോട് ചേർത്ത് പിടിക്കും,
നനഞ്ഞ കണ്ണുകൾ ചേർത്ത് നെറ്റിയിൽ ഉമ്മ വെയക്കും, തനാക്ക തേച്ച് തുടുത്ത കവൾ ചുണ്ടിലുരുമമും. ഈ യാത്ര, ഈ യാതന അവൾക്ക് വേണ്ടിയാണ് … ആ കൈകൾ പിടിച്ച് ഈ മണ്ണും മലയും കടന്ന് ഹിമശൃംഗങ്ങൾക്ക് അപ്പുറം ദൈവത്തിൻ്റെ നാട്ടിലേക്ക് കൊണ്ടു പോകും.
പകൽ തെളിച്ചം മങ്ങിത്തുടങ്ങി. ഇനി കാട്ടിലൂടെ അധികം പോകാൻ ആവില്ല. ഒരു താഴ്വാരത്തിൽ രാത്രി തങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു വലിയ പാറയുടെ താഴെ കാട്ടിലകൾ വെട്ടി വിരിച്ചു, കാട്ടുവിറകുകൾ കൂട്ടീ തീക്കുണ്ഡമൊരുക്കി കരുതി വെച്ച മാംസം ചുട്ടെടുത്തു.
കാട്ടുകുരങ്ങുകളുടെ വല്ലാത്ത ശബ്ദം. ഒരു ചെറു പാറയുടെ മുകളിൽ എന്തോ ആലോചിച്ചിരുന്ന പാചെ പെട്ടെന്ന് ചാടിയെഴുന്നേറ്റു. കൈയിൽ അമ്പും വില്ലും വാളും എടുത്തു. കൂടെയുള്ളവരോട് എന്തോ പറയും മുമ്പെ. വെടി പൊട്ടി മരക്കൊമ്പുകളിൽ പതുങ്ങിയ കുരങ്ങുകൾ ആർത്തലച്ച് മരക്കൂട്ടങ്ങൾക്കുള്ളിൽ മറഞ്ഞു. കറുത്തിരുണ്ട പാറക്ക് മുകളിൽ പട്ടാളക്കാരുടെ പേടിപ്പെടുത്തുന്ന രൂപങ്ങൾ. ഹൃദയത്തിൽ നിന്ന് പ്രാണൻ ഇറങ്ങി പോകുന്നത് അരുൺ അറിഞ്ഞു.
( തുടരും )