മരണ ഭാഷ്യം

അപ്പോഴേക്കും
അവൾ മരിച്ചിരുന്നു.
വിരലറ്റങ്ങളിൽ നിന്ന്‌
വഴുതി വീഴുന്ന
പ്രാർഥനകളിലൂടെ
ഒരു വീട് 
നടന്നു പോവുന്നു.

കാലം തെറ്റി പൂത്ത
എരിക്കിൻ ചില്ലയുടെ
പകപ്പാണ് നാവിൽ
തുടച്ചു മിനുക്കിയ
തറയിൽ
പണ്ടുണ്ടായിരുന്ന
പാദങ്ങളുടെ നൃത്തചുവടുകൾ.
തോരാനിട്ട തുണികളിൽ
പഴയൊരു 
നിഴൽ വരഞ്ഞ
കൈപ്പാടുകൾ
ഒരു കരച്ചിലിനിരുപുറം
താമസിക്കുന്ന
രണ്ടു പേർ
മുഖം നോക്കുന്ന 
കണ്ണാടിയിൽ
ഒരു കുഴി ഇരുട്ട്
വേര് കൂർപ്പിക്കുന്നു.

മേശ വലിപ്പിനടിയിൽ
ഒറ്റയ്ക്കൊരു കാടാവുന്ന
പടർച്ചകളുണ്ട്.
കിടക്കയിലെ മരുഭൂമിയിൽ
മേഘമേ മേഘമേ
എന്നാർത്തൊരു ദാഹം
അനാഥമാവുന്നു.

അടുക്കുതെറ്റിയ
പുസ്തകകൂട്ടങ്ങളിൽ
ഉപ്പ് മണക്കുന്ന 
കടൽപ്പുറ്റ്
പറക്കുമ്പോൾ 
ചിറകറ്റ് വീണ
പക്ഷികളുടെ ആകാശത്തെ
വെറുതെ നോക്കിനിൽക്കുന്ന
ഉമ്മറത്തൂണുകൾ
കാണാത്ത ദിക്കുകളിൽ
പെയ്യുന്ന ജാലകപ്പടിയിലേയ്ക്ക്
കാലുകൾ 
പിണച്ചു വച്ചു
വഴിയിറമ്പിലേയ്ക്കൊരു
കാത്തിരിപ്പ്
കണ്ണ് നീട്ടുന്നുണ്ട്.

മറന്നു വച്ച ഉടൽ
തിരഞ്ഞു വരുന്ന 
കാറ്റേ
ഞങ്ങളെയിങ്ങനെ
തണുപ്പിക്കുന്നത്‌
എന്തിനാണ്?

 
 

ഒറ്റയ്ക്കൊരാൾ കടൽ വരയ്ക്കുന്നു ആദ്യ കവിതാസമാഹാരം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി സ്വദേശി. കോട്ടയം ദർശന അക്കാദമിയിൽ അദ്ധ്യാപിക. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു.