എനിക്കു നീയാകണം

നീലി, യെനിക്കു നീയാകണം
ചിരിച്ചിലമ്പിൻമണികൾ
ചിതറണം
നീൾമിഴിക്കോണിൽ
മഷിക്കറുപ്പും വേണം
നിലാവ് നവകാവ്യം
എഴുതവേ
കാറ്റ് മൂളും കടംകഥയായ്
മാറണം

ഏഴിലംപാലയിൽ
ഗന്ധമായ് പൂക്കണം
കരിമുടിയഴിഞ്ഞാൽ
കടലലയടിക്കണം
രാവിരുൾക്കട്ടകൾ മഞ്ഞിൽ
നനയവേ
ഒരുപാട്ടുപാടി നിഴലായ്
മറയണം

ഒറ്റയ്ക്ക് വെറ്റിലതെറു-
ത്തിരിക്കുന്നേരം
കരിമ്പനച്ചോട്ടിൽ
പാന്ഥരണയണം
ഭയം ചൂട്ടു മിന്നിക്കു –
മവർതൻ മിഴികളിൽ
ഒരു മാത്രനോക്കി ഉറക്കെ
ചിരിക്കണം
ഒന്നു മുറുക്കുവാൻ ചുണ്ണാമ്പു
ചോദിക്കെ
ഭയന്നു താരങ്ങളും
കൺ പൊത്തി വിളറണം
തീരാത്ത തൃഷ്ണകൾ
താംബൂലമാക്കി മുറുക്കി
ഞാൻ വീഴ്ത്തവേ
പുലരി തുടുക്കണം
വമ്പുകൾ എല്ലും
നഖവുമായ് വീഴണം

ഒരു കാഞ്ഞിരത്തിലു-
മൊരാണിപ്പഴുതിലു-
മൊടുങ്ങാത്ത മൗനമായൊഴുകി
നിറയണം
ആ മൗനപഞ്ജരത്തിൽ
നിന്നുമിതുപോ,ലൊരു
നൂറു ഗാഥയായ്
ഇനിയും പിറക്കണം.

കോട്ടയം ജില്ലയിൽ ഞീഴൂർ വിശ്വഭാരതി ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപിക. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. 'ഹൃദ്യലിപികൾ' പ്രഥമ കവിതാ സമാഹാരം.