അന്നൊരു മാർച്ച് മുപ്പത്തിയൊന്ന്. കൊല്ലം മുഴുവൻ ഉഴുതുമറിച്ചിട്ടു തീരാത്ത ഫയലുകളിൽ ഒറ്റ ദിവസംകൊണ്ടു തീർപ്പുകൽപ്പിക്കുന്ന സാമ്പത്തിക വർഷാവസാനം!
മോട്ടോർത്തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിൽ ഇടപാടില്ലാത്ത മറ്റൊരുദിനം. സ്വന്തമായൊരു എക്സിക്യൂട്ടീവ് ആപ്പീസർ ഇല്ലാതെ ക്വാർട്ടർ ഇയർ കഴിഞ്ഞിട്ടും ഇതുവരെയൊരു തീരുമാനം ആയിട്ടില്ല. എട്ടൊമ്പതു മങ്കമാർക്കിടയിൽ ഏകപുരുഷുവായ ഇൻചാർജ് ജൂനിയർ സൂപ്രണ്ട് രവീന്ദ്രൻസാറാണേൽ കടുംപിടുത്തക്കാരൻ.. തനി ഹിറ്റ്ലർ!
ഉച്ചയൂണിനു രണ്ടുമണിക്കൂർ മുമ്പേ, പതിവുള്ള ചൂടുചായേം സ്പെഷൽ ഉണ്ടമ്പൊരീം ഒറ്റത്തവണ തീർപ്പാക്കി, ഓരോരുത്തരും അവരോരുടെ മേശമേൽ ഉറങ്ങിക്കിടന്ന ജീവനുള്ള ഫയലുകളിലേക്കു തലപൂഴ്ത്തി. വേനൽമഴയ്ക്കൊപ്പമുള്ള കാറ്റത്തു വാഴയൊടിഞ്ഞു വീണതുപോലെ, അപ്രതീക്ഷിതമായൊരു ശബ്ദം കേട്ടു തിരിഞ്ഞുനോക്കുമ്പോൾ, ദേ റസ്റ്റ്റൂമിന്റെ വാതിൽക്കൽ എൽ ഡി ക്ലാർക്ക് മായ പൊത്തോന്നു വീണുകിടക്കുന്നു ! ഒരവസരത്തിനു കാത്തിരുന്നപോലെ, കസേര മറിച്ചിട്ട് ആദ്യം ഓടിച്ചെന്നത് ഗീതയാണ്. വെള്ളം തളിച്ചും, വീശിക്കൊടുത്തും മായ കണ്ണുതുറന്നെങ്കിലും, ഫണീന്ദ്രാശ്ലേഷിത മാക്രിപോലെ അവൾ കണ്ണുതുറിച്ചു പരീക്ഷീണയായ് കിടന്നു. റസ്റ്റ്റൂമിലെ ഡെസ്കിൽ വിശ്രമം കൽപ്പിച്ചുനൽകി എല്ലാവരും സ്വന്തം കസേരയിലേക്കു മടങ്ങി.
പക്ഷേ, ഫയലുകളിലെ ജീവിതങ്ങളൊക്കെ മനസ്സീന്നു കുടിയിറങ്ങിപ്പോയ അവരിൽ ചിലർ മായയുടെ വീഴ്ചയുടെ കാരണങ്ങളിലേക്കുള്ള രഹസ്യാന്വേഷണം തുടങ്ങിയിരുന്നു. ഒരു കണ്ണും കാതും അവൾക്കു കാവലുവെച്ചിട്ടാണ് അവരിൽ ചിലർ അന്യജീവിതങ്ങൾക്കു ചുവപ്പുനാട കെട്ടിയത്.
പറയത്തക്ക രോഗങ്ങളൊന്നും അവൾക്കുള്ളതായി സഹപ്രവർത്തകർക്കാർക്കും അറിവില്ല. “ഇന്നുരാവിലെയും മായേച്ചി പതിവിലേറെ ഉല്ലാസവതിയായിരുന്നെന്നു” , മായയുടെ തൊട്ടടുത്ത കസേരയിലുള്ള ഗീതയുടെ കണ്ണുകൾ മൊഴിനൽകി. “മായേച്ചിയുടെ ഹസ്സ് ഗൾഫിൽനിന്നു ലീവിലെത്തിയിട്ടു രണ്ടുദിവസമേ ആയിട്ടുള്ളല്ലോ” എന്നൊരോർമ്മ അവളുടെ അടിവയറ്റിൽ അഹിതമായൊരു ഇക്കിളി കോരിയിട്ടു. അന്നേരം, അറിയാതെയൊരു നെടുവീർപ്പ് അവളിൽ നിന്നിറങ്ങി ജനാലയിലൂടെ ആകാശത്തേക്കു പറന്നു. ന്യൂഡ് ആഫ്റ്റർഷേവിന്റെ സുഗന്ധമുള്ളൊരു മുഖം മാറിൽ നിന്നും കഴുത്തിലൂടെ പടർന്നു കവിളുകളിൽ ഉരസിയുഴിഞ്ഞു കടന്നുപോയെന്ന് നാസാദ്വാരങ്ങൾ അവളോടു രഹസ്യം പറഞ്ഞു. അവളുടലിൽ ലജ്ജയുടെ ചോപ്പുമന്ദാരങ്ങൾ പൂത്തുലഞ്ഞു !
“രാത്രിയിലെ വൈകിയുറക്കമാണു തലകറക്കത്തിനു ഹേതുവെന്ന്” അല്പസ്വല്പം ഫെമിനിസ്റ്റൊക്കെയായ രജനി സ്വന്തം അനുഭവത്തിലൂടെ വിധിപറഞ്ഞു. വിധിന്യായത്തിൽ അവളിങ്ങനെ കുറിച്ചിട്ടു. “ദുബായിൽ നിന്നു ചേട്ടൻ ലീവിലെത്തുമ്പോൾ ആദ്യ കുറച്ചുനാളുകൾ തനിക്കും ഇതേപോലെ ക്ഷീണം തോന്നിയിട്ടുണ്ട്. ഓഫിസിലിരുന്ന് ഉറക്കം തൂങ്ങിയപ്പോഴെല്ലാം കളിയാക്കിയിട്ടുണ്ട് മായേച്ചി. പക്ഷേ, ഇതുപോലെ തലകറക്കമൊന്നും ഉണ്ടായിട്ടില്ല! “
കോടതിയുടെ നിരീക്ഷണമെന്നപോലെ, അവസാനഭാഗം വിധിന്യായത്തിൽ നിന്നൊഴിവാക്കി വാക്കാൽ ഇങ്ങനെ സൂചിപ്പിച്ചു. “ജോലിക്കാരായ ഭാര്യമാരുടെ ശാരീരിക പ്രശ്നങ്ങളെന്തെങ്കിലും ആണുങ്ങൾക്കറിയണോ ? അവർക്കുറങ്ങാനുള്ള വെറും ഉറക്കഗുളികയാണവൾ! ”
“ചക്കക്കൂട്ടാൻ കണ്ട പഷ്ണിക്കാരനെ കുറ്റം പറയാനൊക്കില്ല. രണ്ടുവർഷം കൂടി വന്നതല്ലേ! ഇന്നലെയും അയാൾ ഉറക്കിക്കാണില്ല. അതിന്റെയായിരിക്കും..” കഥമെനഞ്ഞു കുഴങ്ങി ഒരുവിധം സംതൃപ്തിയിൽ സജന നിശ്വാസമുതിർത്തു.
അവളുടെ നനുത്ത അധരങ്ങൾക്കിടയിൽ ലജ്ജയിൽ പൊതിഞ്ഞൊരു പുഞ്ചിരി വിടർന്നു. കീഴ്ച്ചുണ്ടിൽ സുഖദമൊരു വേദനയായി അതാഴ്ന്നിറങ്ങി!
വന്ധ്യമേഘത്തിന്റെ വിങ്ങലല്ലേ! അപ്പുറത്ത കസേരയിലെ രാജിയുടെ ചെവി തിന്നുതീർത്തപ്പോഴാണ് ഷേർലിയ്ക്കു സമാധാനമായത് ! കേട്ടതുപാതി രാജി മേശമേൽ തലയറഞ്ഞു ചിരിച്ചു. എന്നും ഭർത്താവൊപ്പമുള്ള രാജിക്കിതൊന്നും പരിചിതമല്ല. മായയും ജൂനിയർ സുപ്രണ്ടുമൊഴികെ, ഷേർലിയിൽ നിന്നു രാജിയും, അവളിൽനിന്ന് അടുത്തയാൾ എന്നരീതിയിൽ, നാരിമാരാറുപേർ ബാറ്റൺ കൈമാറി ഓടിക്കൊണ്ടിരുന്നു. മായയാകട്ടെ റസ്റ്റ്റൂമിലെ സീലിംഗ്ഫാനിന്റെ കാറ്റിനുകീഴെ ഡെസ്കിന്മേൽ പാതിബോധത്തിലും!
തന്ത്രത്തിൽ റസ്റ്റ്റൂമിൽ ചെന്ന ഗീത, മായയുടെ വെളുത്തുതുടുത്ത ശരീരമാകെ സൂക്ഷ്മമായി പരതിനോക്കി. പ്രതീക്ഷിച്ച ഇടങ്ങളിലെവിടെയും പ്രത്യേകിച്ച് പാടുകളൊന്നും കാണാതെ നിരാശയായി, സ്വന്തം സീറ്റിൽ മടങ്ങിയെത്തി. അഡ്വൈസ്മെമ്മോ കാത്തിരുന്നു മുഷിഞ്ഞ ഉദ്യോഗാർത്ഥിയെപ്പോലെ മായയുടെ തലകറക്കത്തിന്റെ കാരണമറിയാഞ്ഞിട്ട് അവൾക്കു ജോലിയിൽ ശ്രദ്ധിക്കാനേ കഴിയാതായി .
വീണ്ടുമൊരിക്കൽക്കൂടി റസ്റ്റ്റൂമിൽ ചെല്ലുമ്പോൾ മായ കണ്ണുതുറന്നു കിടക്കുകയായിരുന്നു. വലതുകൈക്കുള്ളിൽ എണ്ണമെഴുക്കു പുരണ്ടൊരു പത്രക്കടലാസ് കഷ്ണം ഇറുകെപ്പിടിച്ചിരുന്നു.
“ചേച്ചി, ഇപ്പോളെങ്ങനെയുണ്ട്?” ഒരു സ്നേഹാന്വേഷണത്തിലൂടെ ഗീത തല്പരവിഷയത്തിലേക്കുള്ള ചിത്രപ്പൂട്ടു തിരഞ്ഞു തുടങ്ങി. എന്നാൽ, മകളുടെ നമ്പറിലേക്കു വിളിക്കാനേൽപ്പിച്ചു ഗീതയ്ക്കു ഫോൺ നൽകി മായ കണ്ണടച്ചു കിടന്നു. ഉച്ചപ്പടം കാണാൻ കേറിയിട്ടു തുണ്ടില്ലാതെ നിരാശനായ പ്രേക്ഷകനെപ്പോലെ അവൾപറഞ്ഞ ലാസ്റ്റ് ഡയൽഡ് നമ്പറിൽ തൊട്ടു. മറുപടിക്കു കാത്ത കാതിൽ, തുടരെ മൂന്നു വിളികൾ കൊള്ളി മുറിഞ്ഞുവീണു .
കാൾ പോകുന്നില്ലെന്നു പറഞ്ഞപ്പോൾ, അതിനു താഴെയുള്ള നമ്പറിൽ വിളിക്കൂ എന്നായി. “ചേട്ടൻ സ്വിച്ച്ഡ്ഓഫ്.” അതോടെ ഉന്മാദിയെപ്പോലെ മായ ചാടിയെഴുന്നേറ്റു കിതച്ചു. എന്റെ മോൾ… എന്റെ മോൾ… എന്നു പുലമ്പിക്കരഞ്ഞു, വീണ്ടും തളർന്നു വീണു. ഭയന്നുപോയ ഗീത മറ്റാരെയെങ്കിലും വിളിക്കാനായി റസ്റ്റ്റൂമിനു പുറത്തെത്തുമ്പോഴേക്കും, അടുത്ത രംഗത്തഭിനയിക്കാൻ കർട്ടനുപുറകിൽ കാത്തുനിന്ന അഭിനേതാക്കളെപ്പോലെ മൂന്നാലുപേർകൂടി അവിടേക്കെത്തി. പ്രായവും സർവീസും കൊണ്ടു സീനിയറായ മായക്കു ചുറ്റും, ആയുധമില്ലാത്ത പടയാളികളെപ്പോലെ അവരുഴറിനിന്നു . ക്രോണിക് ബാച്ലറായ ഹിറ്റ്ലർ രവീന്ദ്രൻ സാറാകട്ടെ, അറിയാനുള്ള ആകാംക്ഷയടക്കി ജൻഡർ കോംപ്ലക്സിൽ മസിൽപിടിച്ചു.
മകളെയും ഭർത്താവിനെയും വിളിച്ചതും, മോളെ വിളിച്ചു കരഞ്ഞതുമെല്ലാം ആവർത്തിച്ചു പകർന്നാടി, ഗീത രംഗം കൊഴുപ്പിച്ചു. കൂട്ടത്തിൽ പക്വതയേറിയ സുജാത മായയുടെ മുഖത്തേക്കു തണുത്ത വെള്ളം തെറിപ്പിച്ചു. നനഞ്ഞ കൈകൊണ്ടു കവിളിൽ തലോടി തട്ടിവിളിച്ചു. കണ്ണു തുറന്ന മായ ” മോൾ.. എന്റെ മോൾ … ” എന്നുരുവിട്ടു പിന്നെയും തേങ്ങി. കാര്യമറിയാതെ അവരെല്ലാം അമ്പരന്നു നിന്നു. അപ്പോഴാണ് അവളുടെ കയ്യിലുണ്ടായിരുന്ന കടലാസ്തുണ്ട് സുജാതയുടെ കണ്ണിൽത്തടഞ്ഞത്. പതിയെ അതുകൈക്കലാക്കി നിവർത്തിയതും, മായയുടെ ഡിപ്രെഷന്റെ കടുംകെട്ടഴിഞ്ഞു തുടങ്ങി .
ടീടൈമിൽ പലഹാരം പൊതിഞ്ഞു കൊണ്ടുവന്ന പഴയൊരു പേപ്പറിൽക്കണ്ട വാർത്തയിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. “പത്തൊൻപതുകാരി ഗർഭിണിയായി. പ്രവാസിയായ പിതാവ് അറസ്റ്റിൽ.” തലക്കെട്ട് അവളിൽ ഉൽക്കണ്ഠയുടെ ഫണം വിടർത്തിയാടി. താഴോട്ടുള്ള വായനയിൽ അവശേഷിച്ച സമാധാനവും കത്തിയമർന്നു. മറ്റാരും കാണാതെ മാറിനിന്നു വീട്ടിലുള്ള പത്തൊൻപതുകാരി മകളെ വിളിച്ചപ്പോൾ ബെല്ലടിച്ചു നിൽക്കുന്നതല്ലാതെ ആളെക്കിട്ടുന്നില്ല! വാട്സ്ആപ്പിൽ വിളിച്ചിട്ടും കിട്ടുന്നില്ല. ഭർത്താവിന്റെ നമ്പറിൽ മൂന്നാലു തവണ വിളിച്ചു. ഫോൺ സ്വിച്ച്ഡ് ഓഫ്.
“നമ്മുടെ മോളങ്ങു കണ്ടമാനം വളർന്നു പോയല്ലോടീ മായേ?” കോളേജ് ഹോസ്റ്റലിൽ നിന്നും അന്നുരാവിലെ വീട്ടിലെത്തിയ മകളുടെ പോക്കുനോക്കി ഭർത്താവു പറഞ്ഞ കമന്റിൽ ഇപ്പോളവൾക്ക് അരുതായ്കയുടെ വഷളുമണത്തു. അതോടെ ആധിയായി. ഭർത്താവിന്റെ സ്വഭാവവൈകൃതങ്ങൾ ശരിക്കറിയാവുന്ന മായയെ , ഭയമെന്ന പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു. ആതങ്കപാരവശ്യത്തിൽ അപസ്മാരബാധിതയായി അവൾ ബോധമറ്റു നിലംപതിച്ചു .
ക്ഷമയോടെ കാര്യകാരണങ്ങളറിഞ്ഞ സുജാത അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവധാനതയോടെ അവളുടെ അയല്പക്കത്തെ താരച്ചേച്ചിയുടെ നമ്പറിലേക്കു വിളിച്ച്, തന്ത്രത്തിൽ മോളെയൊന്നു വിളിക്കാൻ പറഞ്ഞേൽപ്പിച്ചു. നിമിഷങ്ങൾ തീക്കുണ്ഡത്തിലെന്നപോലെ ഇഴഞ്ഞുനീങ്ങി. ആശ്വാസത്തിന്റെ അമൃതകണം പോലെ അമ്മയെത്തേടി മകളുടെ വിളിയെത്തി. യാത്രക്ഷീണം കാരണം ഫോൺ മ്യൂട്ട് ചെയ്ത് കിടന്നുറങ്ങിപ്പോയെന്നും, അച്ഛൻ വീട്ടിലില്ലെന്നും അറിഞ്ഞതോടെ “ഹോ, പേടിപ്പിച്ചു കളഞ്ഞല്ലോ ചുന്ദരീ ” എന്നു നിരാശയോടെ പറഞ്ഞു മായയുടെ കവിളിൽ കുസൃതിയോടെ ഒരടികൊടുത്തു ഗീത.
“പ്രായപൂർത്തിയായ മകളുള്ള ഒരമ്മയായിരുന്നെങ്കിൽ നീയിതിനപ്പുറമായേനെ” എന്നല്പം കാര്യമായിത്തന്നെ മക്കളില്ലാത്ത ഗീതയെ ഒന്നു ഞോണ്ടി, മായയെ ആശ്വസിപ്പിച്ചു സുജാത ഫയൽക്കൂട്ടിലേക്കു മടങ്ങി.