അരുണിമ – 5

സൈക്കിൾ മുന്നോട്ട് പോകുമ്പോഴും പിന്നിലെ വാകമരച്ചുവട്ടിലായിരുന്നു അരുൺ. ആദ്യാനുരാഗത്താൽ അവൻ ബന്ധിതനായി കഴിഞ്ഞിരുന്നു. ചുവന്ന ഇതളുകൾ കോർത്തിണക്കിയ ഒരു ചങ്ങല പിന്നിലേക്ക് വലിക്കുന്നു. തനിക്കിനിയും ഇണങ്ങാത്ത ഒരു ദേശത്തെ അറിയാത്ത ഒരു പെൺകുട്ടി തൻ്റെ മിഴികളിൽ ഉത്സവം തീർത്തിരിക്കുന്നു.

കുറച്ച് മുന്നിലായി കാട്ടു പുല്ലുകൾ മേഞ്ഞ കടയുടെ മുന്നിൽ ആളുകൾ എന്തോ ചുട്ടെടുക്കുന്നു. കാട്ടുമുളകളിൽ അരിയും മധുരമുള്ള എന്തെക്കേയോ ചേർത്ത് നിറച്ച് ചുട്ടെടുക്കയാണ്. അരുൺ സൈക്കിൾ നിർത്തി ഒരെണ്ണം ഓർഡർ ചെയ്തു. പിന്നിലെ വഴിയിലേക്ക് നോക്കി. തെല്ലകലെ വാകമരചോട്ടിൽ അവൾ. അവൾ വീണ്ടും കൈകൾ വീശുന്നു. അരുണും കൈ വീശി കാണിച്ചു. അവൾ അടുത്തേക്ക് വരികയാണ്. അവൾ നടന്നടുക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു.

ചുട്ടെടുത്ത മുള പൊളിച്ചു അതിലെ മലരും മറ്റും ഒരിലയിലാക്കി കടക്കാരൻ നൽകി. അതെടുത്ത് രുചിച്ചു നോക്കി …. ഹോ …. തേനിൽ കുഴച്ചെടുത്തതുപോലെ.

കണ്ണിലൂറുന്ന പുഞ്ചിരിയുമായി അവൾ അടുത്തെത്തിയിരിക്കുന്നു. തൻ്റെ കൈയിലിരുന്ന കുമ്പിൾ അവനവളുടെ നേരെ നീട്ടീ ഒരു നുള്ള് എടുത്ത് അവൾ വായിലിട്ടു അവൾ കണ്ണുകൾ ഇറുക്കി ചിരിച്ചു.

‘നിങ്ങൾ ഇന്ത്യനല്ലെ ബുദ്ധൻ്റെ നാട്ടുകാരൻ’

മുറിഞ്ഞു വീഴുന്ന ഇംഗ്ലീഷിലുള്ള ചോദ്യം പെട്ടെന്നായിരുന്നു. അരുൺ തല കുലുക്കി.

ഇരാവതിയിലൂടെ ബോട്ടുകൾ തിരക്കിട്ട് വരികയും പോകുകയും ചെയതു. കലങ്ങി മറിഞ്ഞൊഴുകുന്ന ആ നദിക്കരയിൽ എത്ര നേരമായ് അരുൺ അവളോട് ചേർന്നിരിക്കുന്നു. അവൾ അരുണിമ, ഇരാവതിയുടെ തീരത്തെ കുടിലിൽ പിറന്നവൾ. ഇന്ത്യയെ സ്നേഹിക്കുന്നവൾ, ഇന്ത്യയെ സ്വപ്നം കാണുന്നവൾ. നൂറായിരം ചോദ്യങ്ങളുമായി അവൾ അവനോട് ചേർന്നിരുന്നു.

ഋതുക്കൾക്കപ്പുറം പറന്ന് അകന്ന് പോയ രണ്ടാത്മാക്കളുടെ കൂടിച്ചേരൽ പോലെ അവർ ഒന്നിച്ചിരുന്നു. പറഞ്ഞും പറയാതെയും ഒരുപാട് കാര്യങ്ങൾ അവരിലൂടെ ഒഴുകി ഇറങ്ങി. ഇരാവതിയുടെ തണുത്ത കാറ്റിൽ പ്രണയം മധുരമായി അവരെ ചുറ്റി നിന്നു. നനച്ചീറനാക്കി ഒരു ചാറ്റൽ മഴ ഇരാവതിയും കടന്ന് പോയി. തനാക്ക തേച്ച് സുന്ദരമാക്കിയ അവളുടെ മുഖത്ത് വീണ നനുത്ത മഴത്തുള്ളികൾ അരുൺ തൊട്ടു നോക്കി. തന്നെ ചുറ്റി നിന്ന അവളുടെ കൈകൾ അടർത്തിമാറ്റി അരുൺ പിരിയുമ്പോൾ ഇടറി വീണ പോലെ അവളുടെ ചോദ്യം എത്തി.

‘ അരുൺ ഇനി നമ്മൾ കാണുമോ?’

‘ ഞാൻ മടങ്ങി വരും അരുണിമ. എൻ്റെ ലോകം നീയായ് മാറിക്കഴിഞ്ഞു. ഞാൻ വരും. ഹിമശൃoഗങ്ങൾ കടന്ന് നിന്നെ ഞാനെൻ്റെ നാട്ടിലേക്ക് കൊണ്ടുപോകും. ഈ മൊണാസ്ട്രിയുടെ മുന്നിൽ നിന്ന് അരുൺ നിനക്കായ് സത്യം ചെയ്യുന്നു. അരുണിമ ഞാൻ വരും, എനിക്കായ്. കാത്തിരിക്കുക.’
( തുടരും .. )

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.