ശവങ്ങളും പ്രേതങ്ങളും

തണുത്തുറഞ്ഞ ദേഹങ്ങളൊക്കെ 
മൃതദേഹങ്ങളാണെങ്കിൽ 
ആ നൂറ്റിരുപത്തൊന്നാം നമ്പർ 
കെട്ടിടത്തിൽ ശവങ്ങളാണ് 
സൂക്ഷിച്ചിക്കുന്നത്. 
മോർച്ചറി എന്നും വിളിക്കാം. 
ശവങ്ങളെന്നാൽ പ്രേതങ്ങളല്ലേ ? 
ഇടയ്ക്ക് നിശബ്ദതയിൽ കുളത്തില്‍ കല്ല് 
വന്നു വീഴും പോലെ 
എ.സിയുണ്ടാക്കുന്ന മുരൾച്ച കേൾക്കാം. 
ശവങ്ങൾ ചീഞ്ഞു പോകാതിരിക്കാൻ 
തണുപ്പിച്ചു വയ്ക്കുന്നതാവാം. 
പ്രേതങ്ങൾ ശീതികരണി ഉപയോഗിച്ചതാവുമാവാം.
 
പ്രേതങ്ങൾ സ്വതന്ത്രരാണ്. 
അവർക്ക് ധാർമ്മികബാദ്ധ്യതകളില്ല. 
ബന്ധങ്ങളിലെ നൂലാമാലകളില്ല . 
ചുറ്റുമുള്ളവരെ നോക്കി ജീവിക്കേണ്ടതില്ല. 
വസ്ത്രങ്ങളണിയേണ്ടതില്ല. 
ബ്രാൻഡ് നോക്കി കുപ്പായം വാങ്ങി 
മടുത്തവർക്കറിയാം വസ്ത്രങ്ങൾ 
അണിയേണ്ടതിന്റെ പ്രയാസങ്ങൾ ! 
ചില്ലു ജാലകച്ചില്ലിനുള്ളിൽ വെളിച്ചം 
മിന്നുന്നത് കണ്ടവരുണ്ട്. 
എന്നാലൊരു നിഴലു പോലും ചില്ലിനു പിറകിലുണ്ടെന്നാരും കണ്ടിട്ടില്ല. 
ഓരോ ശവപ്പെട്ടി പോലുള്ള മുറിയടച്ച് 
അവരൊക്കെ – 
ആ പ്രേതങ്ങളൊക്കെ, 
നൂറ്റിയിരുപത്തൊന്നാം നമ്പർ കെട്ടിടത്തിനുള്ളിലുണ്ട്. 
ചില നേരങ്ങളിൽ വില കൂടിയ കൊട്ടാരം പോലുള്ള മോട്ടോർ കാറുകൾ 
കെട്ടിടത്തിന്റെ ഒന്നാം നിലയിലെയും, 
രണ്ടാം നിലയിലെയും പാർക്കിങ്ങ് ലോട്ടില്‍ നിന്നൊഴുകി
ഇറങ്ങി പോകുന്നതും കണ്ടവരുണ്ട്. 
കറുത്ത പടലമൊട്ടിച്ച ചില്ലിനുള്ളിലെ പ്രേതങ്ങൾ 
തുറന്നുവെച്ച കണ്ണുകള്‍ക്ക് മുന്നിൽ 
മായയായി തന്നെ കഴിഞ്ഞു, 
പ്രേതങ്ങളെപ്പോലെത്തന്നെ. 
കെട്ടിടത്തിന് കീഴിലെ കുട്ടികൾക്കുള്ള 
കളിസ്ഥലത്തും പ്രേതങ്ങൾ വന്നില്ല.
 
മുകളിലെ ടെറസ്സിൽ നീന്തൽ കുളം 
അലയോ, അനക്കമോ ഇല്ലാതെ 
തെളിഞ്ഞു തെളിഞ്ഞു നീലിച്ചുതന്നെ കിടന്നു. 
തണുത്തുറഞ്ഞ ദേഹങ്ങളൊക്കെ മൃതദേഹങ്ങളാണ്. 
ഓരോ ശവപ്പെട്ടി പോലുള്ള മുറിയടച്ചവരൊക്കെ – 
ആ പ്രേതങ്ങളൊക്കെ.

ഫേസ്‌ബുക്, സൈബർ യുഗത്തിലെ ദേവദാസി എന്നിവയാണ് പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾ. ചെറുകഥക്കുളള ചിന്ത പ്രവാസി സാഹിത്യ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.