കുരുക്കുമരം

ഈ രാത്രികൂടിയേ ഇനി തന്റേതായി ബാക്കിയുള്ളൂ… വല്ലാത്തൊരു നിശ്ശബ്ദത… ആ ഇരുളാർന്ന തളത്തിൽ എവിടെയോ വെള്ളം ഇറ്റിറ്റായി വീഴുന്നതിന്റെ ശബ്ദം മാത്രം കൂട്ട്… ബാല്യ കൗമാര യൗവ്വനങ്ങളിലൂടെ ഒരു ഓർമ്മപ്പാച്ചിൽ… ഒന്നും വ്യക്തമായോർമ്മയിലേയ്‌ക്കെത്തുന്നില്ല…

വേണ്ട, ഒന്നും ഇനി പരതിപ്പരിശോധിക്കുന്നതിൽ അർത്ഥമില്ല…, എല്ലാം അവസാനിക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി…

അല്പനേരം ഉറങ്ങണോ!

വേണ്ട ഇനിയങ്ങോട്ട് മയക്കമല്ലേ… നാളെ പുലരുവോളമെങ്കിലും ഉണർന്നിരിക്കണം… കണ്ണുക്ഷീണക്കുവോളം ലോകം കാണണം… അയാൾ ആ ചുവരിലേയ്ക്ക് തന്നെ നോക്കിയിരുന്നു…

രാത്രി കൊണ്ടുവന്നു വച്ച ഭക്ഷണം അതുപോലെ ഇരിക്കുന്നു… ഒന്നുരണ്ടീച്ചകൾ ആ ഭക്ഷണം സുഭിക്ഷമായി രുചിയോടെ കഴിക്കുന്നു… നിങ്ങൾ തിന്നോളൂ… ഇനിയിപ്പോ കുറച്ചുനേരം കൂടിയല്ലേ ഉള്ളൂ പട്ടിണിക്കും രുചിയുണ്ടെന്ന് ഈ നിമിഷം തിരിച്ചറിയുന്നു. കുറ്റബോധമുണ്ടോ മനസ്സിൽ? കാണും, ബോധം… അത് അവസാനമാണെങ്കിലും കടന്നുവന്നേക്കുമല്ലോ… ഉണ്ടാകും… മോളെന്തെങ്കിലും കഴിച്ചോ ആവോ… ഇണ്ടാവും ഞാൻ ചിന്തിച്ച് എന്താക്കാനാ… നാളേ അങ്ങട് എത്തൂലോ… തന്നേ ചെറുപ്പത്തിൽ കണക്ക് പഠിപ്പിച്ച ദിവാകരൻ മാഷല്ലേ അത്… ‘നീ കണക്കിൽ ശ്രദ്ധിക്കണം’ എന്നെപ്പഴും പറയും… മാഷേ നാളെയാണ് യാത്ര… മാഷ് പറഞ്ഞപോലൊന്നും ആവാൻ പറ്റിയില്ല… ജീവിതത്തിലെ കണക്കൊക്കെ തെറ്റിപ്പോയി, ക്ഷമിക്കണം…

ആ നാല് ചുവരുകൾക്കുള്ളിൽ ഒരു ചിലന്തിവലപോലെ ചിന്തകൾ അയാളെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു…

അതേ ചുവരുകൾക്കപ്പുറത്ത്…

“അച്ഛൻ ഇന്നൊന്നും കഴിക്കില്ലെന്നറിയാം എന്നാലും പൊതിച്ചോർ വച്ചിട്ടുണ്ട്… അത്താഴത്തിന് കഴിക്കണം…” ആ തിണ്ണയിലെത്തി കയ്യിലെ സഞ്ചിയിൽനിന്ന് പൊതിച്ചോറെടുത്തപ്പോൾ മകൾ പറഞ്ഞതോർത്തു…

“സാർ, ഇത് അയാൾക്ക് കൊടുത്തോട്ടെ?…”

“അതിന് നിയമമില്ലല്ലോ ശങ്കരാ… താൻ കഴിച്ചോ വീട്ടീന്ന് കൊണ്ടന്നതല്ലേ… കഴിച്ചിട്ട് നമുക്കാ ലിവറും, കുരുക്കും, കയറുമൊക്കെ ഒന്ന് നോക്കണം… നാളെ പൊലർച്ചയ്ക്ക് ഇനി തപ്പിത്തടയണ്ട…”

അയാൾ ആ പൊതിച്ചോർ മടക്കി സഞ്ചിയിൽ തിരികെ വച്ചു.

പട്ടാമ്പി സ്വദേശി. അബുദാബിയിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ വർക്ക് ചെയ്യുന്നു. നവ മാധ്യമങ്ങളിൽ എഴുതാറുണ്ട്