തുരുമ്പ് കാർന്ന
കെഎസ്ആർടിസിയിലെ
ഇരുമ്പു ജനാലക്കരികിൽ
പാതിയും ദ്രവിച്ച് തീർന്നൊരു
മനുഷ്യക്കോലം.
കൈകളിൽ ഇഴകിച്ചേരുന്നു
ചിതലുകൾ കാർന്നു
പഴക്കമേറിയ മക്കാ ചിത്രം.
കൊല്ലമോരോന്നും
ദുൽഹിജ്ജ പിറന്നാൽ
നാടുകളോരോന്നും
കൈലാസുമുണ്ടെടുത്ത്
ഇജ്ജാത്തു
ത്വവാഫ് ചെയ്യാനിറങ്ങും.
“ങ്ങള്?”
“മക്കത്ത്ക്കാ”
നാല്പതാണ്ട് മുമ്പ്
കപ്പല് കേറിയ
തുണയുടെ അരികിൽ നിന്നും
കെട്ടുകൾ പൊട്ടിച്ചോടുന്ന
ഓർമക്കൂടുകൾ.
മടിക്കുത്തിൽ വീർത്തു
തൂങ്ങിയ ഭാണ്ഡക്കെട്ടിൽ
നനച്ചു പെയ്യുന്നൊരു
കടൽ കാറ്റ്.
കൂടെപൊറുപ്പിച്ച്
കൊല്ലം പതിനഞ്ച് തികഞ്ഞിട്ടും
കുഞ്ഞിക്കാല്
മൂത്തുവീഴാത്തതിലാണ്
മൂപ്പര് മക്കത്ത്ക്ക്
കപ്പല് കേറിയത്.
തലമൂത്ത് നരച്ചിട്ടും
പത്ത്തികഞ്ഞ് പെറ്റ
സാറാബീവിയുടെ
ഉദരങ്ങളിലാണ്
മച്ചിയെന്ന വിളികളെ
കെട്ടിയിറക്കിയത്.
നഷ്ടപ്പെടലിൽ
ചുട്ടു നീറുമ്പോൾ
മണൽ കാട്ടിൽ
പ്രിയങ്ങളെയുപേക്ഷിച്ച
ഇബ്രാഹീമിൽ
ഹൃദയം കൊളുത്തും.
തിരിച്ചുവീശുന്ന
കാറ്റുകൾക്കൊക്കെയും
അജ്‌വ തോപ്പിൻ്റെ
മധുരമുണ്ടെന്ന്
തിമിരം മായ്ച്ച കണ്ണുകൾ
ഇമകൾ വിടർത്തും.
ദുൽഹിജ്ജ പത്ത് തെളിയും നേരം,
“ഓരജ്ജ്
ഖബൂലാക്കണേ”ന്ന്
പെരുന്നാൾ പായയിൽ സുജൂദ് വീഴും.
മണൽതീരത്ത്
ഇബ്രഹീമി ത്യാഗമുണർത്തി
മക്കയിൽ നിന്നൊരു
കാറ്റ് ആഞ്ഞ് വീശും.