നട്ടുച്ച വെയിലത്ത് പൊട്ടിച്ചിരിക്കുന്നു
ഉച്ചക്കിറുക്കുള്ള പെണ്ണൊരുത്തി
കാറ്റിനോടും കളിക്കൂട്ടിനോടും ചെന്ന്
രാക്കിനാപ്പാട്ടിന്റെ ചുരുൾ നിവർത്തി
മുറ്റിവളർന്ന കിനാവിന്റെ തുഞ്ചത്ത്
ഒറ്റയ്ക്കിരിക്കുന്ന കുഞ്ഞുപൂവ്
നൃത്തം ചവിട്ടാൻ ഭയപ്പെട്ടു താഴേ-
ക്കുൾത്തുടിപ്പാലേ പകച്ചു നോക്കേ
നേർത്തൊരു കാറ്റിനാൽ ഞെട്ടറ്റു മണ്ണിലേ-
ക്കെത്രവേഗത്തിൽ പതിച്ചിടുന്നൂ.
കാട്ടാറിനോടു കലമ്പി നിലാവിന്റെ
നേർത്ത രൂപത്തെ ചവിട്ടി മാറ്റി
ഉടയാടയോരോന്നുരിഞ്ഞെറിഞ്ഞൂ പെണ്ണ്
ഉടലാകെ നാണം പൊതിഞ്ഞു കെട്ടി
കനിവാർന്ന രാത്രിയോടൊത്തവൾ ഉയിരിന്റെ
ഉന്മാദ നൃത്തം ചവിട്ടിടുന്നൂ
കനവാർന്ന കൺകളോടവൾ തന്റെയുടലിന്റെ
പുതുഭാവുകത്വം രസിച്ചിടുന്നു
ഇലപെയ്ത പുലർകാലമവളോടു ചോദിപ്പൂ
ഇരുളാർന്നയുടലിന്റെയിഴകീറുവാൻ
ഭയമൊട്ടുമില്ലാതെ മടിതെല്ലുമില്ലാതെ
ഉദരമാശ്ലേഷിച്ചവൾ പറഞ്ഞു
ഇരുളിന്റെ മറവിലായ് തുടകളെ തിരയുന്ന
കഴുവേറിമക്കളേ നിങ്ങള് കേട്ടോ
വലതുകൈക്കുള്ളിലെ കറപിടിച്ചീനിണം
കഴുകുവാനൊരുമാരി തികയുകില്ല
നട്ടുച്ചവെയിലത്ത് പൊട്ടിച്ചിരിച്ചവൾ
നൃത്തം ചവിട്ടാനൊരുമ്പെടുമ്പോൾ
ഉച്ചത്തിലവളോടു ചേര്ന്നുനിൽക്കാനായി
ദിക്കുകളോരോന്നും മത്സരിപ്പൂ.