അടക്കിപ്പിടിച്ച ഉരിയാടലുകൾ

പിടഞ്ഞുവീഴും
വാക്കുകളെ
പിടിച്ചുയർത്തുന്ന
നോട്ടങ്ങൾക്ക്
സന്ധ്യാംബരത്തിൻ
ശാന്തതയെങ്കിലും
യവനനായകന്റെ
കൈക്കരുത്തായിരുന്നു

പോകെപ്പോകെ ,
അടക്കിപ്പിടിച്ച
ഉരിയാടലുകളിൽനിന്നു –
വിടുതൽ തേടുന്ന കാതുകളെ
ശയനമുറിയ്ക്കു
പുറത്തേയ്ക്കു
പറഞ്ഞയയ്ക്കുന്നു

മുറിഞ്ഞു ചോരയൊലിക്കും
മാനസത്തെ
ശാസന ഭയന്ന്
കാൽശറായിയുടെ
കീശയിൽ തിരുകുന്നു

വേനൽമഴ പെയ്തു നിറഞ്ഞ
വെള്ളരിപ്പാടത്തെ ,
കുഞ്ഞുവെള്ളരിക്കകളുടെ
കുത്തുന്ന വീർപ്പുമുട്ടൽ
ദുഃസ്വപ്നമായെത്തുന്നു

നഗരത്തിലൂടെയൊഴുകും
അഴുക്കുചാലിൽ
മൂർത്തമല്ലാത്തൊരു
മുഖബിംബം
ഒളിക്കാഴ്ച്ചയായ്
മിഴികളിലെത്തുന്നു

കിണഞ്ഞു നീന്തുമൊരു
പരൽമീനിൻ തിരയിളക്കത്തിൽ
നിൻ ചുണ്ടുകൾ
പാതി വിടരുന്നതും
അർത്ഥഗർഭമായ് നീ
ചിരിയ്ക്കുന്നതും
പ്രകാശവർഷങ്ങൾക്കിപ്പുറത്തു നിന്നുപോലും
കാണുമാറാകുന്നു !

മലപ്പുറം ജില്ലയിൽ എരമംഗലം എന്ന സ്ഥലത്ത് സ്ഥിരതാമസം. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.