അന്ത്യസംഭാഷണം

കുന്നിൻമുകളിലെ ഒറ്റ വെളിച്ചക്കാലിൽ
തട്ടി മരിച്ച വവ്വാലിനെപ്പോലെ
അവസാനത്തെ സ്വപ്നത്തിലെത്തി മരിക്കാൻ
അയാൾ തയ്യാറെടുപ്പുകൾ നടത്തി

എവറസ്റ്റ് ഒരു അമൂല്യമായ സ്വപ്നമാണ്

ഈ രാത്രിയെങ്കിലും ഉറങ്ങിത്തീർക്കാനുള്ളതല്ല.
നിന്റെ ഈ നശിച്ചയുറക്കമൊന്നു മാറ്റിവെക്കാമോ?

എനിക്കിനിയും എവറസ്റ്റിനെ സ്വപ്നം കാണണം

ഉറക്കത്തിൽ കാണുന്ന സ്വപ്നത്തേക്കാൾ സുന്ദരമാണ്
ഉണർന്നിരിക്കുമ്പോൾ കണ്ണിൽ വരുന്ന കാഴ്ചകൾ

നിന്റെ വാക്കുകൾ മാദകമാണ്.
അവയിൽ സത്യത്തിന്റെ അംശം കുറവാണ്

മാദകതയിൽ സത്യമുണ്ടെന്ന് ആര് പറഞ്ഞു?

ഇന്നലെ കണ്ട സ്വപ്നത്തിൽ
അനുവാദമില്ലാതെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച്
ബലമായി ചുംബിച്ച ചെറുപ്പക്കാരന്റെ മുഖം,
ഒന്ന് വ്യക്തമായിരുന്നെങ്കിൽ!

എനിക്കിനിയും എവറസ്റ്റിനെയാണ് സ്വപ്നം കാണേണ്ടത്

മുഖാമുഖമിരുന്ന്
അവനെന്റെ മൂക്കിലും നെറ്റിയിലും
അളവെടുക്കുന്നതുപോലെ തടവുന്നുണ്ടായിരുന്നു

ഉണ്ടെങ്കിലും ഇല്ലെങ്കിലും
ഒരുപോലെന്നപോലുള്ള പ്രേമത്തെ
ഞാൻ ആരാധിക്കുന്നില്ല.

ഏറ്റവും കുറഞ്ഞത്,
വാൻഗോഗിന്റെ ചെവി പറിച്ചെടുത്ത കാമുകി!

ഉയരമുള്ള ശരീരത്തിനൊട്ടും ചേരാത്ത
നിസ്സഹായതകളും നിർവികാരതകളും
‘ശ്ശേ’ എന്ന് മരവിപ്പിക്കുന്നു.
തണുക്കുന്നു.
ചുരുണ്ടുകൂടുന്നു.