നാല് കവിതകൾ

ബാല്യം

കായലിൽ തലയുയർത്തി നിന്ന
നീർക്കോലിയെ ഉന്നം
പിടിച്ച് ഒറ്റയേറായിരുന്നു.
ഏറു കൊണ്ട നീർക്കോലി
താഴെ വീട്ടിൽചെന്ന്
യാത്ര പറഞ്ഞിട്ട്
കായലിന് മുകളിൽ പൊങ്ങി-
യെന്നോടൊപ്പം വന്നു.!

പ്രണയം

നമ്മൾ
കല്ലുവെച്ച നുണകൾ
പറഞ്ഞിരുന്ന വൈകുന്നേരമാണ്
നീയെന്നെ ഇഷ്ടമല്ലെന്ന്
പറഞ്ഞിറങ്ങിപ്പോയത്.!

വിപ്ലവം

ചീവീടുകളുടെ ഒച്ചയാണ്
കാടിന്റെ നിശബ്ദത.!

ഭൂപടം

ജ്യോഗ്രഫി പരീക്ഷക്ക്
ഞാനൊരു കുഴിയാനയെ
പോക്കറ്റിലിട്ടാണ് പോയത്.
അവസാന ചോദ്യത്തിനുത്തരമായി
കുഴിയാനയെ പേപ്പറിലേക്കിറക്കി വിട്ടു.
നീലഗ്രിപ്പറുകളുള്ള
സെല്ലോ പേന കൊണ്ടതിന്റെ
വഴികൾ വരച്ചു.
വെളുത്ത കടലാസ്സിലൊരു
നീല ഇന്ത്യ..!

നവമാധ്യമങ്ങളിൽ എഴുതുന്നു. മൂന്ന് സമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള സർവകലാശാലയിൽ ജോലി . തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി .