ആവാസം

പ്രചണ്ഡ ഭൂമിയിതെങ്ങനെ?
പ്രകമ്പനത്തിൻ ഫലമാണോ?
പ്രദക്ഷിണത്തിൻ വഴികാട്ടും
പ്രപഞ്ച ശില്പിയതാരാണോ?

കാക്കുക ശാസ്ത്രം വളരട്ടെ
കാലം തരുമുത്തരമൊരുനാൾ
കാര്യം, കാണുമ്പോലല്ല
കാണാനിനിയും പലതുണ്ടേ!

ചാരാചരങ്ങൾ പരസ്പരം
ചാലകശക്തിയിലാണല്ലോ
ചേരുംപടി ചേർന്നെല്ലാമൊന്നായ്
ചാക്രികമായിട്ടൊഴുകുന്നു

ഊർജ്ജമതേകുന്നൂ തപനൻ
ഊറ്റിയെടുക്കുന്നൂ മഹിയും
വൃക്ഷ ലതാദികളൂർജ്ജത്തിൻ
വിതരണമങ്ങു നടത്തുന്നൂ

ആഴക്കടലിൻ ജലമല്ലോ
ആകാശത്തിലെ കരിമേഘം
നീരദമൊന്നു തണുക്കുമ്പോൾ
നീളേ പെരുമഴ പെയ്‌തീടും

അണുതൊട്ടാനവരെക്കാണാം
ആവാസത്തിലെ കണ്ണികളായ്
പലതാം ഭക്ഷ്യശ്രുംഖലകൾ
പാരിൽ കണ്ടു പഠിക്കുക നാം

കൊന്നും തിന്നും തിന്നപ്പെട്ടും
കോടികളിവിടെ പാർക്കുന്നു
ഒന്നൊന്നിനു തുണയാകുന്നൂ
ഒന്നൊന്നിനു വളമാകുന്നു

ജീവിതമണ്ഡല ശ്രേണികളൊന്നായ്
ആവാസത്തിൽ സന്തുലിതം
ഒന്നില്ലാതെ മറ്റൊന്നിവിടെ
നിലനിൽക്കില്ലന്നറിയേണം.

തിരുവനന്തപുരം വെളിയന്നൂർ സ്വദേശി. കേരളാ പോലീസിൽ എസ് ഐ ആയി റിട്ടയർ ചെയ്തു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.