അഭ്യൂഹങ്ങൾ

മഞ്ഞുപാളികളെ വകഞ്ഞു മാറ്റിക്കൊണ്ട് ലോനപ്പൻ മെല്ലെ മഞ്ചാൽ കുന്നിറങ്ങി. മൂടൽമഞ്ഞ് ഇളം കാറ്റിൽ കുട്ടിക്കരണം മറയുമ്പോൾ വാസ്തവത്തിൽ അക്കരെ കുന്നിലെ കുരിശ്ശുപള്ളി ഒരു ഭൂതത്താൻ കെട്ട് പോലെ വിശേഷിപ്പിക്കപ്പെട്ടു.

തോളിലെ മുളയേണി ഇറക്കി വെച്ച് കരിമ്പാറയുടെ അരികിലെ കാഞ്ഞിരക്കാടിനരികിൽ ലോന മൂത്രമൊഴിക്കാനിരുന്നു. തലേന്ന് ആ മൊട്ടക്കുന്നിൽ വലിയ ആഘോഷമായിരുന്നെന്ന് തോന്നുന്നു. വെള്ളത്തിന്റെയും ബിയറിന്റെയും കാലിക്കുപ്പികൾ മരവിച്ച ശവങ്ങളെപ്പോലെ കരിമ്പാറപ്പുറത്ത് അനാഥമായി കിടന്നു. ബീഡിക്കുറ്റികളുടെയും സിഗരറ്റിന്റെയും ചൂര് രാവിലെ പെയ്ത മഴയുടെ ഈർപ്പത്തിൽ തുരുതുരാ മൂക്കിലേക്കടിച്ചുകയറി.

മാദ്യപാനികളുടെയും അനാശാസ്യക്കാരുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ട് ഈയിടെയായി വിജനമായ ഈ പ്രദേശം. സന്ധ്യ കഴിഞ്ഞാൽ സദാ ഒച്ചയും ബഹളവും ഓരിയിടലുകളും. മഗ്‌രിബ് ഇശ നിസ്കാരത്തിനുള്ള വാങ്ക് വിളിയോടൊപ്പം ഈണത്തിൽ കരയുന്ന കുറുക്കപ്പട.

അർദ്ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരാതെ പുറത്തെ എന്തൊക്കെയോ അപശബ്ദങ്ങൾക്ക് കാതോർത്ത് കിടക്കുകയായിരുന്നു ലോന.

ആദ്യത്തെ പൂച്ചയുറക്കം കഴിഞ്ഞപ്പോഴേക്കും ദേഹം വെട്ടിവിയർത്തു. ആകെ ഒരു പരവശത. കള്ള് ലേശം അധികം കുടിക്കുന്ന ദിനങ്ങളിൽ ഈയിടെയായി ഈ വിരസത വല്ലാതെ ഏറുന്നുണ്ട്. വേണ്ടാത്ത വിചാരങ്ങളിലേക്ക് മനസ്സ് കാടു കയറുകയാണ്. നഷ്ടമായ ഉറക്കത്തെ തിരിച്ചുപിടിക്കാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നിത്യേന നേരം വെളുപ്പിക്കും. ഇന്ന് രാവിലെ നാല് പതിമൂന്നിനാണ് ആശ്വാസമായി കുളിർപ്പിക്കുന്ന ഒരു മഴ പെയ്തത്. ഫോണപ്പോൾ മിന്നിച്ച് സമയം തിട്ടപ്പെടുത്തിയിരുന്നു.

കുത്തിയിരുന്നിടത്ത് നിന്നും എഴുന്നേറ്റിട്ടും ലോനയ്ക്ക് മൂത്രശങ്ക മാറിയില്ല. ഇരിക്കുമ്പോൾ ഇടുപ്പിലെ വേദന കലശലായി. കാലുകൾ കഴച്ച് ഇപ്പം പൊട്ടിപ്പോകുമെന്ന് തോന്നും. കുറച്ചുകാലമായിട്ട് ഇങ്ങനെയാണ്. നല്ലോണം ഒഴിക്കാൻ മുട്ടിയാലും കടച്ചിൽ കൂടുന്നതല്ലാതെ ശങ്ക ഒഴിഞ്ഞു മാറില്ല. ഡോക്ടറെ കാര്യമായി കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മഞ്ഞുപാളികൾക്കിടയിലൂടെ നനുത്ത സൂര്യൻ മെല്ലെ തല നീട്ടി. അങ്ങേക്കുന്നിൽ മഴവില്ല് ചിരിച്ചു. അത് പള്ളിയ്ക്ക് കമാനം തീർത്തത് പോലെ മാനത്ത് വിതാനിച്ചു നിന്നു.

മടിയിൽ കിടന്ന ഫോൺ ശബ്ദിച്ചു. പൗലോസ് അച്ചനാണ്.

‘ലോനേ നീ ഇന്നും പറ്റിക്കുമോ … ഞാൻ വേറെ ആളെ നോക്കണോ ഇനി …’

‘വേണ്ടച്ചോ… ഞാൻ വരവായി…ദാ ഇപ്പം എത്തും..’

ലോന ഉറക്കെ വിളിച്ചു പറഞ്ഞു.

പള്ളിക്ക് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു തെങ്ങ് മഴയ്ക്ക് മുമ്പായി വലിച്ചു കെട്ടാനുള്ള കമ്പിയും സാമഗ്രികളും വാങ്ങി വച്ചിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. അച്ചന്റെ പരാതി പേടിച്ച് കഴിഞ്ഞാഴ്ച കുർബാന കൂടാൻ പോയതുമില്ല. വേനൽ കനക്കുന്നത്തോടെ മടി മല പോലെ വളരുന്നു. വിചാരിച്ചിടത്ത് മനസ്സും ശരീരവും നിൽക്കുന്നില്ല.

കയ്യാല കടക്കുമ്പോഴാണ് ദൂരെ മാറി പാറക്കൂട്ടത്തിന്റെ മറവിൽ കാക്കകളുടെ ആർപ്പ് കാതുകളിലേക്ക് ഇരച്ചെത്തിയത്. എന്തോ അവിടെ പന്തികേടുണ്ടെന്ന് ലോന തിട്ടപ്പെടുത്തി. അറച്ചറച്ച് പാറയുടെ അടുത്ത് എത്തിയപ്പോൾ ഈച്ചകളുടെ ആർപ്പ് കൂടി വന്നു. എന്തോ ചത്തതാണ്. അടുത്ത് ചെല്ലാൻ പേടി. വല്ല ശവവും ആണെങ്കിൽ ആദ്യം ആരാ കണ്ടത് എന്നൊക്കെ ചോദ്യമുയരും. എന്നാലും ആകാംക്ഷ പതുക്കെ മുന്നോട്ട് തള്ളി. അതെ ശവം തന്നെ. മുഖമടച്ച് കൊക്കയിലേക്ക് ഞാന്ന് കിടക്കുകയാണ്. നെഞ്ചോന്നാളി. തൊണ്ടയോളമെത്തിയ ഒരു നിലവിളിയെ പെട്ടന്ന് വിഴുങ്ങി.

ഫോൺ വീണ്ടും കരഞ്ഞു. ഫോണിൽ അച്ചന്റെ നിലവിളി :

‘ ഇപ്പം വരുമെന്ന് പറഞ്ഞിട്ട് ഏതു പാതാളത്തിലാ താൻ പോയി കെടക്ക്ന്ന് … നിന്നെക്കൊണ്ട് ഞാൻ തോറ്റു..’

ശക്തിയിൽ കുടിനീരിറക്കി ഒച്ചയെ സാവകാശം വീണ്ടെടുത്തു.

‘അച്ചോ വരുവാ…ദാ ഇവിടൊരു ശവം…’

അച്ചൻ ഫോണിൽ എന്തൊക്കെയോ പിന്നെയും പിറുപിറുത്തെങ്കിലും അതൊന്നും ലോന കേട്ടില്ല. നിക്കണോ നടക്കണോ എന്നറിയാതെ നിമിഷങ്ങളോളം ചേതനയറ്റ് നിന്നു. അച്ചൻ ഇപ്പം വരുമായിരിക്കും. സ്വയം അങ്ങനെ തീർച്ചപ്പെടുത്തി.

ഏണി അടുത്തു കണ്ട മഹാഗണിയിൽ ചാരി വെച്ച് ലോന ശ്വാസം നേരെയാക്കാൻ ശ്രമിച്ചു. അപ്പോൾ വീണ്ടും മൂത്രശങ്ക ഉണ്ടായി.

‘ലോനേ നീയേത് നരകത്തിലാ പോയി ഒളിച്ചിരിക്ക്ന്ന്…’

മരത്തിന്റെ മറവിൽ നിന്നും അച്ചന്റെ ഒച്ച ഘനത്തിൽ പൊങ്ങി. കപ്യാരും പിന്നെയാരൊക്കെയോ കൂടെയുണ്ട്.

‘പുലർച്ചെ തന്നെ പുലിവാലാണല്ലോ ഈശോയെ ഇവനെക്കൊണ്ട്…’

അച്ചൻ ആരോടെന്നില്ലാതെ പുലമ്പി.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പോലീസ് സന്നാഹം എത്തി. ശവം കരക്കെത്തിച്ചു. ഒരു ചെറുപ്പക്കാരനാണ്. ഏകദേശം ഇരുപതിന് കീഴെ പ്രായം. ജീൻസും വലിയ കള്ളിയുള്ള പുതിയ ഫാഷനിൽ ഉള്ള അയഞ്ഞ ഷർട്ടുമാണ് വേഷം. കാട് പോലെ വളർന്ന മുടിയിഴകൾ. മുഖത്ത് ഊശാൻ താടി. എങ്കിലും വശ്യതയാർന്ന മുഖഭാവം. ഒരു കുസൃതിച്ചിരി ഒളിപ്പിച്ചു വച്ച ആ മുഖത്തേക്ക് നോക്കിയാൽ ശവശരീരമാണെന്ന് തോന്നത്തേയില്ല.

എന്നാലും ഏത് മഹാപാപിയാണ് ഈ പാതകം ചെയ്തിട്ടുണ്ടാവുക?

മഹസ്സർ തയ്യാറാക്കി ശവം പോസ്റ്റ്മോർട്ടത്തിനയച്ചപ്പോൾ നേരം ഉച്ചയോട് അടുത്തിരുന്നു.

‘ആരാ ആദ്യം കണ്ടത്..?’

പോലീസ് അച്ചന് നേരെ പുരികമുയർത്തി.

‘ഏതോ വഴി പോക്കനാണ് സാർ… പള്ളിയിൽ ഓടി വന്ന് വിവരം അറിയിക്കുകയായിരുന്നു..’

പേടിച്ചുരുകുന്ന ലോനയുടെ നേരെ അച്ചൻ ളോഹയുടെ മറവിലെ ഇടത്തെ ചെറുവിരൽ കൊണ്ട് ‘താനൊന്നും പേടിക്കേണ്ടെന്ന്’ ഗോഷ്ഠി കാണിച്ചു. വളിച്ച ഒരു ചിരിയിൽ അപ്പോൾ ലോനയുടെ ചുണ്ടിൽ ഈറയൊലിച്ചു.

മയക്കുമരുന്നിന്റെ ലഹരിയിൽ സംഭവിച്ച ഒരു കൈപ്പിഴ! ലഹരിയുടെ മത്തിൽ കാൽ തെന്നി വീണതാവാനാണ് സാധ്യത.

ബോഡി കൊണ്ടു പോയപ്പോൾ സമയം പത്തു കഴിഞ്ഞിരുന്നു.

‘ഇനി ഇന്ന് പണി വേണ്ട.. താൻ നാളേക്കഴിഞ്ഞ് പള്ളിയിലേക്ക് വാ …’

അച്ചൻ ളോഹ മാടിക്കുത്തി മടുപ്പോടെ കുന്ന് കയറാൻ തുടങ്ങി.

അപ്പോഴാണ് ഏറ്റവും പിറകിൽ നടന്ന പോലീസുകാരൻ മരത്തിൽ ചാരി വെച്ച ഏണി കണ്ടത്.

‘ഇതെങ്ങനെ ഈ ഏണി ഇവിടെ വന്നൂ…?’

പോലീസുകാരൻ ഓടിച്ചെന്ന് പോലീസ് വ്യൂഹത്തോട് കാര്യം സൂചിപ്പിച്ചെന്ന് തോന്നുന്നു.

‘ഈ ഏണിയുടെ ഉടമ സ്റ്റേഷൻ വരെ ഉടനെ വരണം… ശവം കൊക്കയിൽ നിന്നും പൊക്കാനാണോ ഈ ഏണി കൊണ്ടു വന്നതെന്ന് അന്വേഷിക്കണമല്ലോ…’

ലോനയുടെ കാലുകളിൽ വിറയൽ പടർന്നു. മൂത്രക്കടച്ചിൽ കലശലായി.

‘സാരമില്ല… താൻ വേഗം ചെല്ല്… കണ്ടത് സത്യം സത്യമായിട്ട് അവരോട് പറഞ്ഞേക്കണം …’

അച്ചൻ ധൈര്യം പകർന്നു. കൂട്ടിന് ഒരാളെ സ്‌കൂട്ടറിൽ അയച്ചു. അപ്പോഴേക്കും ലോനയുടെ കെട്ടിയോൾ എലിസബത്ത് കെട്ടിയോനെ പോലീസ് പിടിച്ചതറിഞ്ഞ് അലറി വിളിച്ച് അവിടേക്ക് ഓടിയെത്തി.

അന്തരീക്ഷം പെട്ടെന്ന് അലങ്കോലപ്പെട്ടു. അഭ്യൂഹങ്ങളും ദുരൂഹതയും തീ പോലെ അടിക്കടി കാറ്റിൽ പടർന്നു.

സോഷ്യൽ മീഡിയ അപ്പോൾ അരിക്കൊമ്പനെയും ആമസോൺ കാടുകളും വിട്ട് ലോനയുടെ പിന്നാലെ പാഞ്ഞു.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുയ്യം സ്വദേശി. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. ഡെപ്യൂട്ടി മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കാറുണ്ട്. ചില പൂച്ചക്കാര്യങ്ങൾ, നമ്മുടെ നല്ലപ്പു എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ശ്രീ മുത്തപ്പൻ' എന്ന സിനിമയ്ക്ക് ഗാനങ്ങൾ രചിച്ചു. ഈ സിനിമയുടെ തിരക്കഥാ സഹായിയായും പ്രവർത്തിച്ചു.