ഭ്രാന്തിനെ വിവർത്തനം ചെയ്യുമ്പോൾ

നഗരത്തിന്റെ മൂലയിലെ
ഓടയ്ക്കരികിലിരുന്ന് കൊട്ട മെടയുന്ന
ബംഗാളി കുടുംബത്തിൻറെ
ഇളയ സന്തതിയിൽ നിന്നും
വഴിതെറ്റിപ്പോയ വിശപ്പ്
അമ്പരചുംബിയായ
സ്റ്റാർ ഹോട്ടലിൽ നിന്നും
മാംസം വെന്ത തീ ഗന്ധത്തെ
ആകാശത്തു വെച്ച് കണ്ടുമുട്ടി

ലോഹ്യം പറഞ്ഞ
തീഗന്ധത്തിൻറെ
ഭാഷ തിരിച്ചറിയാതെ നാണിച്ചു
വഴിതെറ്റിയ വിശപ്പ്
പുക മണത്ത്,
ഓട മണത്ത്
ഓടക്കരികിലെ
പാതിവന്ത കഞ്ഞിയിലും
അടിയിൽ പിടിച്ച
പയറിലും അലിഞ്ഞു,

എത്രയൊക്കെ അറിവുണ്ടായാലും
ഭാഷ അറിയില്ലെങ്കിൽ
പാകമാവില്ലല്ലോ പലതും.

വയനാട് ജില്ലയിലെ നടവയൽ സ്വദേശി. നരിക്കുനി ഗവണ്മെന്റ് സ്കൂളിൽ അധ്യാപകനാണ്. ഉച്ചാരണശാസ്ത്രം, പുരാണപ്രശ്നോത്തരി, തരിശുഭൂമിയിലൂടെ എന്നീ പഠനങ്ങളും, നഗരമധ്യത്തിലെ ഒറ്റമരം, മഴച്ചില്ലുകൾ, ഡിജിറ്റൽ തുമ്പികൾ, ഇളനീർമിഴികൾ, നെറ്റിയിൽ പച്ച കുത്തിയ നഗരങ്ങൾ എന്നീ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.