ഓർമ്മകൾ മണക്കുന്ന ഇടവപ്പെയ്ത്തിൽ,
കനലൂതിചുട്ടെടുക്കുന്ന മരച്ചീനിഓർമകളുടെ
പൊള്ളലിൽ,
മുത്തശ്ശി മണക്കുന്നു.
എരിവിനും പുളിപ്പുനുമിടയിലെ
അച്ചാർമണം
അമ്മമടിയിലേക്ക്
എന്നെ എറിയുന്നു.
തിരക്കുകൾക്കിടയിൽ,
തിരക്കില്ലാത്ത രണ്ടുപേർ
മൊത്തിക്കുടിക്കുന്ന ചായമണത്തിൽ,
അച്ഛന്റെ ഓർമ്മക്കടുപ്പം.
വെള്ളത്തിലൊഴുക്കിയ
കടലാസ് കപ്പൽ,
കൂട്ടുകാരാ,
മഴ നിന്നിലേക്കെത്തിക്കുന്നു.
ഒറ്റമഞ്ചാടിക്കുരുവിൽ
ഒരു സ്നേഹം മരിയ്ക്കുന്നു.
ഓർമ്മകളിൽ തേയാത്ത
നടക്കല്ലുകൾക്കൊടുവിൽ,
എറിയപ്പെട്ടിടത്ത്
ഞാനിന്നും ജീവിച്ചിരിക്കുന്നു.
ചിലപ്പോൾ തീരാത്ത
ഒറ്റവരി പാതയായ് ഓർമ്മകൾ.
മറ്റു ചിലപ്പോഴാകട്ടെ
താങ്ങി നിർത്തലിന്റെ നടക്കല്ലുകളിൽ.