നീയാം പുതുമണ്ണിൻ ഗന്ധംനുകരുവാൻ

ഭ്രാന്തമായലയുവാൻ തുടങ്ങുന്നൊരെൻ ചിത്തം

നിന്റെ പാതകൾ ചെന്നെത്തിയ

തെവിടെയെന്നറിയാതെ.

ബന്ധിതമെന്റെ കൈകാലുകൾ

പിന്നെയാത്മാവും

നിന്റെയോർമ്മകൾ നെയ്തൊരു

നേർത്ത ചരടിനാലെ.

കത്തുന്നകനലുമെൻ കോപത്തിൻ ജ്വാലയും

ചേർത്തൊരുക്കി ഞാൻ നിന്നോർ

മ്മകൾക്കൊരു ചിതയും.

പക്ഷെ, കത്തിയെരിഞ്ഞു

തീർന്നതെന്നാത്മാവും

ശേഷിപ്പതു നിൻ നിർജ്ജീവ സ്മരണകുടീരവും.

ഗ്രഹണം കഴിഞ്ഞു മടങ്ങുന്ന സൂര്യനായ്

വരുമോ നീ വീണ്ടുമെൻ 

ജന്മത്തിൻ വെളിച്ചമേകാൻ. 

രാവോ പകലോ ചേർത്തള

ക്കുവാനാകില്ല എന്റെ 

നിഷ്ഫലമാം കാത്തിരിപ്പിന്റെ ദൈർഘ്യം.

ഒരുതുള്ളി ജലത്തിനായ് കേഴുന്ന 

വേഴാമ്പലിന്നുമുണ്ടോ നീയാകുമാ 

പെരുമഴയത്ത്‌ നനയുവാൻ മോഹം.

നിന്റെ പ്രണയമാം കൊടുങ്കാറ്റി

ലകപ്പെട്ടു ഞാനിന്നു ചെന്നുപതിച്ചൊരു 

ദുഃഖത്തിൻ  ഘോരമാം ഉൾച്ചുഴിയിൽ.

നിന്നെ ഞാൻ കാത്തൊരെന്നാത്മാവിന്നടിത്തട്ടിൽ,

ചെന്നു തലചായ്ച്ചുറ

ങ്ങിയൊടുക്കട്ടെ ഞാനെന്റെ ജന്മം.

വെറുമൊരു ജഡമായി ഭൂമിയ്ക്കടിയിൽ 

കിടക്കുമ്പൊഴെങ്കിലും നുകരുവാനാവുമോ 

നീയാകുമാ പുതുമണ്ണിൻ ഗന്ധം.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്