തെരുവിൽ കൊല ചെയ്യപ്പെട്ടൊരാൾ

വിജനമാം
പെരിങ്ങാടിത്തെരുവ്
നിലാവുള്ള രാത്രി
ഇരുകാൽ മടമ്പുരച്ചും
കൈകൾ കൂട്ടിപ്പിണച്ചും
നടുനിവർന്നുയിർക്കുന്നയാൾ
തുറിക്കും നാവാൽ
തെറിവാക്കുരച്ചും
ജ്വലിക്കും കണ്ണാൽ
കനൽ തെറിപ്പിച്ചും
ചുടലച്ചാമുണ്ഡി പോൽ
കവല ചുറ്റുന്നു.

വാൾതലപ്പിടനെഞ്ചിൽ
ഒഴുക്കിയ ചോരച്ചാൽ..
വളഞ്ഞ കത്തിയാൽ
തുളച്ച പള്ളയിൽ
തൂവിയ ചരൽ മണ്ണ്.
അമ്മേയെന്നൊരു വിളി
മുഴങ്ങുന്നിപ്പോഴും.

ചിതറിയ കളർപ്പെന്നും
മുടിക്ലിപ്പും പൊട്ടും
പെറുക്കിവെക്കുന്നയാൾ.
വഴിയറ്റം കണ്ണും നട്ടു
കാത്തിരിക്കുന്ന മകൾ
നെടുവീർപ്പൊതുക്കുന്നൊരമ്മ.

പാതിരാവിലും
ഉറങ്ങാതെരിയുന്നു
ഒപ്പം ഇറങ്ങിവന്നവൾ..
സ്മൃതി ദിനത്തിൽ പ്രഭാത ഭേരി
വീര മൃത്യു വരിച്ചവൻ
മരിക്കുന്നില്ലപോൽ.
കൊടിതോരണങ്ങൾ.
സ്മൃതി മണ്ഡപം.
ചടങ്ങുകൾ.
കത്തിക്കയറുന്ന
കവല പ്രസംഗങ്ങൾ..
നിലാവുള്ള രാത്രി
വിജനമായിതെരുവോരം
പിടഞ്ഞെഴുന്നേറ്റയാൾ
അരിക്കൊമ്പൻ
കരുത്തോടെ
കൈരണ്ടും കോർത്തിളക്കുന്നു
കൊടിമരം
സ്‌മൃതിമണ്ഡപം..
കരിമ്പിൻകാടു പോൽ
ആടിയുലയുന്ന തെരുവ്.
അവശിഷ്ടങ്ങൾക്കിടയിൽ
അടിയുറച്ചപേരാൽ മരം
നിലം പതിക്കാറായ
ഒറ്റമുറിക്ക് നേരെ
ഇപ്പോഴും ചില്ലകൾ ചൂണ്ടിനില്കുന്നുണ്ട്…

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.