പ്രണയകാരണം

മ്യൂസ്, ഞാൻ നിങ്ങളെ പ്രണയിക്കുന്നു 

വളരെ വിചിത്രമായ ചില കാരണങ്ങൾ കൊണ്ട് 

ചിലപ്പോളൊക്കെ വെറും ഒരുമ്മയ്ക്ക് വേണ്ടി 

ചിലപ്പോൾ നിങ്ങളിൽനിന്നുയർന്നു വരുന്ന

ഒരു പൊടിക്കാറ്റിനോ മണത്തിനോ വേണ്ടി

മ്യൂസ്, ഞാനൊരു നായാടിയായ ജിപ്സിയാണ് 

കലയെ പറ്റിയോ ശാസ്ത്രത്തെ പറ്റിയോ 

റോമിന്റെ സമ്പത്തിനെ പറ്റിയോ 

എനിക്ക് യാതൊന്നുമറിഞ്ഞുകൂടാ 

എന്റെ കുപ്പായങ്ങൾക്കും തീറ്റ പത്രത്തിനും കുറഞ്ഞത് 

കാക്കത്തൊള്ളായിരം തുളകളെങ്കിലും വീണിട്ടുണ്ടാവും

വികൃതമാക്കപ്പെട്ട ചില സ്വപ്നങ്ങളാണ് മ്യൂസ് എനിക്കാകെ  ഉള്ളത് 

മിക്കപ്പോഴും അനുവാദം പോലും ചോദിക്കാതെ നിങ്ങളവയിലേക്ക് കടന്നുവരും 

എന്നിട്ട്, കബനിയുടെ തീരത്തെ ഗർഭിണികളായ കരിമരുതുകൾക്ക് താഴെ 

തുണിയുരിഞ്ഞു മലർന്നു കിടക്കും

മ്യൂസ്, നിങ്ങളുടെ തുടുത്ത മുലകൾക്കും വിളർത്ത അടിവയറിനും 

മിനുത്ത  തുടകൾക്കും മുൻപിൽ 

തല നിറച്ചു തോക്കുകളും നിലവിളികളും ഉള്ള ഞാൻ 

മുട്ടുകുത്തി നിന്ന് കരയാൻ  തുടങ്ങും

ഒരിക്കലെങ്കിലും എന്നെ ഒന്നമർത്തി കെട്ടിപ്പിടിക്കാൻ 

ചുട്ടുപൊള്ളുന്ന എൻറെ നെറുകയിൽ  ഒരുമ്മ വെക്കാൻ

വരണ്ടു പൊട്ടിയ ചുണ്ടുകൾക്കിടയിലേക്ക്  മുലഞെട്ടുകളാഴ്ത്താൻ 

മ്യൂസ് ഞാൻ നിങ്ങളോട് കെഞ്ചും

പക്ഷെ, മ്യൂസ്, നിങ്ങളെന്നെ തൊടാനായുമ്പോഴേക്ക് 

എന്റെ തല പൊട്ടിത്തെറിക്കും 

ആയിരക്കണക്കിന് ആളുകളും തോക്കുകളും അലർച്ചകളും പരന്നൊഴുകും

അവരിൽ കണ്ണില്ലാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി 

നിങ്ങൾ  നിങ്ങളുടെ നക്ഷത്രക്കണ്ണുകൾ മാന്തിയെടുക്കും

നിങ്ങളുടെ മുടിയിഴകൾ കൊണ്ടവരെ കവണകളുണ്ടാക്കാൻ പഠിപ്പിക്കും       

നാക്ക് പിഴുതെടുത്തു മുറിച്ചെടുത്ത 

അവരുടെ നാക്കിനോട് തുന്നിപ്പിടിപ്പിക്കും

കനഷ്‌ക്കോവിന്റെ ലിംഗം നിങ്ങളുടെ തുടകൾക്കിടയിലേക്ക് കയറിയിറങ്ങുമ്പോളും 

പെല്ലറ്റുകൾ മുലകൾക്കു മുകളിൽ നക്ഷത്രങ്ങൾ  വരയ്ക്കുമ്പോഴും 

മ്യൂസ് നിങ്ങൾ പുഞ്ചിരിക്കുകയാവും

സഹിക്കാനാവാതെ ഞാൻ എന്റെ കണ്ണുകൾ ഇറുക്കി അടക്കും 

കരിമരുതുകളുടെ വയറുപൊട്ടി 

വെള്ളം ചീറ്റി ഒഴുകും 

നനഞ്ഞൊട്ടിക്കൊണ്ട് ഞാൻ കണ്ണുതുറക്കും 

മഞ്ഞുവീണ താഴ്വരയിലൊന്നിൽ മരിച്ചു കിടക്കുന്ന 

നിങ്ങൾക്ക് വേണ്ടി പുലരുവോളം പ്രാർത്ഥിക്കും

മ്യൂസ്, ഞാൻ നിങ്ങളെ പ്രണയിക്കുന്നു 

വളരെ വിചിത്രമായ ചില കാരണങ്ങൾ കൊണ്ട്.

ജർമനിയിലെ ഹെൻട്രിച്ച് ഹെയ്‌ൻ യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര ഗവേഷക വിദ്യാർത്ഥിനി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയനാട് സ്വദേശി.