സ്വപ്ന സഞ്ചാരി

ഇരുട്ടിന്റെ ജാലകങ്ങൾ തുറന്നു
നീ വരുന്നതും കാത്തിരുന്നിട്ട്
യുഗങ്ങൾ ഏറെയായെന്നാകിലും
എന്നാത്മാവിലൊരു സ്പന്ദനമായ്
നീയെൻ ചാരത്തുണ്ടെന്ന്
ആശ്വസിക്കുവാനാണ് എനിക്കിഷ്ടം.

സ്വപ്ന സഞ്ചാരിയായ നീയെൻ
സ്വപ്നങ്ങൾക്ക് കാവലിരിക്കുമ്പോൾ
അത്രമേൽ പ്രിയപ്പെട്ടതൊന്നും
മണ്മറഞ്ഞു പോകാതെയീ ഭൂവിൽ
ചുറ്റിതിരിഞ്ഞു കൊണ്ടേയിരിക്കുമെന്ന്‌
വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.

ജീവിത നൗകയിൽ തുഴയുമ്പോഴും
ജീവന്റെ തുടിപ്പുകളുടെ സ്പന്ദനം
അണയാതെ ജ്വലിച്ചീടുവാൻ
പകർന്നു നൽകുന്ന കരുത്തിന്റെ
വ്യാപ്തിയും നിന്റേതാണെന്ന്
കരുതുവാനാണ് എനിക്കിഷ്ടം.

നിശയുടെ അന്ത്യയാമത്തിൽ
നിശാഗന്ധി പൂക്കളുടെ ഗന്ധം
നിദ്രയിലും തഴുകിയെത്തുമ്പോൾ
നിൻസാമീപ്യം എന്നരികിലായൊരു
സത്വമായ് ചേർന്ന് നിൽക്കുന്നുവെന്ന്
സങ്കല്പിക്കുവാനാണ് എനിക്കിഷ്ടം.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സ്വദേശിയാണ്. കവിതകൾ, കഥകൾ, നോവൽ , ലേഖനങ്ങൾ എന്നിവ എഴുതുന്നു. 3 കവിതാസമാഹാരങ്ങൾ (സ്‌മൃതിപഥങ്ങൾ, ഋതുഭേദങ്ങൾ, ജനിമൃതികൾ ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലാമത്തെ കവിതാസമാഹരമായ ‘ റഡീമർ ’ പ്രഥമ കഥാസമാഹരമായ ‘ ഡ്രാക്കുളയുടെ പ്രേതം’ ആദ്യ നോവലായ ‘അവസാനത്തെ അദ്ധ്യായം’ എന്നിവ പ്രസിദ്ധീകരണ ഘട്ടത്തിലാണ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടിട്ടുണ്ട്.