പണ്ടൊരു കളിക്കൂട്ടുകാരൻ,
കളിവള്ളമുണ്ടാക്കാനും
മാവിൻ തുമ്പത്തൂഞ്ഞാലാടാനും
കാടുകയറാനും,
കണ്ണോക്കിന് കല്ലെറിയാനും
കൂടെയുണ്ടായവൻ
മഴയും നിലാവും എത്തിനോക്കാത്ത
പാതിരാ നേരത്ത്
പുഴ കടന്നു പോയി.
കൂട്ടുകാരനെ മറക്കുകയും
കാമുകനെ നേടുകയും
ചെയ്ത കാലം.
സ്വപ്നങ്ങളത്രയും
രാകി മിനുക്കി
വീടു പണിത്
വീട്ടുകാരിയും വീട്ടുകാരനും
ചമഞ്ഞു ഞങ്ങൾ.
കാക്കതൊള്ളായിരം
പെൺകുഞ്ഞുങ്ങളെ
പെറ്റു വളർത്തി.
കൂടും കൂട്ടിരിപ്പും
മടുത്തുതുടങ്ങിയ നേരം
സ്നേഹത്തിന്റെ നിലാക്കീറുകളത്രയും
പെറുക്കിയെടുത്ത്
അവനും യാത്രക്കിറങ്ങി.
കടൽക്കരയിൽ വച്ച്
കണ്ടുമുട്ടിയ മൂന്നാമനെ
കൂട്ടുകാരനെന്നോ
കാമുകനെന്നോ
വിളിച്ചില്ല.
പുഴ കടക്കാനും
കൂട്ടിരിപ്പ് അവസാനിപ്പിക്കാനും
കഴിയാത്ത വിധം
ഞങ്ങൾ പ്രണയിച്ചുമില്ല.
മഴയുള്ള രാത്രികളിൽ
ജീവിതം തുഴഞ്ഞു
പോയൊരുവളെയോർത്ത്
അവൻ പ്രാണസഖി പാടി,
പുഴ കടന്നു പോയവനെയോർത്ത്
ഞാൻ സ്വപനങ്ങൾ നെയ്തു.
പണ്ടെക്കു പണ്ടെ
പിരിഞ്ഞവരെന്നതിനാൽ
പുഴ കടക്കാനോ,
നിലാവറുക്കാനോ
ഞങ്ങൾക്കു കഴിഞ്ഞതുമില്ല.