ആകയാൽ സാക്ഷ്യപ്പെടുത്തുന്നു

വെളിപ്പെടാത്ത കവിയിടങ്ങൾ 

അതിന്റെ 

നഗരനിർമ്മിതിയുടെ ചതുരതയാൽ  

നിങ്ങളെ കുഴപ്പിച്ചേക്കാം. 

പാതിയടഞ്ഞ, 

അഥവാ പാതിതുറന്ന 

ഒരു വാതിലിന്റെ 

അനന്ത സാദ്ധ്യതകളെന്നപോലെ

സങ്കീർണമാണത്. 

അവളുടെ/ അവന്റെ പ്രണയം 

ഒരേസമയം 

വൃന്ദാവനമോ, 

സ്മൃതികുടീരമോ, 

ഏദൻ തോട്ടമോ ആകാം. 

എന്നാൽ, 

അതൊരു ധർമ്മവിഹാരം മാത്രവുമാകാം. 

അവളുടെ/ അവന്റെ 

പ്രാക്കൂട്ടത്തിന്റെ വായ്ത്താരികൾ, 

ഏതോ പ്രാർത്ഥനാമന്ത്രമെന്നു തോന്നും.  

സമാധാനത്തിലേക്കു കുറുകുന്ന

ശരണമുഴക്കങ്ങളുടെ പ്രകമ്പനമാണത്.

അവ(ളുടെ)ന്റെ, 

നിറയെ മഞ്ഞച്ച, തീമരങ്ങൾ, 

വെയിലു പൂത്ത 

പൂമരച്ചോലയെന്നു തോന്നും. 

എന്നാൽ, 

പെരുമയുടെ പാഴിടങ്ങളിലേക്കുള്ള  

ചെന്തീപ്പടർത്തുകളാണവ.  

ഒരു നിമിഷം-

ലഹരി നനച്ചിട്ട 

പകലിൻറെ പുഴയിറമ്പിലേക്ക്

കുതിർന്നടർന്ന,  

അതിപുരാതനതയുടെ 

പുതുക്കമോ എന്ന് 

ചകിതരായേക്കാം. 

പുലരി വാരിയടുക്കിയ 

മിന്നലിൻറെ ചില്ലുചീളുകൾ  

ചിതറിയതാവാമത്

ഒന്നും പിടികിട്ടുകയേയില്ല. 

അല്ലെങ്കിലും 

അവളെ/ അവനെ 

നിങ്ങൾ തിരിച്ചറിയുന്നെങ്കിൽ,    

ശവസ്തലികൾ ബഹിഷ്കരിച്ച 

ഒരു കഴുകൻകുഞ്ഞ് 

എന്നുതന്നെയാവണം  

ലോകത്തെ, 

പിൻകളഞ്ഞവരുടെ 

പുതുലിപി, എന്നുമാവാം. 

മാധ്യമ പ്രവർത്തകയും നിയമവിദഗ്ദ്ധയുമായി പ്രവർത്തിക്കുന്നു. നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സേവ്യർ പുൽപ്പാട്ടിന്റെയും ലീലാമ്മയുടെയും മകളാണ്. യു സി കോളേജിൽ നിന്ന് മലയാളത്തിലും കുസാറ്റിൽ നിന്ന് നിയമത്തിലും ബിരുദം നേടി. ഹ്യൂമൻ റിസോഴ്സസ് മാനേജ്‌മെൻറിൽ ബിരുദാനന്തര ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.