ഒരിലപോലും പൊഴിയാനില്ലാത്ത
ഒറ്റ മരം പോലെ
മധുരമിടാൻ മറന്നുപോയ ചായ
മൊത്തികുടിക്കാൻ പണിപെട്ട്
വെയിലും നിഴലുമില്ലാത്ത ജനലിനരികിൽ
ഞാൻ നിൽക്കുമ്പോൾ
ആരും പെറുക്കിയെടുക്കാനില്ലാതെ
അടർന്നു വീണ രണ്ടു പഴങ്ങളെപോലെ
നാലു കുഞ്ഞിക്കാലുകൾ മുറ്റത്തുണ്ട്.
രണ്ടറ്റങ്ങളിലായിരുന്നുവെങ്കിലും
ഒരുമിച്ചു ചേർത്തിട്ട കട്ടിലുകളിൽ
അബദ്ധത്തിൽ പോലും സ്പർശിക്കാൻ
ഇനിയാരുമില്ലാത്തവണ്ണം
ഉറങ്ങിയും ഉറങ്ങാതെയും
എനിക്കു രാവു നീന്തിക്കടക്കാം.
ഒരുപാട് വെറുപ്പ് ആഞ്ഞു കുത്തികെടുത്തിയ
മഞ്ഞയും കറുപ്പും കള്ളികളുള്ള
ചാരകോപ്പയെ ചവറ്റുകുട്ടയിലിടാം.
സ്വർണ്ണ മത്സ്യങ്ങളെ തടവിലിട്ട
ചില്ലു ഭരണിക്കപ്പുറമിരിക്കുന്ന
ഇളം മഞ്ഞനിറമുള്ള മുദ്രക്കടലാസ്സിനും
പേരു കൊത്തിയ സ്വർണ്ണമോതിരത്തിനും
എനിക്ക് തരാനുള്ള ചിറകുകളിൽ
ഇങ്ങിനെ തുന്നി ചേർക്കുന്നു
ഒഴുമുറിയുടെ ബാക്കിപത്രങ്ങൾ!