കടല കൊറിക്കുമ്പോൾ

കടല വിറ്റൂനടക്കും
ചെറുക്കന്റെ,
കടലുപോലുള്ള
സങ്കടം അറിയവേ,
ഒരു പൊതിക്കടല-
യെങ്കിലും വാങ്ങിച്ച്,
വെറുതെ തിന്നുവാൻ
ചിന്തയിലൊരുൾവിളി.

തിമില താളം
ഇടയ്ക്ക മദ്ദളമതിൽ,
ഉയരുമൊച്ചകൾ
പഞ്ചവാദ്യത്തിന്റെ,
ജതിയിൽ താളം
പിടിക്കുന്നു ചുറ്റിലും,
കടല കടലയെന്നൊ-
രുതാളമവനിലും.

തലയെടുപ്പിനായ്
മാത്സര്യചിന്തയിൽ,
ശിരസ്സുപൊക്കുന്നു
ശ്രീ പത്മനാഭനും,
മംഗലാംകുന്ന്
ഗണപതി തിടമ്പിനായ്,
തുമ്പി പൊക്കുന്നു
ഉച്ചത്തിലമറുന്നു.

കടല വിൽക്കുമാ..
പ്ലാസ്റ്റിക്കുപാത്രത്തിൽ,
നിറയെ വെട്ടം
പരത്തുവാനാകാതെ,
ഉരുകിയുരുകീ-
യൊലിക്കുന്നു മെഴുതിരി,
കടല കടലയെന്നവ-
നാർത്തിടുന്നപോൽ.

ഒരുവശം തളർന്നമ്മ
പുൽപ്പായയിൽ,
അർബുദാധിക്യമ-
ച്ഛനും മറുവശം,
പെങ്ങൾ രണ്ടുണ്ട്
വൈവാഹികത്തിനായ്,
ആ കുടുംബത്തി-
നത്താണിയാണവൻ.

ഒരു തലയ്ക്കലാ-
ചെണ്ടമേളത്തിന്റെ,
ചടുല താളത്തിൽ
മേളം കൊഴുക്കവെ,
ഇടയിലൊരുകൊമ്പ-
നൊന്നൂ മുരണ്ടതും,
പലവഴിക്കായി
ഓടുന്നു പൊതുജനം.

കടല കടലയെ-
ന്നാവോളമൊച്ചയിൽ,
അവനുമലറുന്നു
ഓട്ടത്തിനിടയിലും,
ഒരുപൊതിയെങ്കിലൊരു-
പൊതി, വിൽക്കുകിൽ,
ഒരു മരുന്നിന്റെ
കുപ്പിയതു വാങ്ങിടാം.

ഒരുപൊതിക്കടല
വാങ്ങുവാനായി ഞാൻ,
അൻപതിൻ നോട്ട-
വൻനേർക്ക് നീട്ടവേ,
മിഴികൾ രണ്ടും നിറ-
ഞ്ഞൊഴുകിയെങ്കിലും,
ബാക്കി കാശുമൊരു-
പൊതിയും തരുന്നവൻ.

വേണ്ട ബാക്കി എനി-
ക്കെന്ന്ചൊല്ലി ഞാൻ,
ഔഷധത്തിനായ്
കാത്തിരിപ്പോർക്ക് നീ,
തന്നാൽക്കഴിയുന്ന
സേവനം ചെയ്തിടാൻ,
ചെറിയതെങ്കിലും
ഈ തുക എടുക്കുക.

വേണ്ട വേണ്ടെന്ന്
തലയാട്ടിയാഗ്യത്തിൽ,
ബാക്കി കാശവൻ
കൈകളിൽ ഏൽപ്പിച്ച്,
വീണ്ടുമൂളിയിട്ട-
പ്പൂര നഗരിയിൽ,
കടല കടലയെന്നൊരു
ധ്വനി മുഴക്കവും.

പാലക്കാട് ജില്ലയിൽ കോതകുർശ്ശി സ്വദേശി. പ്രവാസി ആയിരുന്നു. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്