പ്രതീക്ഷ

ഒരു നോട്ടം
ആണ്ടുകിടപ്പുണ്ട്;
വീണ്ടെടുക്കാ-
നാവാത്തവിധം.

ഒരു ചിരി
മറഞ്ഞുകിടപ്പുണ്ട്;
കണ്ടെത്താ-
നാവാത്തവിധം.

ഒരു ശബ്ദം
ചിതറിക്കിടപ്പുണ്ട്;
വേർതിരിച്ചറിയാ-
നാവാത്തവിധം.

എങ്കിലും,
ഒരു പ്രതീക്ഷയാണ്…

ആദ്യാനുഭവത്തോടെ
നഷ്ടപ്പെട്ടുപോയോരോന്നും
ഓരോ വളപ്പൊട്ടുകളെയെങ്കിലും
അവശേഷിപ്പിച്ചിട്ടുണ്ടായിരിക്കുമെന്ന്…

മലപ്പുറം ജില്ലയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്രയിൽ താമസം. ഓൺലൈൻ മാധ്യമങ്ങളിലും മാഗസിനുകളിലും ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജോലി ചെയ്യുന്നു.