‘എലനി’… ഇത് രണ്ട് പെൺകുട്ടികളുടെ കഥയാണ്, ഇന്ത്യയിലും ഗ്രീസിലുമായി നടക്കുന്ന ചില സംഭവങ്ങളാണ് കഥയുടെ പശ്ചാത്തലം എന്നൊക്കെയുള്ള മുൻധാരണകളോടെയാണ് ബിന്ദു പി മേനോൻ എന്ന എഴുത്തുകാരിയുടെ ആദ്യനോവൽ ഞാൻ വായിച്ചു തുടങ്ങുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ബിന്ദു എഴുതുന്ന ഗാനങ്ങളുടേയും, കവിതകളുടേയും സ്ഥിരം ആസ്വാദകൻ കൂടിയായതുകൊണ്ട് ബിന്ദുവിന്റെ ഈ ആദ്യനോവൽ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയുമുണ്ടായിരുന്നു മനസ്സിൽ.
അവതാരികയോ, പുസ്തകത്തിനെക്കുറിച്ചുള്ള എഴുത്തുകാരിയുടെ നീണ്ട ആമുഖമോ ഒന്നുമില്ല…നേരെ കഥ തുടങ്ങുകയാണ്. ഞാൻ വായിച്ചുതുടങ്ങി..
ദുബായിലെ ബുർജ് ഖലീഫയിൽ നിന്നാരംഭിച്ച് തൃശൂര് വഴി ഗ്രീസിലെ മക്രിനീറ്റ്സയിൽ എത്തുമ്പോഴേക്കും ഞാനെന്ന സാധാരണക്കാരനായ വായനക്കാരന്റെ മനസ്സിൽ ശക്തമായുയർന്ന ചോദ്യമിതായിരുന്നു. ഇത് ഒരെഴുത്തുകാരിയുടെ ആദ്യനോവൽ തന്നെയോ? പുതുമ നിറഞ്ഞതും, അത്യന്തം കാലികപ്രസക്തവുമായ കഥാതന്തുവും, ആഖ്യാനരീതിയും. അതോടൊപ്പം മനസ്സിൽ നൊമ്പരപ്പാടുകൾ തീർക്കുന്ന വൈകാരിക നിമിഷങ്ങളുടെ തിരയിളക്കങ്ങൾ… എല്ലാം ചേർന്നൊരു ഗംഭീര വായനാനുഭവം. ഒറ്റയിരുപ്പിൽ ഞാൻ എലനി വായിച്ചുതീർത്തു. വായിച്ചുതീരുന്നതുവരെ പിന്നേക്ക് മാറ്റിവെക്കാൻ പറ്റാത്തവിധം ഞാൻ കഥയുമായി അത്രമാത്രം ബന്ധനസ്ഥനായി എന്നുവേണം പറയാൻ.
തികഞ്ഞ ഒരു കുടുംബപശ്ചാത്തലത്തിൽ ആരംഭിച്ച് നമുക്ക് പരിചിതമായ കാഴ്ചകളിലൂടെയും, കഥാപാത്രങ്ങളിലൂടെയും കഥ പുരോഗമിക്കുമ്പോഴും നോവലിലെ ആദ്യാവസാനക്കാരിയായ ചിത്തു എന്ന ചൈതന്യ ഹരികൃഷ്ണനും, അവളുടെ അച്ഛൻ ഹരികൃഷ്ണനും വേറിട്ടുനിൽക്കുന്നു. സത്യം പറയട്ടെ.. മൂന്ന് പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ വ്യക്തിപരമായി എന്റെ മനസ്സോട് ചേർന്നുനിൽക്കുന്നത് ഹരികൃഷ്ണനാണ്. കഥയിൽ പലയിടത്തും ഞാനെന്നെത്തന്നെ നേർക്കുനേർ കണ്ടു… പലപ്പോഴും ഒരച്ഛനെന്ന നിലയിൽ ഹരികൃഷ്ണൻ എന്നെ വേറിട്ട വഴികളിലൂടെ ചിന്തിപ്പിച്ചു. “മോളേ… നമ്മൾ ചെയ്യേണ്ട കാര്യം ഏറ്റവും ഭംഗിയായി ചെയ്തു കഴിഞ്ഞാൽ പിന്നെയൊരു വെയ്റ്റിംഗ് പീരീഡ് ഉണ്ട്. ആ കാലയളവ് നമുക്ക് നിശ്ചയിക്കാൻ പറ്റില്ല. പക്ഷെ, അത് കഴിഞ്ഞാൽ നമുക്ക് കിട്ടേണ്ടത് കിട്ടിയിരിക്കും. ഏതെങ്കിലും വഴിയിലൂടെ. ഏറ്റവും കൂടുതൽ ക്ഷമ വേണ്ടതും ആ സമയത്താണ്. “ ഹരികൃഷ്ണൻ മകളോട് പറയുന്നൊരു സംഭാഷണശകലമാണിത്. ഞാൻ മനസ്സിൽ കുറിച്ചിട്ടവയിൽ ചിലത്….
ഇന്ത്യയിലും ഗ്രീസിലുമായി നടക്കുന്ന കഥ എന്നൊക്കെ പറഞ്ഞിട്ട് ഇതിൽ ഗ്രീസെവിടെ എന്ന സ്വാഭാവികമായൊരു ചോദ്യം വായനക്കിടയിൽ മനസ്സിൽ ഉയർന്നുവന്നപ്പോഴാണ് ഏഴാമത്തെ അധ്യായത്തിൽ എലനി കല്ലാസ് എന്ന ഗ്രീക്ക് പെൺകുട്ടിയുടെ ‘അപ്പ് എബോവ് ദി സ്കൈ’ എന്ന യൂട്യൂബ് ചാനൽ മുന്നിലേക്ക് കടന്നുവരുന്നത്. പുസ്തകത്തിൽ നിന്നുള്ള രണ്ട് വരികൾ ഇവിടെ കടമെടുക്കട്ടെ… “മാർക്കറ്റിങ് ഗിമ്മിക്സുകളൊന്നുമില്ലാതെ ശബ്ദലോകത്തുനിന്നും തന്റെ നിശബ്ദലോകത്തേക്ക് വ്യൂവേർസിനെ ശാന്തമായി ആനയിക്കുന്ന ഇരുപതു വയസ്സുകാരി. ഭാഷയുടെ അതിർവരമ്പുകളില്ലാതെ അവളുടെ ലോകത്ത് കാണികൾ സ്വച്ഛന്ദം വിഹരിച്ചു.“ അതെ, എലനിയെപ്പോലെ കഥാകാരി വായനക്കാരെ കൊണ്ടുപോകുന്നതും അങ്ങനെയൊരു ലോകത്തേക്കാണ്. രണ്ട് രാജ്യങ്ങളിലെ, രണ്ട് സംസ്കാരങ്ങളിലെ പരസ്പരമറിയാത്ത രണ്ടാത്മാക്കളുടെ മാനസികതലങ്ങളിലേക്ക് സ്വച്ഛന്ദം നമ്മൾ ആനയിക്കപ്പെടുന്നു.
വായനക്കിടയിൽ പലയിടത്തും കഥാകാരി കഥ പെട്ടെന്ന് പറഞ്ഞുപോയോ എന്ന് സംശയംതോന്നി… വാക്കുകളിലൂടെ ബിന്ദു കഥയിൽ വരച്ചിടുന്ന മനോഹരങ്ങളായ ദൃശ്യങ്ങളിൽ നിന്ന് എനിക്ക് സ്വന്തം മനസ്സിനെ തിരിച്ചെടുക്കാൻ തോന്നാതിരുന്നതുകൊണ്ടാവാം അങ്ങനെയൊരു സംശയം ജനിച്ചത്. പുസ്തകത്തിന്റെ ആദ്യപകുതി ലളിതസുന്ദരമായൊരു വായനയാണെങ്കിൽ രണ്ടാം പകുതി പിടിച്ചിരുത്തുന്ന ശക്തമായൊരു വായനാനുഭവമാണ്. അവസാന പേജിലെ അവസാന വാക്കും വായിച്ചുകഴിയുമ്പോൾ നമ്മളിൽ നിറയുന്നൊരു ശൂന്യതയുണ്ട്. മറ്റൊന്നും കടന്നു വരാത്തവിധം ഏറെ നേരത്തേക്ക് എലനി നമ്മുടെ മനസ്സിനെ നിശ്ചലമാക്കുന്നു. ആ ശൂന്യതയിലാണ്, ആ നിശ്ചലതയിലാണ് ബിന്ദു പി മേനോൻ എന്ന എഴുത്തുകാരി തന്റെ കൈയ്യൊപ്പ് വായനക്കാരുടെ മനസ്സിൽ കോറിയിടുന്നത്.
നോവലിലെ ഒരു പ്രധാന കഥാപാത്രമായ മരിയ ഡാവോസ് പറയുന്ന ചില വാക്കുകൾ കൂടെ ഞാനിവിടെ കുറിക്കട്ടെ…“ഭൂമിയിലേക്ക് പിറന്നുവീഴുന്ന ഓരോ ജീവന്റെയും യഥാർത്ഥശക്തി ഊറിക്കൂടുന്നത് വെളിച്ചത്തിലേക്ക് കൺതുറക്കുമ്പോഴല്ല, കിളിമുട്ടയുടെ, ശലഭക്കൂടിന്റെ, ഗർഭാശയങ്ങളുടെ ഇരുളാണ്ട ജലമൗനങ്ങളിലാണ്. ആ ശക്തികൾ ചിറകുവിരിച്ചാകാശം തേടുന്നതെപ്പോൾ എന്നതുമാത്രമാണ് കാത്തിരുന്നു കാണേണ്ട കാഴ്ച. ചില ജീവനുകൾ തനിക്കൊരു ചിറകുണ്ടെന്ന കാര്യം ഒരിക്കലും തിരിച്ചറിയാതെയുമിരിക്കാം.“ ഇവിടെ ഒരു കാര്യം നിസ്സംശയം പറയാം.. ബിന്ദുവിലെ എഴുത്തുകാരി ചിറകുവിരിച്ചാകാശം തേടിത്തുടങ്ങിയിരിക്കുന്നു. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുകൾ ഇനിയുമേറെ ശക്തിയാർജിക്കട്ടെ. ബിന്ദു പി മേനോൻ എന്ന എഴുത്തുകാരിക്ക് സർവഭാവുകങ്ങളും നേരുന്നു.
എലനി(നോവൽ)
ബിന്ദു പി മേനോൻ
ഫെമിന്ഗൊ ബുക്സ്, കോട്ടയം