ആരും ഒന്നും ചോദിക്കുകയില്ല

ഉമ്മവെയ്‌ക്കുമ്പോള്‍

വെളിപ്പെടുത്തൂ നിന്റെ വിലാസം.

നാട്, ഊര്, ജാതി, മതം,

അച്ഛന്‍, അമ്മ, സാമ്പത്തികസ്ഥിതി,

രാഷ്‌ട്രീയ നിലപാട് 

എന്നു പറയുന്നില്ല വെയിലിനോടില,

കാറ്റിനോട്‌ ചില്ല,

മഴ നനവുകളോട്‌ മണ്ണടര്‍.

എന്തിനു വന്നു എന്ന്

എവിടെ തിരിച്ചറിയല്‍ക്കാര്‍ഡെന്നു

ചോദിക്കില്ല

ചേക്കയണയുമ്പോള്‍ കിളിയോട്‌ മരം.

എവിടെപ്പോകുന്നു,

എവിടെ നിന്നു വരുന്നു എന്നു തിരക്കില്ല,

പോക്കുകളും വരവുകളും

വ്യര്‍ഥമെന്നുപദേശിക്കില്ല യാത്രയോടു പാത.

തിരിച്ചുപോകൂ സമമായില്ല

എന്നു മടക്കിയയ്‌ക്കില്ല

എത്രനേരത്തെയായാലും

എത്ര ഇളമയിലായാലും

മുങ്ങുന്നവനെ ആഴം.

വനാന്തരം, ആ നീളന്‍ചൂരല്‍ വടിയില്‍ തളിരും പൂവും, കുറച്ചുകൂടി ഹരിതാഭമായ ഒരിടം, ഹരിതരാമായണം, എന്നീ കവിതാ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രൈമറിസ്‌ക്കൂല്‍ അധ്യാപകനായി ജോലിചെയ്തു. സ്വയം വിരമിച്ച് എഴുത്തിൽ സജീവമായി. ആനുകാലികങ്ങളിയും സമൂഹ മാധ്യമങ്ങളിലും എഴുതുന്നു. കൊയിലാണ്ടി സ്വദേശി.