സ്വപ്നങ്ങളുടെ കരിയിലകൾ

റെയിൽപാളത്തിലിരുന്ന്

കവിതയെഴുതി

ഒരു പെൺകുട്ടി

നിലച്ചുപോയിരിയ്ക്കുന്നു.

അവളുടെ അകകെട്ടിലൂടെ

നൂണ്ടിറങ്ങി ചെല്ലുന്നിടം

എത്ര വിചിത്രമാണ്.

ഭ്രാന്ത് പൂക്കുന്ന

മണം നിറഞ്ഞ താഴ്വരകൾ. 

മുലത്തടത്തിൽ ഊറി വന്ന  

വരികൾ തെറ്റിയ ഒരു കവിത.

നീല ഞരമ്പിന്റെ വേരാഴങ്ങളിൽ

പറ്റിപ്പിടിച്ചിരിയ്ക്കുന്ന

ചുംബനത്തിന്റെ ഒരു മുദ്ര.

ചോർന്നൊലിക്കുന്ന 

ഹൃദയത്തിൽ 

തുരുമ്പിച്ച മഴത്തുള്ളികൾ.

ഓരോ കോരിയെടുക്കലിലും

കരളിന്റെ ഉൾക്കിണറിൽ

നിറഞ്ഞു പതയുന്ന

പ്രണയക്കുമിളകൾ 

നീല ചുരിദാറിൽ.

ധമനികൾക്കിടയിൽ

എന്നോ വെച്ച് മറന്ന

ഉണങ്ങിപ്പോയ 

സ്വപ്നങ്ങളുടെ കരിയിലകൾ.

വാക്കുകളുടെ അഗ്നിപർവ്വതം

കോരിത്തരിപ്പിച്ച സ്വനഗ്രാഹികൾ

ചതഞ്ഞ ഒരു മുളന്തണ്ട് പോലെ.

ഗർഭപാത്രത്തിന്റെ

അകത്താഴ്ചയിൽ 

സ്നേഹത്തിന്റെ വിടവുകൾ

ഓട്ടയുണ്ടാക്കിയിടത്ത്

ഒടുവിൽ ഉറുമ്പുകൾ

ചാലിടാൻ തുടങ്ങിയപ്പോൾ

ഡിപ്രഷൻ എന്നെഴുതി

ഹാൻഡ് വാഷിൽ വിരലുകൾ

മുക്കി ഡോക്ടർ.

ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും എഴുത്തുന്നു. കോഴിക്കോട് സ്വദേശിയായ അധ്യാപിക.