കാലടിയും നെടുമ്പാശ്ശേരിയും

ജാതിക്കോമരങ്ങൾ തൊട്ടുതീണ്ടാത്ത

ജാതിമരക്കാട്.

മതങ്ങൾക്കുമീതേ

ആത്മീയതയുടെ 

തണൽസുഗന്ധം.

സമീക്ഷാശ്രമം.

മാവും പ്ലാവും കദളിവാഴയും

കനിയുന്ന കാട്ടു പൂന്തോപ്പ്.

കാക്കയും കുയിലും

വണ്ണാത്തിക്കിളികളും

കൂകിയുണർത്തുന്ന 

പുഷ്പകാലം.

മൗനത്തിന്റെ ബഹിരാകാശങ്ങളിലേക്ക്

ഒറ്റയ്‌ക്കൊരു തീർത്ഥയാത്ര.

നിശ്ശബ്ദതയുടെ നീലക്കടൽ.

കണ്ണടച്ചപ്പോൾ കണ്ടതൊക്കെയും

തന്നിലേക്കുള്ള തായ്‌വഴികൾ.

‘കാലടി’ ഇവിടെയാണ്.

അകത്തേക്കുള്ള കിളിവാതിൽ.

ഗാഢ മൗനങ്ങളെ കീറിമുറിച്ച്

തലയ്ക്കുമീതേ ജെറ്റ് വിമാനങ്ങൾ.

വിറയ്ക്കുന്ന കെട്ടിടങ്ങൾ.

പറക്കാൻ പേടിച്ച തത്തയും മൈനയും.

മനസ്സിനേറ്റ തീപ്പൊള്ളൽ.

നിബിഡ വനത്തിലെ കാട്ടുതീ.

നെടുമ്പാശ്ശേരിയും ഇവിടെത്തന്നെയാണ്.

പുറത്തേക്കുള്ള പെരുംവാതിൽ.

കാലടിയും

നെടുമ്പാശ്ശേരിയും

ഇത്ര അടുത്താണെന്ന്

ഇപ്പോഴാണറിയുന്നത്.

ദൂരം ദിനംപ്രതി

കുറയുക ആണെന്നും.

അകം കാഴ്ചകൾ, ഒറ്റയിലത്തണൽ, ബുൾഡോസറുകളുടെ വഴി എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. യുഗ് സ്പന്ദൻ ഹിന്ദി മാസികയുടെ മലയാള കവിത വിശേഷാങ്കത്തിൽ പരിഭാഷയായും നിരവധി സമാഹാരങ്ങളിലും കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. അബുദാബി കേരള സോഷ്യൽ സെന്റർ മാനവീയം പുരസ്ക്കാരം, ദോ. കെ. ദാമോദരൻ കവിതാ അവാർഡ്, തരംഗം, ബീം കാവ്യ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ആലപ്പുഴ വള്ളികുന്നം സ്വദേശി.