ഒരു ജ്വരബാധയിൽ നിന്നെന്ന പോലെ അയ്യാത്തൻ ഉയി൪പ്പു തൊട്ടു. അയാളുടെ കണ്ണുകൾ സ്വന്തം മരണം കണ്ടെന്ന പോലെ തുറിച്ചു. അയാളുടെ രോമങ്ങൾ അപ്പോഴും ഉണ൪ന്നെഴുന്നേറ്റു നിൽക്കുകയാണെന്ന് ഇരവി ശ്രദ്ധിച്ചു. കുതിര അപ്പോഴേക്കും പൂ൪ണമായി അപ്രത്യക്ഷമായിരുന്നു. അയാളുടെ ശരീരത്തിന് അപ്പോഴും കുതിരച്ചൂര് ബാക്കി നിന്നു. അയ്യാത്തൻ ആദ്യമായി സംസാരിക്കുന്ന കുഞ്ഞിനെപ്പോലെ വാക്കുകൾ തികട്ടി. അയ്യാത്തൻ കണ്ണുകൾ തുറന്നതു നേരെ ഇരവിയുടെ മുഖത്തേക്കായിരുന്നു.
“ ഹന്ത കുതരൈ, വെറ്ം മിറ്ഗം അല്ലൈ…” അയ്യാത്തൻ വെളിപാടിലെന്ന പോലെ പറഞ്ഞു. അയാളുടെ വാക്കുകൾക്കു മേൽ അമിതമായ അളവിൽ തുപ്പൽ പറ്റിപ്പിടിച്ചിരുന്നു. അതിൽ നുരയും പതയും ഉണ്ടായിരുന്നു. എന്തോ അത്യപൂ൪വ കാഴ്ചപ്പെരുക്കത്തിൽ അയാൾ അപസ്മാരബാധിതനായതു പോലെ ഇരവിക്കു തോന്നി.
“ ഒണ്ണ്മില്ലൈ…ഗുര് തൊണൈ…” ഇരവി അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു. തൊടിയിൽ നിന്ന് അയാളെ എടുത്തു ചായ്പിലേക്കു ചായ്ച്ചു. അയ്യാത്തന്റെ ശരീരത്തിന് ഭാരം വളരെ കൂടിയതു പോലെ തോന്നിച്ചു. ഒറ്റയ്ക്ക് അയാളെ എടുത്തുപൊക്കാൻ സാധിച്ചിരുന്നില്ല. അവസാനം ഇരവി അയാളെ ചായ്പ്പിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു.
“ മേഷ്ട്രരേ..ഞാനൊറ്റയ്ക്ക് എന്ന താങ്ങിക്കൊള്ള്ം…” അയ്യാത്തൻ പറഞ്ഞു. എന്നാൽ അയാൾ അതിനു ദു൪ബലനായിരുന്നു.
“ എന്ന നടന്തത് ഊട്ടപ്പെരിവഴീല്…അന്ത മിറ്ഗം കടിച്ചിട്ടാ…?” ഇരവി തിരക്കി.
“ ഇല്ലൈ…” കഴിഞ്ഞതെല്ലാം ഓ൪ക്കാൻ ശ്രമിച്ചുകൊണ്ട് അയ്യാത്തൻ പറഞ്ഞു.
“ പിന്ന എന്ന ആച്ച്…?”
“ ഒണ്ണ്മില്ലൈ…ഞാന്ം കുതരേം നേരക്കിനേരെ വന്ത്…നമ്മ രണ്ട്ം കണ്ണിക്കണ്ണാ തുറിച്ചത്…പെട്ടെന്ന് യെല്ലാ നെനൈവ്ം വന്ത് നെറഞ്ചത്…അന്ത കുതരൈ ഒര് ചാദാരണ മിറ്ഗം അല്ലൈ….”
“ പിന്നെ…?”
“ അത് ഒര് സിന്നമാക്ക്ം…ഒര് സൂചന..അത് മലക്ക്ള്ടെ ചാവാലിക്കുതിരയാക്ക്ം..” അയ്യാത്തൻ ബോധം നഷ്ടപ്പെട്ടതുപോലെ കുഴഞ്ഞു. അല്ലെങ്കിൽ അയാളുടെ ഓ൪മകൾ തമ്മിൽ കൂടിക്കുഴഞ്ഞുപോയിരിക്കുന്നു. നെജമേത് പൊയ്യേത് എന്ന സന്ദേഹിയായിരിക്കുന്നു. ഒരു സൂചന മാത്രം മതിയായിരുന്നു പുറക്കാവിലെ ആരെയും സംശയക്കാരനാക്കാൻ.
ഇരവി അയ്യാത്തനെ തന്നെ നോക്കിയിരുന്നു. അയാൾ കടുത്തതായി വിയ൪ത്തു. വായിൽ നിന്നു നേരിയ തോതിൽ നുരയും പതയും വീണ്ടും വന്നുതുടങ്ങി.. ഇരവി അയ്യാത്തനു കാവലായി.
രണ്ടു നാൾ തികച്ചുമെടുത്തു അയ്യാത്തൻ കുതിരയുടെ പേടിപ്പെടുത്തലിൽ നിന്നു പൂ൪ണമായും മുക്തനാവാൻ..എന്നാൽ അത്രയും ദിവസം പുറക്കാവിലെ ആരുമറിഞ്ഞില്ല, അയ്യാത്തൻ അങ്ങനെ ഓ൪മപ്പെരുക്കത്തിൽ തള൪ന്നുകിടക്കുന്ന കാര്യം. കുടിച്ച മുലപ്പാൽ തൊട്ടുള്ള കാര്യങ്ങൾ ഓ൪മയായി അയാളിൽ പെയ്യുകയായിരുന്നു. കൊടുംമഴ പറ്റിയ മരുമണ്ണു പോലെയായിരുന്നു അയാൾ. കുത്തൊഴുകിയെത്തിയതിൽ പലതും അയാളിൽ നിന്ന് ഒഴുകിപ്പോയി. എന്നാൽ പലതും അയാൾ വീണ്ടുമോ൪ത്തു. കണ്ണുകുത്തുമഷി എഴുതിയതിനു ശേഷം അയാൾ പല കാലങ്ങൾ കണ്ടുതുടങ്ങിയതാണ്.
എന്നാലും ചില കാര്യങ്ങൾ അയാൾക്ക് അപ്പോഴും കാണാൻ കഴിഞ്ഞിരുന്നില്ല. പുറവിൽ ഇല്ലാതിരുന്ന കാലത്തെപ്പറ്റി അയാൾ കേട്ടറിഞ്ഞ കാര്യങ്ങൾ അയാൾക്കു കൃത്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. താൻ വള൪ന്നുവന്ന ഇടത്തെക്കുറിച്ചുള്ള കെട്ടുകഥകളും ഇതിഹാസങ്ങളും പുരാണങ്ങളും വാമൊഴികളും അയാൾ നോക്കിത്തുടങ്ങിയിരുന്നു. എന്നാൽ, എല്ലാത്തിനും നിമിത്തമായത് എങ്ങുനിന്നോ അവിടെയെത്തിപ്പെട്ട ചാവാലിക്കുതിരയായിരുന്നു.
ഇനി ആ കുതിരയെ അയ്യാത്തൻ എന്തുചെയ്യാനായിരിക്കും പോകുകയെന്നു വിചാരിക്കുകയായിരുന്നു ഇരവി അയാളെ കാവലിരിക്കുന്ന നേരത്തെല്ലാം. അയ്യാത്തന്റെ ഉത്സാഹക്കെടുതി അറിഞ്ഞിട്ടോ എന്തോ ഒന്നുരണ്ടു പേ൪ അയാളെ അന്വേഷിച്ചെത്തി. ചായച്ചായ്പിലേക്കാണ് അവ൪ വന്നത്. അയ്യാത്തനെ എങ്ങും കണ്ടില്ലല്ലോ എന്നൊരു പരിഭവവുമായി.
“ അയ്യാത്തന് ദീനമാക്ക്ം…” ഇരവി സമോവറിൽ നിന്നു വെള്ളത്തിന്റെ വേവെടുക്കുന്നതിനിടെ പറഞ്ഞു.
“ എന്ത് രോഗമാണ്….?”
“ അപ്പടിയൊണ്ണുമില്ലെ…ചുമ്മാ ഒര് ദീനം…” ഇരവി അവരുടെ ആകാംക്ഷയെ തല്ലിക്കെടുത്താൻ വേണ്ടി പറഞ്ഞു.
“ ഒര് ജാതി വെഷാണ്ക്കള് വരുന്ന്ണ്ട്…വന്നാ രണ്ടീസം തെകയ്ക്കില്ല. സൂച്ചിക്കണം..” ചായ മൊത്തിക്കുടിച്ചുകൊണ്ട് ഒരാൾ പറഞ്ഞു.
“ തന്നെ തന്നെ.. ഒര് ജാതി വിഷൂചികയാണ്…വേലന്താവളത്ത്ംന്ന്ം മറ്റ്ം വന്ന ലോറിക്കാര്ം പറഞ്ഞി…” രണ്ടാമനും തന്റെ അറിവു വിളമ്പി.
“ അപ്പടിയൊണ്ണ്മില്ലൈ. ഒര് സാദാ ക്ഷീണം. കായ്ച്ചല്ം മട്ടുമില്ലൈ…” എന്നാലും, ചായ്പ്പുമുറിയിലേക്ക് അയ്യാത്തനെ കാണാൻ തുനിഞ്ഞ അവരെ ഇരവി വിലക്കി…. “ പനി ചെലപ്പ പകര്ം…അത്ര അട്പ്പത്തില് വേണ്ടാം…”
അയ്യാത്തനെ കാണാൻ വന്നവ൪ ജീവനും കൊണ്ടു മണ്ടി. അയ്യാത്തനെ കാണാൻ ചെന്ന വിവരം പോലും അവ൪ ആരോടും പറയാൻ പോകുന്നില്ലെന്ന് ഇരവിക്ക് ഉറപ്പായി.
മൂന്നാന്നാൾ അയ്യാത്തൻ പണ്ടേക്കാളും ഒസറ് കാട്ടി. നല്ല ചുറുചുറുക്ക് വന്ന പോലെയായിരുന്നു അയാൾ മൂന്നാന്നാൾ ഉയി൪ത്തെഴുന്നേറ്റത്. പ്രഭാതകാര്യങ്ങൾക്കായി തുറസിലേക്കു പോയ ആൾ വന്നയുടനെ പറഞ്ഞു.
“ അന്ത കുതരൈ അങ്കേയൊന്ന്ം ഇല്ലൈ…”
“ ഇപ്പോത്ം കുതിരയെ വിടമാട്ടേ…?”
“ അല്ലൈ…”
“ അത് എങ്കേയെങ്ക്ല്ം പോയിറ്ക്കലാം..”
“ എങ്കെ..”
“ വന്ത വഴിയേ തിര്മ്പി പോയിറ്ക്കലാം. അല്ലൈ, ശത്ത് പോയിറ്ക്കലാം…”
“ അതുമല്ലേ…?”
“ മാടൻമലയ്ക്ക് പോയിറ്ക്കലാം. അങ്കേയെല്ലാം നെറയെ മെൺമയാന പുല്ലിറ്ക്ക്ം…”
“ ആമാ….അങ്കനെ ഒര് സാത്തിയ്ം ഇര്ക്ക്…”
കത്തുന്ന സൂര്യനിൽ പൊള്ളിപ്പിടച്ചിരിക്കുന്ന പുറക്കാവിലും മാടൻമലയിലും ഇളെപുല്ല് ധാരാളമുണ്ടായിരിക്കാം എന്നൊരു സാധ്യത അയ്യാത്തനും കണ്ടു. കുതിര അങ്ങോട്ടു പോയിട്ടുണ്ടാവും.
അയാൾ എന്തോ ആലോചിക്കുന്നതുപോലെ ആ ദിവസം മുഴുവൻ ഇരുന്നു. കുട്ടികളുടെ ഒരു പട അയാളുടെ ഓ൪മയിലേക്കു വന്നു. പുറക്കാവിൽ ബീഡിതെറുപ്പിനു പോയകാലത്തുനിന്ന്. ഇപ്പോൾ അങ്ങനെ അവ൪ കയറിവന്നതിനെന്തെന്ന് അയാൾ അദ്ഭുതപ്പെട്ടില്ല. അവ൪ക്ക് അപ്പോഴായിരിക്കും കയറിവരാൻ തോന്നിയത് എന്ന് അയാൾ വിചാരിച്ചു. അയാൾ ആദ്യമായി എന്തൊക്കെയോ ഓ൪മയിൽ അടുക്കിവച്ചു. തലപ്പാക്കട്ടി അയ്യാവിന്റെ തൊഴിലാളിയായിരിക്കുമ്പോൾ അയാൾ ഓരോ ദിവസത്തെയും മറന്നുകളയാനാണു ശ്രമിച്ചത്. പിന്നെ പൊള്ളാച്ചിയിലും പഴണിയിലും പലതും ചെയ്തു നടന്നെങ്കിലും അയാൾ അതൊന്നും ഓ൪മപ്പുസ്തകത്തിൽ കുറിച്ചുവച്ചില്ല. ചെലവാക്കിയ പണം പോലെ അതെല്ലാം അയാൾ ധൂ൪ത്തടിക്കുകയായിരുന്നു. ബാക്കിവന്നതു കാലം ചിതലെടുത്ത അയാളുടെ ശരീരം മാത്രമായിരുന്നു.
താൻ എങ്ങനെയായിരിക്കുമെന്നു കണക്കുകൊടുക്കാൻ അയ്യാത്തന് ആരുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. അമ്മ കൂഞ്ഞൂലി മകനെ ബീഡി മണക്കുന്നതിനു മുമ്പു തന്നെ ജീവിതത്തിൽ നിന്നു യാത്രയായി. പിന്നെ അയാളെ കാത്ത് ആരും വീട്ടിലോ ലോകത്തോ ഉണ്ടായിരുന്നില്ല. അതെല്ലാം അടുക്കിപ്പെറുക്കുകയായിരുന്നു അയ്യാത്തൻ.
രണ്ടു ദിവസം തികച്ചും കഴിഞ്ഞില്ല. നിനച്ചിരിക്കാത്ത നേരത്ത് അയ്യാത്തൻ പറഞ്ഞു.
“ അന്ത കുതരൈ പോയത് മാടൻമലയിലേക്ക് തന്നെയാക്ക്ം, മേഷ്ട്രരേ….?”
“ അതിനുട സത്തിയം എന്നാ…?”
എന്തുകൊണ്ടാണു കുതിര മാടൻമലയിലേക്കു തന്നെ പോയത് എന്നതിനു കൃത്യമായ തെളിവുകളൊന്നും അയ്യാത്തന്റെ കയ്യിലുണ്ടായിരുന്നില്ല. അയാൾ കഴിഞ്ഞ ദിവസങ്ങളിൽ എങ്ങോട്ടും പുറപ്പെട്ടുപോയിട്ടുമില്ല.
“ അതിന് രണ്ട് ആധാരം മേഷ്ട്രരേ..” അയാൾ എന്തോ ചികഞ്ഞെടുക്കുന്നതു പോലെ ഒന്നു നി൪ത്തി.
“ അത് വന്ത് രണ്ട് ആധാരമാ…അപ്പപ്പ റൊമ്പ അൽഭുതം…” ഇരവി പകുതി തമാശയായി പറഞ്ഞു.
“ മേഷ്ട്രരേ…അത് ഇന്ത പുറങ്കാവിലേ എങ്കേയ്ം ഇല്ലൈ…അത് മട്ട്മല്ലൈ…അതിന് തിര്മ്പിപ്പോവറ്ത്ക്ക് വഴിയേ തെരിയാത്…”
“ വന്ത വഴിയേ തിര്മ്പിപ്പോനാപ്പോതുമേ…”
“ അന്ത കുതരൈ എങ്ക്ട്ടെയ്ം നിന്ന് വന്തതല്ലൈ….” അയ്യാത്തനു വീണ്ടും വെളിപാടുണ്ടായി.
“ പിന്നെ….?”
“ അത് മലക്ക്ങ്ങള്ടെ കുതരൈയാക്ക്ം…ഇങ്കേ രാവ്ത്തര്മ്മാര്ം നൊമ്മള്ം മലക്കിന്റെ പ്രേതത്തെ പുനിതര്ന്ന് നമ്പ് വെച്ചിരിക്കേ…” സത്യമാണ്, പുറക്കാവിലെ രാവുത്തരമ്മാറും ഈഴവരും പണ്ടേക്കുപണ്ടേ മലക്കിന്റെ ആത്മാവിനെ ഉപാസിച്ചുപോന്നിരുന്നു.
“ അത്ക്ക്…? ” ഇരവി വീണ്ടും സംശയങ്ങളുടെ കെട്ടഴിച്ചു.
“ അന്ത കുതരൈ വന്തത് മലക്കിന്റ ഇതിഹാസത്തിൽ നിന്നിറങ്കിവന്തത്…ആനാ അത് യെങ്കേയ്ക്ക് തിര്മ്പിപ്പോവ്ം …?”
അയ്യാത്തന്റെ മായികമായ യുക്തി അസ്സലായെന്ന് ഇരവിക്കു തോന്നി. ഇതിഹാസത്തിൽ നിന്നിറങ്ങിവന്ന ഏതിനും പിന്നെങ്ങോട്ടു തിരിച്ചുപോവാനാണു കഴിയുക…”
അടുത്ത നാൾ തൊട്ട് അയ്യാത്തൻ വീണ്ടും പകൽ മൂക്കുന്നതിനു മുമ്പ് എങ്ങോട്ടോ ഇറങ്ങിപ്പോവാൻ തുടങ്ങി. അത് അയാളുടെ പതിവു പരിപാടിക്കാണെന്നു വിചാരിക്കാനേ ഇരവിക്കു സാധിച്ചുള്ളൂ. കാരണം, എങ്ങോട്ടു പോവുന്നെന്നോ പോയെന്നോ അയ്യാത്തൻ പറയാറില്ല. ഇരവി ചോദിക്കുകയും ചെയ്യാറില്ലായിരുന്നു. എന്നാൽ ഇക്കുറി അയാൾ ഓരോ ദിവസവും പുറപ്പെട്ടുപോവുന്നതിനു മുന്നേ അയ്യാത്തനെ നിരുത്സാഹപ്പെടുത്തിയിരുന്നു. മുമ്പുണ്ടായ തരത്തിലുളള മോഹക്ഷയം ഉണ്ടാവരുതെന്ന് ആവ൪ത്തിച്ചു. എന്നാൽ, മുമ്പ് ഒന്നും തനിക്ക് ഉണ്ടായിട്ടില്ലെന്ന ഭാവമായിരുന്നു അയ്യാത്തന്.
മറ്റൊരു കാര്യം കൂടി ഇരവി ശ്രദ്ധിച്ചു. അടുത്തിടെയുള്ള യാത്രയ്ക്കായി അയ്യാത്തൻ മഞ്ഞശ്ശീല ഉപയോഗിക്കുന്നു.തന്റെ കൺവെട്ടത്തുനിന്നു മറയുമ്പോൾ മാറിയുടുക്കാനായി ഒരു മഞ്ഞശ്ശീല ഒരു തുണിസഞ്ചിയിൽ പൊതിഞ്ഞെടുക്കുകയായിരുന്നു. സഞ്ചിയുടെ മേലെ ചുവന്ന അക്ഷരത്തിൽ എഴുതിയിരുന്ന ‘ വേലന്താവളം പുകഴ് ചുരുട്ട് ’ അക്ഷരങ്ങൾ മങ്ങിപ്പോയിരുന്നു.
എന്തോ വലിയ അന്വേഷണത്തിന്റെ പകൽച്ചൂടു കൊണ്ടു കരിഞ്ഞ് ഓരോ ദിവസവും അന്തിക്ക് അയ്യാത്തൻ തിരിച്ചെത്തി. വലിയ യാത്രാക്ഷീണം മുഖത്തു പറ്റിപ്പിടിച്ചുകിടന്നു.
“ അങ്കേയുമില്ലൈ, ഇങ്കേയുമില്ലൈ…” അയ്യാത്തൻ തന്നോടു തന്നെ പിറുപിറുത്തു. എന്താണ് എന്ന് ഇരവിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, അയാൾ പറയട്ടെ എന്നു വിചാരിച്ചു കാത്തിരുന്നു. എന്നാൽ, ഒരിക്കലും അതുണ്ടായില്ല. അയാളുടെ രഹസ്യങ്ങൾ അയാളുടേതു മാത്രമായിരിക്കട്ടെ എന്ന് ഇരവിയും വിചാരിച്ചു. ഓരോരുത്ത൪ക്കുമുണ്ട് അവരുടേതായ രഹസ്യങ്ങൾ. എല്ലാം എല്ലാവ൪ക്കും വെളിപ്പെട്ടാൽ പിന്നെയെന്ത്..?
അയ്യാത്തന്റേതായ ലോകത്തെ മാറിയിരുന്നു നിരീക്ഷിക്കുന്നതിൽ വൈകാതെ ഇരവി ഒരു രസച്ചരടു കണ്ടെത്തി. അയ്യാത്തൻ സ്വന്തം കാര്യങ്ങൾ കൊണ്ടുതന്നെ ഇപ്പോൾ പൂ൪ണ തിരക്കിലേക്കു വന്നിരിക്കുന്നു. മുമ്പ് അയാൾക്കൊന്നും വിചാരിക്കാനുണ്ടായിരുന്നില്ല. തന്റെ ഏകാന്തജീവിതത്തിനു വന്നുപെട്ട ഒറ്റപ്പെടലിന്റെ അ൪ത്ഥം പോലും അയാൾ ചികഞ്ഞുനോക്കിയിരുന്നില്ല. തന്റെ ഓ൪മകളിൽ പയ്യെപ്പയ്യെ തിമിരം വന്നു മൂടുന്നത് അയാൾ അറിഞ്ഞുകൊണ്ടിരുന്നു. എന്നാലും അതിനെ പ്രതിരോധിക്കാൻ അയാൾ ഒരു ശ്രമവും നടത്തിയില്ല. അയാളിൽ നിന്നു ഭൂതകാലത്തിന്റെ ബീഡിമണം തീ൪ത്തും വിട്ടുപോയിക്കഴിഞ്ഞിരുന്നു. ഇപ്പോൾ തന്റെ ദേഹത്തുനിന്നു വിയ൪പ്പിന്റെ ദു൪ഗന്ധം ഉയരുന്നതു കൂടി അയാൾ ശ്രദ്ധിച്ചിരുന്നില്ല. അയാൾക്ക് ആരുമായും ജീവിതം പങ്കുവയ്ക്കാനുമില്ലായിരുന്നു. പിന്നെയെന്തിനു സ്വന്തം ഉടലിലെ തന്നെ രാസമാറ്റങ്ങൾ ശ്രദ്ധിക്കണം.
“ ഒന്ന്മേ തവരപ്പെടലേ…” അയ്യാത്തൻ തന്നോടു തന്നെ പറഞ്ഞു. അത് ഇരവി കേൾക്കണമെന്ന് അയാൾക്ക് ആഗ്രഹിക്കുന്നതു പോലെയുണ്ടായിരുന്നു. എന്നാൽ, ഇരവി അതിനോടു പ്രതികരിച്ചതേയില്ല. അയാളുടെ പകൽയാത്രകളുടെ കെട്ടഴിച്ചില്ല. തനിക്കു വേണ്ടി എത്തിക്കാൻ ശ്രമിക്കുന്ന കട്ടിലിനെക്കുറിച്ചാകാം അയാൾ ഉദ്ദേശിക്കുന്നുണ്ടാവുക, ഒരു വേള. എന്നാൽ, കട്ടിലിന്റെ കാര്യം അയാൾ തന്നിൽ നിന്നു തന്നെ മറച്ചുവച്ചിരിക്കുകയാണ്. ഒരു അദ്ഭുതം കാണിക്കാനുള്ള തിടുക്കത്തിലായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ അദ്ഭുതം പൊട്ടിക്കേണ്ടതില്ലെന്ന് ഇരവി വിചാരിച്ചു.
അതയാളുടെ ഉറക്കത്തിൽ സ്വപ്നത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അതേപ്പറ്റി അന്വേഷിച്ചാൽ മറ്റൊരാളുടെ സ്വപ്നം വായിക്കാനുള്ള പ്രത്യേക കഴിവു തനിക്കുണ്ടെന്ന് അയാൾ വിശ്വസിച്ചെന്നിരിക്കും.
അയാൾ പകലിലേക്കിറങ്ങാൻ കൊണ്ടുപോയിരുന്ന മഞ്ഞശ്ശീലയിൽ നിറയെ മണ്ണുപറ്റിക്കിടന്നത് ഒരു നാൾ ഇരവി ശ്രദ്ധിച്ചു. ഈ പൊടിക്കാറ്റു മുഴുവൻ അയാൾ തനിക്കു വേണ്ടി കൊള്ളുകയാണല്ലോ എന്നു കരുണയോടെ ഉള്ളിൽക്കൊണ്ടു. പോകപ്പോകെ, അന്തിമയക്കത്തിനു തിരിച്ചുവരുന്ന അയ്യാത്തന്റെ ശരീരത്തിൽ നിന്നു വിയ൪പ്പുമണത്തിൽ നിന്നു മാറി ചന്ദനത്തിരിയുടെയും കുന്തിരിക്കത്തിന്റെയും സുഗന്ധം ഉയ൪ന്നുതുടങ്ങിയപ്പോൾ ഇരവിക്കു തന്റെ ധൈഷണികവും പ്രാചീനവുമായ ജിജ്ഞാസയെ കൂടുതൽ അടക്കിനി൪ത്താൻ കഴിഞ്ഞില്ല.