” നീ ആരോടാ സംസാരിച്ചേ.?,
” ഞാനോ ?… ആരോട് ” ?
അടുക്കളയിൽ തിരക്കിട്ട് പണി ചെയ്യുന്ന ഭാര്യ ഒരു നിമിഷം പാത്രക്കലമ്പലുകൾ നിശബ്ദമാക്കി നീരസത്തോടെ അയാളെ തുറിച്ചു നോക്കി.
അയാൾ സംശയാലുവായി കണ്ണുകൾ താഴ്ത്തി .
ഒരു പക്ഷെ പാത്രങ്ങൾ കഴുകുമ്പോൾ ഉണ്ടായ ശബ്ദമായിരിക്കാം…
പക്ഷെ പാത്രങ്ങൾ പുറപ്പെടുവിക്കുന്നത് സ്ത്രൈണ ശബ്ദമാണ് . താൻ കേട്ടത് പുരുഷ ശബ്ദമായിരുന്നു. ഘനമുള്ള പുരുഷ ശബ്ദം..!
ഇതിപ്പോ പലതവണയായി… തോന്നലിനുമുപരി എന്തോ….
ഒരു പക്ഷെ ഭാര്യയുടെ സ്ത്രൈണ ശബ്ദം പുരുഷ ശബദമായി മാറുകയാണോ… പാത്രം കഴുകുമ്പോഴും , അസാധാരണമായി അലറുന്ന മിക്സി പ്രവർത്തിപ്പിക്കുമ്പോഴും ഭാര്യ സ്വയം സംസാരിക്കുന്നുണ്ട്, പിറു പിറുക്കാറുണ്ട്. ഒരു പക്ഷെ ജീവിതം അവൾക്ക് സമ്മാനിച്ച അസ്വസ്ഥതകളുടെ ബഹിർസ്ഫുരണങ്ങളാകാം അത്.
പണ്ട് ,ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്ന കാലത്ത് ,ഒറ്റയ്ക്കാവുമ്പോൾ അവൾ മധുര മനോഹര ശബ്ദത്തിൽ പഴയ സിനിമാപ്പാട്ടുകൾ മൂളുമായിരുന്നു. അപ്പോൾ അവൾക്കുചുറ്റും ബഹുവർണ്ണ ശലഭങ്ങൾ പാറിപ്പറക്കുന്നതായും ആകാശത്തിൽ വളയുന്ന മഴവില്ലിന്റെ അറ്റം തുടങ്ങുന്നത് അവളുടെ കാൽ ചുവട്ടിൽ നിന്നാണെന്നും അയാൾക്ക് തോന്നിയിരുന്നു.
അവൾക്ക് ഇല്ലായ്മകളോട് പരിഭവമില്ലായിരുന്നു. സങ്കടങ്ങളെ കളിയാക്കി ചിരിക്കാനും അറിയാമായിരുന്നു. ജീവിതം അവൾക്ക് നൽകുന്ന വേദനകളെ തന്റേതല്ലാത്ത സമ്മാനത്തെപ്പോലെ ഒഴിവാക്കാനും അവൾക്കറിയാമായിരുന്നു.
പക്ഷെ ജീവിതത്തിന്റെ നിരന്തര ഉരയൽ കൊണ്ട് ക്രമേണ ബാഹ്യമായും, ആന്തരികമായും നിറം നഷ്ടപ്പെട്ട അവൾ വേറൊരാളായി അപരിചിതപ്പെട്ട് ഉൾവലിയുകയായിരുന്നു. ആരുടേയും കുറ്റമായിരുന്നില്ല. ഇതാവാം വിധി !. സ്വയം ന്യായീകരിക്കാനും, മറ്റുള്ളവരെ ആശ്വസിപ്പിക്കാനും വിധിയോളം നല്ലൊരു വാക്കില്ല. നിസ്സംഗതയുടെയും, നിശ്വാസത്തിൻ്റേയും ആവരണമണിഞ്ഞ വാക്ക്.
പ്രതിവിധികൾ തേടാതിരുന്നില്ല. യഥാർത്ഥ വിധിക്ക് പരിഹാരം അതിന്റെ ഉറവിടമായ പ്രകൃതിയിൽ നിന്നു തന്നെയാണ്. പൊടുന്നനെ തകർന്നു വീഴുന്ന സ്വപ്നങ്ങളിൽ നിന്നും പുറത്തുകടക്കാനാവാതെ കുടുങ്ങിപ്പോകുമ്പോൾ ദൈവം പോലും കൈവിട്ടു കളഞ്ഞതായി തോന്നും.
മകന്റെ ആഗ്രഹത്തിനുമേൽ അമ്മ പടുത്തുയർത്തിയ സ്വപ്നം !
പഠനത്തിൽ മിടുക്കനായ മകന്റെ വലിയ ആഗ്രഹമായിരുന്നു മറൈൻ എൻജിനീയർ ആവുക എന്നത്. ലോകം മുഴുവൻ യാനപാത്രത്തിൽ ചുറ്റിസഞ്ചരിക്കുക. വിവിധ രാജ്യങ്ങൾ, വിവിധ സംസ്കാരങ്ങൾ …. മകൻ അന്യ സംസ്ഥാനത്തിൽ പഠനത്തിന് പോകുമ്പോൾ ആശങ്കയുണ്ടായിരുന്നു. ആദ്യമായി അമ്മയും അച്ഛനേയും അകന്ന് അകലേക്ക്… പറക്കമുറ്റുമ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ പറന്ന് പോകണം അത് പ്രകൃതി നിയമമാണ് അയാൾ ആശ്വസിപ്പിച്ചു.
” എന്നാലും നമ്മുടെ മകൻ … “
അവൾ വെറുതേ ആശങ്കപ്പെട്ടു. ഒരമ്മയുടെ ആശങ്ക… താനാരേയും ദ്രോഹിച്ചിട്ടില്ലല്ലോ..എല്ലാം മംഗളമാകുവെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.
പക്ഷെ വിശ്വസിച്ചതുപോലെ ഒന്നും നടന്നില്ല. റാഗിങ്ങിന്റെ ഭാഗമായി മുതിർന്ന വിദ്യാർത്ഥികൾ സമ്മാനിച്ച മയക്കുമരുന്നുകൾക്കടിമയായി പുതിയ വിഹായസ്സിൽ പൊന്തിപ്പറക്കുകയായിരുന്നു തങ്ങളുടെ മകൻ എന്ന യാഥാർത്ഥമറിയാൻ അവർ വൈകിപ്പോയി. ഭാര്യ വിശ്വസിച്ച ഈശ്വരന്മാരോ, അയാൾ വിശ്വസിച്ച പ്രകൃതിയോ അവരെ തുണച്ചില്ല.
” എന്നാലും നമ്മുടെ മകൻ …”
അവൾ കരയാൻ പോലുമാവാതെ നിശബ്ദയായി .
ഡി അഡിക്ഷൻ സെന്ററുകൾ, ചികിത്സകൾ , നേർച്ചകൾ, മന്ത്രവാദങ്ങൾ , മരുന്നുകൾ …… മകൻ ഈ ലോകത്തിലെ വേറേതോ ലോകത്തിൽ വേറാരോ ആയി ജീവിച്ചു. കൂടെയുണ്ടായിരുന്നവരെല്ലാം പുതിയ ചില്ലകളിൽ കൂടുകൾ കൂട്ടി. മകൻ മാത്രം പറക്കുവാൻ ചിറകുകളോ, ആകാശമോ ഇല്ലാതെ വെറുതേ വെറുതേ …..
ശിശിരകാലത്തെ മരശാഖികൾ പോലെ അവളിൽ നിന്നും സന്തോഷത്തിന്റെ, സമാധാനത്തിന്റെ, ശാന്തതയുടെ ഇലകൾ പൊഴിഞ്ഞു പോയി. മായാ സ്വപ്നങ്ങൾ കാട്ടി മോഹിപ്പിച്ച ദൈവത്തോട് അവൾക്ക് വെറുപ്പ് തോന്നി. അവൾ കൂടുതൽ നിശബ്ദയാകുകയും, ഒരു നിമിഷം പോലും നിശ്ചലമിരിക്കാതെ എന്തെങ്കിലും പണികൾ കണ്ടെത്തി അതിൽ വാശിയോടെ മുഴുകുകയും ചെയ്തു കൊണ്ട് തന്റെ വിധിക്കെതിരേ പോരാടുകയായിരുന്നു. അവിശ്രമം തുടരുന്ന ജോലിക്കിടയിൽ അവളുടെ സമനില തെറ്റുകയോ, രോഗാതുരയായി തളർന്നു വീഴുകയോ ചെയ്തേക്കുമെന്ന് അയാൾ ഭയപ്പെട്ടു: !
അയാൾ ജീവിതത്തിന്റെ പ്രഹേളികയെക്കുറിച്ച് കൂടുതൽ ചിന്തിച്ചു.
സ്വയം സന്തോഷത്തോടെ നിലനിൽക്കുകയും തന്റെ സങ്കടങ്ങളേയും ദുരിതങ്ങളേയും വേദനകളേയുമൊക്കെ തന്റെ സന്തോഷത്തിന്റെ ഭാഗമാക്കി മാറ്റുകയും തന്റെ വിധിയോട് വേറിട്ട തരത്തിൽ പ്രതികരിക്കയും ചെയ്തു. എങ്കിലും ചില നേരങ്ങളിൽ തന്റെ അഭിനയങ്ങളുടെ മൺചിറകൾ തകർന്നു പോകുന്നതായും ആലംബമില്ലാത്ത ആഴങ്ങളിലേക്ക് താൻ വീണു പോകുന്നതായും അയാൾക്ക് തോന്നും.
എന്താണ് ഇങ്ങനെ ? എന്തിനാണ് ഇങ്ങനെ ?… സ്വന്തം അറിവുകൾ കൊണ്ടു പൂരിപ്പിക്കാനാവാത്ത ശൂന്യതകളുടെ രാവണൻ കോട്ടയിൽ പെട്ട് അയാൾ വിഷമിക്കും.
അവളെ ഒന്നു ചേർത്തുപിടിക്കണമെന്നും, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പുറത്ത് തലോടി ആശ്വസിപ്പിക്കണമെന്നും അയാൾ പലപ്പോഴും വിചാരിക്കും, പക്ഷെ താനും അവളും അവനും സുതാര്യമായ ചില്ലു കൂടുകളിൽ അടയ്ക്കപ്പെട്ട പ്രതിമകളെപ്പോലെ അഗമ്യരായിത്തീർന്നു എന്ന അറിവ് അയാളെ പരിഭ്രമിപ്പിച്ചു
മൗനം ഇത്രമേൽ സാന്ദ്രമാവുകയും ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്തവിധം തങ്ങൾ അതിൽ പെട്ടു പോവുമെന്നും അയാൾ ഒരിക്കലും കരുതിയില്ല. തമാശകൾ പറയുകയും , തിളങ്ങുന്ന കണ്ണുകളിൽ നീർന്നിറയും വരെ പൊട്ടിച്ചിരിക്കുകയും, ഹാസ്യാനുകരണം കൊണ്ട് കൂട്ടുകാരെപ്പോലും ചിരിപ്പിച്ചിരുന്ന അവൾ എവിടെപ്പോയി മറഞ്ഞു. ഇപ്പോൾ തിളക്കമില്ലാത്ത നിർജീവമായ കണ്ണുകളിൽ നിർവ്വികാരതയുടെ പുക മൂടിയിരിക്കുന്നു…
അയാൾ വെറുതേ മരണത്തെക്കുറിച്ച് ചിന്തിച്ചു മരണം കൊണ്ട് ഒന്നും പരിഹരിക്കപ്പെടുന്നില്ല. പക്ഷെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന വെളിച്ചങ്ങൾ ഒന്നൊന്നായി അണഞ്ഞു പോകുന്നല്ലോ !..
ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ടാവാം ജീവിതത്തിലുടനീളം അയാൾക്ക് മറ്റുള്ളവരിൽ നിന്നും സുഖാനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. അല്ല , അയാൾ മറ്റുള്ളവർക്ക് സന്തോഷവും, പ്രതീക്ഷകളും മാത്രമേ നൽകിയിട്ടുള്ളൂ . എത്രയോ പേർക്ക് ജീവിതത്തിലെ ചില ദശാസന്ധികളിലെ ആന്ധ്യത്തിൽ നിന്നും വെളിച്ചത്തിലേക്ക് വഴി കാട്ടാൻ അയാർ നിമിത്തമായിരിക്കുന്നു. പക്ഷെ സ്വന്തം ജീവിതത്തിൽ വന്നു പെട്ട അന്ധകാരത്തെ വകഞ്ഞു മാറ്റാൻ അയാൾക്ക് കഴിയാതെ പോകുന്നല്ലോ…
ഒരു വീട്ടിൽ മൂന്ന് അപരിചിതർ മൂന്നു ലോകങ്ങളിൽ ! ശബ്ദങ്ങൾ ദീർഘ നിശ്വാസങ്ങൾക്ക് വഴിമാറിയിരിക്കുന്നു. അല്ലെങ്കിൽ മൂന്നു പേരും സ്വയം സംസാരിക്കുന്നു .. അപരിചിതമായ പരുക്കൻ ശബ്ദത്തിൽ തങ്ങളുടെ ഉള്ളിൽ നിന്നും ആരാണ് ഇത്രയും വെറുപ്പോടെ, പകയോടെ, നൈരാശ്യത്തോടെ… ആർക്കറിയാം….
മാസത്തിലൊരിക്കൽ പെൻഷൻ വാങ്ങാനായി സബ് ട്രഷറിയിലെ വൃദ്ധ നിരയിൽ ചെന്നു നിൽക്കും തലയും കുനിച്ച് ഊഴവും കാത്ത് അങ്ങിനെ നിൽക്കുമ്പോൾ പരിചയമുള്ള ആരേയും കണ്ടു മുട്ടരുതേ എന്നയാൾ വിചാരിക്കും. കുശലാന്വേഷണങ്ങൾക്ക് സത്യസന്ധമായ മറുപടി പറയാൻ ബുദ്ധിമുട്ടാവും.
അയാൾ പെൻഷനും വാങ്ങി ബസ്റ്റോപ്പിലേക്ക് നടന്നു. കൃഷ്ണന്റെ അമ്പലത്തിൽ ഉത്സവമായിരുന്നതിനാൽ റോഡിൽ നല്ല തിരക്ക്. ബസ്സു കാത്തു നിൽക്കുമ്പോൾ എതിർ വശത്തെ ബാർ കണ്ണിൽ പെട്ടു. പലപ്പോഴും വിചാരിച്ചിട്ടുണ്ട് ബോധം മറയുന്നതുവരെ കുടിക്കണം..പക്ഷെ…
പൊടുന്നനെ ആരോ വന്നു തോളിൽ തട്ടി. “സാറേ … ഓർമ്മയുണ്ടോ ഈ മുഖം ..”
ദിനേശൻ .!
ഓഫീസിൽ കൂടെ ജോലി ചെയ്തിരുന്ന ആൾ.. അവസാനം കണ്ടിട്ട് ആറോ ഏഴോ വർഷങ്ങൾ.. എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം..
“ഓ.. ദിനേശ്… താൻ എവിടെയാ…?”
“എല്ലാം പറയാം മൊബൈൽ നമ്പർ പറയു … ഞാൻ വിളിക്കാം “
അയാൾക്ക് തന്റെ മൊബൈൽ നമ്പർ പോലും കാണാതെ അറിയില്ലായിരുന്നു. ഒടുവിൽ ദിനേശൻ പറഞ്ഞ നമ്പറിലേക്ക് ഒരു മിസ് കോൾ വിട്ടു കഴിഞ്ഞപ്പോഴേക്കും പോകാനുള്ള ബസ്സ് വന്നു. ദിനേശനും നല്ല തിരക്കിലായിരുന്നു. അയാൾ ജനക്കൂട്ടത്തിൽ പൊടുന്നനെ അപ്രത്യക്ഷനായി. അയാൾ ബസ്സിലിരുന്ന് ഔദ്യേഗിക കാലവും, ഡോർമിറ്ററിയിൽ ദിനേശനോടൊപ്പമുള്ള ജീവിതവും തമാശകളും ഓർത്തു പോയി അത് ഇപ്പോഴത്തെ താൻ തന്നെ ആയിരുന്നോ ?…
യുക്തിവാദിയും ,വിപ്ലവകാരിയുമായിരുന്നു ദിനേശൻ. എൻ.ജി.ഒ സംഘടനയുടെ തീപ്പൊരി പ്രാസംഗികൻ അതിലുപരി അനുകമ്പയും സഹാനുഭൂതിയും ഉള്ള നല്ല മനുഷ്യ സ്നേഹി. ഒരിക്കൽ ദൂരേയുള്ള ദിനേശന്റെ വീട്ടിൽ പോയിട്ടുണ്ട്. സുന്ദരിയായ ഭാര്യയും രണ്ട് മക്കളുമുള്ള ദിനേശന്റെ സന്തോഷനിറഞ്ഞ കുടുംബം ആരിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു. ദിനേശൻ ഭാഗ്യവാനാണ് അയാളുടെ മുഖത്ത് ഇപ്പോഴും പഴയ പ്രസന്നതയും പുഞ്ചിരിയുമുണ്ട് ! ചിലർക്ക് സൗഭാഗ്യമുള്ള ജീവിതം കിട്ടുന്നു , തന്നെപ്പോലെയുള്ള നിർഭാഗ്യവാൻമാർക്ക് ….
പഴയ കാലത്തിന്റെ ഓർമ്മകളിൽ അയാൾ മുഴുകി ഒരിക്കലും മറക്കില്ല എന്ന് വാക്ക് നൽകി പിരിഞ്ഞ സൗഹൃദങ്ങൾ മറവിയുടെ മഹാ സമുദ്രത്തിൽ അലിഞ്ഞു പോയി.
ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. അയാൾക്കിറങ്ങേണ്ട സ്ഥലം ആയിക്കഴിഞ്ഞിരിക്കുന്നു. അയാൾ ബസ്സിൽ നിന്നിറങ്ങി ഓട്ടോറിക്ഷകളെ മറികടന്ന് വീട്ടിലേക്കുള്ള കുറുക്കുവഴിയിലൂടെ നടന്നു. റബ്ബർത്തോട്ടം പിന്നിട്ട് കണ്ടത്തിന്റെ കരയിലൂടെ നടക്കുമ്പോൾ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ ! അയാൾ ഫോൺ എടുത്തു.
“സാറേ…, ” ദിനേശന്റെ ശബ്ദം.
അയാൾക്ക് പൊടുന്നനെ സന്തോഷം തോന്നി പാടത്തിനരികിലുള്ള മാവിൻ ചുവട്ടിലെ പാറയിൽ അയാൾ ഇരുന്നു.
“ഹാ.. ദിനേശാ … എത്ര വർഷമായെടോ… തന്റെ വിശേഷങ്ങൾ ഒക്കെ പറയൂ — ഭാര്യയും കുട്ടികളും സുഖമായിരിക്കുന്നുവോ “
ഒരു നിമിഷം ദിനേശൻ നിശബ്ദനായി…
പിന്നെ ദിനേശ് അയാളുടെ കഥ പറയാൻ തുടങ്ങി അതു കേട്ട് മൂളാൻ പോലും മറന്നു അയാൾ തരിച്ചിരുന്നു പോയി.
ദിനേശന്റെ മകൻ ആറുവർഷങ്ങൾക്കു മുമ്പേ ബൈക്കപകടത്തിൽ മരണപ്പെട്ടു.! പെൺകുട്ടിയാകട്ടെ വിദേശത്ത് പഠിക്കാൻ പോവുകയും അവിടെ വച്ചു തന്നെ അന്യമതസ്ഥനായ ഒരു പയ്യനെ കല്യാണം കഴിച്ച് അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.
മകന്റെ മരണം ഭാര്യയെ വല്ലാതെ തളർത്തുകയും ക്രമേണ കാൻസർ രോഗിയായിത്തീരുകയും ചെയ്തു. തന്റെ എല്ലാ സമ്പാദ്യങ്ങളും ചിലവാക്കി ദിനേശൻ ഭാര്യയെ ചികിത്സിച്ചു. ഒടുവിൽ പണമെല്ലാം തീർന്നപ്പോൾ ഭാര്യയും പിണമായിത്തീർന്നു. അമ്മ മരിച്ചപ്പോഴും ലീവ് കിട്ടാത്തതിനാൽ മകൾ വന്നില്ല. അല്ലെങ്കിലും വന്നിട്ട് എന്തിന്. ജീവിതത്തിൽ അത്തരത്തിൽ ഒറ്റയ്ക്കാവുമെന്ന് അയാൾ പ്രതീക്ഷിച്ചില്ല.
വാടക വീട്ടിൽ മാസം കിട്ടുന്ന പെൻഷൻ കൊണ്ടു മാത്രം ജീവിച്ചിരുന്ന അയാൾക്ക് ആശ്വാസമേകിയത് വായനയായിരുന്നു രാഷ്ട്രീയവും, യുക്തിവാദവും സ്വാഭാവികമായി പൊഴിഞ്ഞു പോവുകയും തൽസ്ഥാനത്ത് ഭാഗവതവും ഭഗവത് ഗീതയും രമണ മഹർഷിയും ശ്രീനാരായണ ഗുരുവുമൊക്കെ കടന്നുവരികയും ചെയ്തു. അതൊരുപുതിയ സൂര്യോദയമായിരുന്നു.
മക്കളെല്ലാം വിദേശത്തായതും ഒറ്റയ്ക്കു താമസിക്കുന്നതുമായ ഒരാളെ കൂട്ടായ് കിട്ടി. അയാളുടെ വലിയ വീട്ടിൽ അവർ താമസമാക്കി ക്രമേണ സമാനാവസ്ഥയിലുള്ള മൂന്നുപേർ കൂടി അവിടേക്ക് വന്നു ചേർന്നു. ആത്മീയവും, ഭൗതീകവുമായ ചർച്ചകൾ, കൃഷിപ്പണികൾ , പാചകം വിനോദയാത്രകൾ … അവർ അഞ്ചു പേർ ശരിക്കും ഒരു ബാച്ചിലർ ജീവിതത്തിന്റെ സന്തോഷത്തിലായിരുന്നു.
തങ്ങൾക്ക് ഭാര്യയും, കുട്ടികളുമൊക്കെ ഉണ്ടായിരുന്നത് കഴിഞ്ഞ ഏതോ ജന്മങ്ങളിലാണെന്ന് കരുതി മറന്നു കളയും.അയാൾക്ക് ദിനേശനോട് അസൂയ തോന്നി ഇത്രയൊക്കെ ദുരന്തങ്ങളിലൂടെ കടന്നുപോയിട്ടും ദിനേശൻ സന്തോഷമായിരിക്കുന്നു.!.
വീട്ടുപടിക്കൽ എത്തിയപ്പോൾ മതിലിനപ്പുറത്തെ വീട്ടിൽ നിന്നും ആരോ എന്തോ പറഞ്ഞു ചിരിക്കുന്നതു കേട്ടു. ഉമ്മറ വാതിൽ ചാരിയിട്ടിട്ടേയുള്ളു. അകത്തേക്ക് കയറിയപ്പോൾ ഇരുട്ടായിരുന്നു. നിശബ്ദതയും. ജനാലകളെല്ലാം അടഞ്ഞുകിടക്കുന്നു. പൊടുന്നനെ അയാളുടെ കാലിൽ എന്തോ തടഞ്ഞു. ചില്ലുകൾ …. ചില്ലു കൊണ്ടുള്ള ടീപ്പോ പൊട്ടി തകർന്നു കിടക്കുന്നു , എൽ, ഇ, ഡി ടി വി ചിലന്തിവലകൾ പോലെ പൊട്ടിത്തകർന്നിരിക്കുന്നു , ക്ലോക്കും, പിഞ്ഞാണികളും ഗ്ലാസുകളും തകർന്നു കിടക്കുന്നു. പുസ്തകങ്ങൾ വച്ചിരുന്ന റാക്ക് മറിഞ്ഞു കിടന്നിരുന്നു ഒരു കാലത്ത് താൻ ഏറെ താൽപ്പര്യത്തോടെ വായിച്ചിരുന്ന പുസ്തകങ്ങൾ അയാളെ നോക്കി വികൃതമായി ചിരിക്കുന്നതു പോലെ തോന്നി.
അയാൾ കുടയും ബാഗും മേശപ്പുറത്ത് വച്ച് കിടപ്പുമുറിയിലേക്ക് കടന്നു. അവിടെ കട്ടിലിൽ തലയും കുമ്പിട്ടിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് അയാൾ ഓടിച്ചെന്നു. അവൾ തലയുയർത്തി. കരുവാളിച്ച കൺതടങ്ങൾ കലങ്ങിയ കണ്ണുകൾ. കണ്ണുനീരൊക്കെ എന്നോ വറ്റിപ്പോയിരിക്കുന്നു. മകൻ പ്രകോപനമൊന്നുമില്ലാതെ തന്നെ വീണ്ടും അക്രമകാരിയായി മാറിയിരിക്കുന്നു.! കണ്ണിൽ കണ്ടെതെല്ലാം തച്ചുടച്ച് ഉറക്കെ അസഭ്യങ്ങൾ വിളിച്ചു പറഞ്ഞ് അദൃശ്യനായ ശത്രുവിനെതിരേ പോരാടുകയായിരുന്നു .! ഇതൊക്കെ അയൽപക്കക്കാർ അറിയുന്നതിന്റെ അഭിമാനക്ഷതമായിരുന്നു ഉപകരണങ്ങളുടെ നഷ്ടത്തെക്കാൾ ഭാര്യയെ ഏറെ വിഷമിപ്പിച്ചത്.
അയാൾക്ക് പൊടുന്നനെ ദേഷ്യം ഇരച്ചുകയറി. എത്ര നാളായി ഇങ്ങനെ !. ഇന്ന് ഇതിനൊരു തീരുമാനമുണ്ടാക്കണം. മകനാത്രേ മകൻ … ഒന്നുകിൽ ഒറ്റവെട്ടിന് കൊല്ലണം, അല്ലെങ്കിൽ കൈയ്യും കാലും അടിച്ചൊടിക്കണം .
അയാളുടെ ഭാവം കണ്ട് ഭാര്യ അയാളുടെ കൈയ്യിൽ പിടിച്ചു.
അരുത് …. വേണ്ട… പ്ലീസ് …
ഭാര്യയുടെ മുഖത്തു നോക്കുമ്പോൾ അയാൾ അധീരനാകും. അവളെ വേദനിപ്പിക്കാൻ അയാൾക്കാവില്ല. അയാൾ തെല്ലു നേരം അവളോടൊപ്പം ഇരുന്നു പിന്നീട് എഴുന്നേറ്റ് മകന്റെ മുറിയിലേക്ക് നടന്നു.
മകൻ കിടന്നുറങ്ങുകയാണ് നിഷ്കളങ്ക മുഖത്തോടെ , മകൻ… തന്റെ മകൻ … ! കുറച്ചു മുമ്പ് മകനെപ്പറ്റി അങ്ങിനെയൊക്കെ ചിന്തിച്ചതിൽ കുറ്റബോധം തോന്നി.
“നമ്മുടേയൊക്കെ ചിന്തകളുടേയും, പ്രവർത്തികളുടേയും ഉത്തരവാദിത്വം നമ്മുടേതല്ലല്ലോ സാറേ ..” ദിനേശന്റെ വാക്കുകൾ …
കീഴടങ്ങിയവനെ തോൽപ്പിക്കാൻ ആർക്കും സാധ്യമല്ല. ദൈവത്തിന്റെ മുന്നിൽ നമ്മളെയും നമ്മുടെ അഹംഭാവത്തെയും സമർപ്പിച്ച് സാഷ്ടാംഗം പ്രണമിക്കുക. പുതിയ വഴികൾ തുറന്നു കിട്ടും. ഓരോരുത്തർക്കും അവരവർക്ക് ലഭിച്ച വേഷങ്ങൾ കെട്ടിയാടാതെ തരമില്ലല്ലോ.
ദിനേശൻ പകർന്നു തന്ന പുതിയ പ്രകാശത്തിൽ അയാൾ തന്നെത്തന്നെ നോക്കിക്കണ്ടു. വെറുതേ പരിഹാസത്തോടെ പുഞ്ചിരിച്ചു. അയാൾ ബക്കറ്റിൽ ഉടഞ്ഞ ചില്ലുകൾ പെറുക്കിയിടാൻ തുടങ്ങി. ഭാര്യ ചൂലുമായി വന്ന് ചില്ലു പൊടികൾ അടിച്ചു കൂട്ടി. ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഉണർന്ന മകൻ തലയും താഴ്ത്തി അവരുടെ അടുത്തു വന്നിരുന്നു ചിതറിക്കിടന്ന പുസ്തകങ്ങൾ പെറുക്കിയടുക്കാൻ തുടങ്ങി.
“സോറി അച്ഛാ ..ഞാൻ അറിയാതെ….”
അയാൾ അവന്റെ പുറത്ത് തഴുകി. അറിയാതെ വിതുമ്പിപ്പോയ ഭാര്യയേയും ചേർത്തുപിടിച്ചു. ഇതൊക്കെ ഒരു പക്ഷെ ഇനിയും ആവർത്തിക്കപ്പെട്ടേക്കാം !
പക്ഷെ അതുവരെയില്ലാത്ത രീതിയിൽ അതിനെ സമീപിക്കാൻ അയാൾ പ്രാപ്തനായി ക്കഴിഞ്ഞിരുന്നു.
അയാൾ ഒരു ദീർഘ നിശ്വാസമുതിർത്തു. ഒരു നിമിഷം കണ്ണുകളടച്ച് മുൻപ് കണ്ടെത്താത്ത ദൈവത്തെ ഉള്ളിൽ നിന്നും കണ്ടെടുക്കാൻ ശ്രമിച്ചു.