പ്രണയം മാത്രം
എഴുതുന്ന ഒരാൾ
ഹൃദയത്തിലേക്കവളെ
ക്ഷണിക്കുന്നു.
മഴക്കാടാണെന്നിരിക്കെ,
പച്ചപ്പിന്റെ നിറം വറ്റാത്ത
വഴുക്കലുകളും,
ഒളിച്ചു വയ്ക്കുന്ന
ചതുപ്പുകളും
ഉണ്ടെന്നിരിക്കെ,
പേടിച്ചു പേടിച്ച്
അയാളുടെ കവിതകളിലൂടെ അവൾ സഞ്ചരിക്കുന്നു.
ഓരോ അക്ഷര വടിവുകളിലും
അവൾ വേച്ചു വീഴുന്നു.
വളവുകൾക്കപ്പുറത്ത് മറ്റൊരാൾ
ഉണ്ടെന്ന് സംശയത്തിൽ
ചൂട്ടു കത്തിക്കുന്നു
ചൂളം വിളിക്കുന്നു.
അത്രമേൽ
സൂക്ഷിച്ചിട്ടും,
ഭാഷ അറിയില്ലെന്ന് നടിച്ചിട്ടും,
അയാളുടെ
അക്ഷരമണമുള്ള
കയത്തിലേക്കവൾ
കാൽത്തെന്നി വീഴുന്നു.
പ്രണയത്തിന്റെ പടുകുഴിയിൽ
അക്ഷരങ്ങൾ പിടയുന്നു.
അവൻ
കവിതകൊണ്ടവൾക്കൊരു
ചിറക് തുന്നുന്നു.
എഴുത്തു മഷിയിലേക്കവ-
ളുറ്റു നോക്കുന്നു.
ഉടലു പിടയുന്നു.
അധര വളവിലൊരു തിര
കടലു തിരയുന്നു.
ഉടലു തിന്നുന്ന ചൂട്
വഴി തിരഞ്ഞ്
പൂമ്പാറ്റക്കാടുകളിൽ
ചെന്നു കയറുന്നു.
പെരുവിരലിൽ നിന്നും
മിന്നലുകൾ
ഒരു മഹാകാവ്യത്തെ
വിവർത്തനം ചെയ്യുന്നു.
അവളെ മാത്രം
പ്രതിഫലിപ്പിച്ചൊരു മഴ
കുന്നിറങ്ങുന്നു.
അവനവൾക്ക്
കവിതയെന്ന് പേരിടുന്നു.