പരിഭാഷ
പരിഭാഷ എളുതായൊരു പ്രവൃത്തിയല്ല. മറ്റൊരാൾ മറ്റൊരു ഭാഷയിൽ എഴുതിയത് ആ എഴുത്തിന്റെ അന്തഃസ്സത്ത, എഴുത്തുകാരന്റെ മനോവ്യാപാരം എന്നിവ ഒട്ടും ചോർന്നു പോകാതെ പരിഭാഷ നടത്തണമെങ്കിൽ രണ്ടു ഭാഷകളിലും സാമാന്യത്തിലധികം വൈകാരിക ബുദ്ധി ആവശ്യമാണ്. ഭാഷാ നൈപുണ്യവും ആവശ്യമാണ്. ഇവയെല്ലാം ഉണ്ടായാലും സ്വന്തം സൃഷ്ടിക്കായി മാത്രം ചുരുക്കി വയ്ക്കാതെ ഇത്തരം ഒരു പ്രവൃത്തിക്കായി സമയം ചിലവഴിക്കാനായി മനസ്സും ആവശ്യമാണ്.
കവിയെ കുറിച്ച്
വെയിലും നിഴലും മറ്റു കവിതകളും എന്ന കവിതാസമാഹാരവും, ലോക കവിത ഒന്നാം പുസ്തകം എന്ന പരിഭാഷയും ആണ് “ലോക കവിത രണ്ടാം പുസ്തകം കൂടാതെ കവിയുടേതായി മലയാള ഭാഷയിൽ പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ. നിരവധി ആനുകാലികങ്ങളിൽ സജീവമാണ് ഈ യുവ കവി. “വെയിലും നിഴലും” വായിച്ചത് 2022 ജൂണിലാണ്. വളരെ വ്യത്യസ്തമായ കവർ പേജും വ്യത്യസ്തങ്ങളായ കവിതകളുമായിരുന്നു ആ പുസ്തകത്തിൽ. “നഖം”, കർമൂസ” തുടങ്ങി ഒട്ടനവധി കവിതകൾ തികച്ചും വ്യത്യസ്തമായ കാഴ്ചകളായിരുന്നു.
ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ 70 കവിതകളാണ് “ലോക കവിത” എന്ന 160 പേജ് ഉള്ള ഈ പുസ്തകത്തിനായി സുജീഷ് ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 28 എഴുത്തുകാരെയാണ് കവി പരിചയപ്പെടുത്തുന്നത്.
പ്രയത്നമേറെയുള്ള ഈ തിരഞ്ഞെടുപ്പും ഓരോ എഴുത്തുകാരേയും മനസ്സിലാക്കാനുള്ള ശ്രമവും അവരുടെ കവിതകളിൽ നിന്നും മികച്ചതെന്ന് തോന്നിയ ഒന്നോ അതിലധികമോ കവിതകളെ കണ്ടെത്തലുമെല്ലാം കവിയ്ക്ക് കവിതയോടുള്ള ഗൗരവമേറിയ സമീപനവും സാഹിത്യത്തോടുള്ള പ്രതിബദ്ധതയുമൊക്കെ വിളിച്ചോതുന്നു.
മലയാള കവിതയുടെ രൂപഘടനയിൽ നിന്നും തികച്ചും വ്യത്യസ്തമായ കവിതകൾ ഈ വിവർത്തന പുസ്തകത്തിൽ അനവധിയുണ്ട്. അവ നമുക്ക് അന്യഭാഷാ കാവ്യാസ്വാദനവും കാഴ്ചകളും സമ്മാനിക്കുന്നു.
കവിതകളിലേയ്ക്കും എഴുത്തുകാരിലേയ്ക്കും കടക്കാം
കനേഡിയൻ എഴുത്തുകാരി ആൻ കാർസന്റെ കവിതകളിലൂടെയാണ് തുടക്കം. “ദുഖഃപാഠങ്ങൾ”, “മോണോലിസയെക്കുറിച്ച്”,” വെള്ളം കടക്കാതാക്കുന്നതിനെക്കുറിച്ച്”, എന്നിവയാണ് ആൻ കാർസന്റെ കവിതകളിൽ നിന്നും ഉൾപ്പെടുത്തിയിരിക്കുന്നത്.
നോർവ്വെയിലെ ആദ്യ ആധുനിക കവി എന്ന് കണക്കാക്കപ്പെടുന്ന റോൾഫ് ജേക്കബ്സെന്റെ, “അവരുറങ്ങുമ്പോൾ”- ഉറങ്ങുന്ന സമയം എല്ലാ മനുഷ്യരും ഒരു പോലെയാണെന്നും കുഞ്ഞുങ്ങളെപ്പോലെയാണെന്നും വിവരിക്കുന്നു. അതിനാൽത്തന്നെ കവി ദൈവത്തിനോട് ആവശ്യപ്പെടുകയാണ് ഉറക്കത്തിന്റെ ഭാഷ പഠിപ്പിച്ചു തരാൻ . ഉറക്കസമയം മറ്റൊരാളോട് സംസാരിക്കാൻ കഴിഞ്ഞാൽ പ്രശ്നങ്ങളുണ്ടാകില്ല എന്ന് മനസ്സിലാക്കിയതിനാലാണ് ഇത്തരത്തിൽ ഒരാവശ്യം ഉന്നയിക്കുന്നത്. “കാവൽ മാലാഖ”- ഈ കവിത; സ്ഥിരമായി അനുയാത്ര ചെയ്യുന്ന കാവൽ മാലാഖയെക്കുറിച്ചാണ്. വെളുത്ത നിഴലിനോടാണ് കവി കാവൽ മാലാഖയെ ഉപമിച്ചിരിക്കുന്നത്.
അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയും മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവുമായ ലിഡിയ ഡേവിസിന്റെ “അവളുടെ പണ്ടത്തെ ആൾ”, ചിന്തകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്, പണ്ട് അടുപ്പുമുണ്ടായിരുന്ന ഒരാണുമായി അമ്മ ശൃംഗരിക്കുകയായിരുന്നു എന്ന് തുടങ്ങുന്ന വരികൾ അമ്മയ്ക്ക് 94 വയസ്സായി എന്ന യാഥാർഥ്യത്തിൽ അവസാനിക്കുമ്പോളും “ശരീരത്തിന് പ്രായമേറിയെങ്കിലും വഞ്ചിക്കാനുള്ള അമ്മയുടെ ശേഷി ഇപ്പോഴും യൗവ്വനയുക്തവും പുത്തനുമാണെന്ന്” കൂടി പറയുന്നു. ഇത്രയും കടുപ്പമേറിയ വാക്കുകളിലും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നതാണ് കവിതയുടെ സവിശേഷത. സ്ത്രീകളെക്കുറിച്ചുള്ള ലിഡിയയുടെ “പതിമൂന്നാമത്തെ സ്ത്രീ”, “മുപ്പതുകാരി” എന്ന കവിതകളും പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.
ഇന്തോനേഷ്യൻ കവി സപാർഡി ജോക്കൊ ഡമോണോ യുടെ “ബൾബ്” വളരെ വ്യത്യസ്തമായ പ്രമേയം ആണ്. തൂക്ക് ബൾബിന്റെ നിഴലിൽ കുട്ടികളെ രസിപ്പിക്കാനായി വിരലുകളാൽ നിഴൽ മൃഗങ്ങളെ സൃഷ്ടിക്കുന്ന ഒരാൾ. അയാളുടെ ഈ പ്രവൃത്തിയാൽ ബൾബിന് ആ സമയം തോന്നുന്ന ഭയം. കാടിന് നാടുവിലാക്കപ്പെട്ടത് പോലെയാണ് ബൾബിന് ആ സമയം തോന്നുന്നത് എന്നാണ് കവി മനസ്സിലാക്കുന്നത്. ജീവനില്ലാത്ത വസ്തുവിലും മനസ്സ് കാണുന്ന ഈ കവിത എടുത്തു പറയേണ്ടുന്ന കവിതയാണെന്നതിൽ സംശയമില്ല. അദ്ദേഹത്തിൻ്റെ തന്നെ “രൂപമാറ്റം”, “എനിക്ക് വേണം” എന്ന കവിതകളും തത്വചിന്താപരമായ കവിതകളാണ്.
ഇറാനിയൻ കവി ഗരൗസ് അബ്ദൊൽമലെക്യൻന്റെ “ദുഖത്തിന്റെ പക്ഷി”, “സംശയങ്ങളും ആശങ്കയും”, “കാട്” – ഈ മൂന്ന് കവിതകളും ദുഖത്തേയും മരണത്തേയും നിർവചിക്കുന്നു.
പോളിഷ് കവിയും നിരൂപകനുമായ തദേവുഷ് ഡബ്രോവ്സ്കിയുടെ “വാചകം” ഓരോരുത്തരും ജീവിക്കുന്നത് സ്വയം മെനയുന്ന തടവറയിലാണെന്ന് പറയുന്നു. സ്വയം ഉണ്ടാക്കുന്നതാണ് ജീവിതം എന്നും; എന്നിട്ടും ആ ജീവിതത്തിൽ സ്വതന്ത്രനായി ജീവിക്കാൻ – ശ്രമിക്കാത്തതിനാലാണ് സാധ്യമാകാത്തത് എന്നും കവി പറയുന്നു. ജീവിതത്തെ കുറിച്ചുള്ള സത്യസന്ധമായ വീക്ഷണം കവിതയിൽ കാണുന്നു.
ഉക്രൈനിയൻ കവി വാസിൽ ഹൊളൊബൊറൊഡ്കൊ യുടെ “ഞാനെൻ്റെ കാൽപ്പാടുകൾ പെറുക്കിയെടുക്കുന്നു” നടന്ന വഴികളിലും കടന്നു പോയ അനുഭവങ്ങളിലും കവി അടയാളങ്ങൾ ബാക്കി വയ്ക്കുന്നു. പിന്നീടവ തിരയുകയും ചെയ്യുന്നു. ജീവിതത്തിന്റെ പ്രതീകാത്മക ചിത്രം വാക്കുകളാൽ വരച്ചിടുന്ന കവിത.
ബാസ്ക് ഭാഷയിൽ നിന്നുള്ള കവിയും നോവലിസ്റ്റുമായ കിർമെൻ ഉറിബെയുടെ “ശൈത്യകാലത്തെ കിളികൾ” മഞ്ഞിനെ, കിളികളെ, കിളികളുടെ മഞ്ഞുകാല ജീവിതത്തെ എല്ലാം വരച്ചിടുന്നു.
കെനിയയിൽ ജനിച്ചു യു കെ യിലേക്ക് കുടിയേറിയ വാർസൻ ഷയറിന്റെ നിരവധി കവിതകൾ പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. എടുത്തു പറയേണ്ടത് “ഇന്നലെ ഉച്ചയ്ക്ക് ശേഷം അവർ ചെയ്തത്” ആണ്.
പ്രിയപ്പെട്ട വരികൾ -“അന്ന് രാത്രി ഞാൻ
ഒരു ഭൂപടം കൈയിലെടുത്തു
ലോകമാകെ വിരലോടിച്ചു കൊണ്ട്
പതിയെ ചോദിച്ചു
എവിടെയാണ് വേദനിക്കുന്നത്?
അത് പറഞ്ഞു
എല്ലായിടത്തും”
ലോകത്തുണ്ടായിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ എല്ലാ ലഹളകളും കലഹങ്ങളും മനുഷ്യനാണ് ഉണ്ടാക്കിയിട്ടുള്ളത്. “ശരിയല്ലേ ഈ കലഹങ്ങളാൽ ലോകത്തിന് വേദനിക്കുന്നുണ്ടാവില്ലേ, ആരെങ്കിലും അതാലോചിക്കാറുണ്ടോ?”
മാസിഡോണിയൻ കവി നിക്കോള മാദ്സിറോവ്യുടെ “ഒരാൾ അകന്നു പോകുമ്പോൾ ചെയ്തതെല്ലാം തിരിച്ചുവരുന്നു” എന്ന കവിത ജീവിതത്തെക്കുറിച്ചുള്ള, ജീവിതത്തിൽ ഓരോ വ്യക്തികൾക്കുമുള്ള പ്രഭാവത്തെകുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാട് ഒരുക്കിയിരിക്കുന്നു.
ചിന്തനീയമായ വിഷയമാണ് ചൈനീസ് അമേരിക്കൻ കവി ഹാജിൻ ഇന്റെ “അവർ വരുന്നു”, “കഴിഞ്ഞ കാലം”, “വിട്ടു നിൽക്കുന്നവർ” – തികച്ചും വ്യത്യസ്തമായ അവസ്ഥകൾ വിവരിക്കുന്നതാണ് ഈ മൂന്ന് കവിതകളും.
കനേഡിയൻ കവി ലോർണ ക്രോസിയെറിന്റെ “ഏഴാം നാളിൽ” പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മറ്റു കവിതകളുടെ രീതിയിൽ നിന്നും വ്യത്യസ്തമായി ഹാസ്യാത്മകമായ കവിതയാണ്. “ദൈവം”, ഭൂമിയും വെളിച്ചവും മനുഷ്യരും ഉണ്ടാക്കിയതിനെക്കുറിച്ചുള്ള കവിതയിൽ ദൈവത്തിനും ഭാര്യക്കും മനുഷ്യരുടെ ഛായയാണ്. ദൈവത്തിന്റെ ഓർമ്മക്കുറവും ഭാര്യയുടെ കൂടെക്കൂടെയുള്ള ഓർമ്മപ്പെടുത്തലും രസാവഹമാണ്, ഒപ്പം ദൈവം എല്ലാം തികഞ്ഞതാണ് എന്ന വിശ്വാസത്തിൽ അധിഷ്ഠിതവുമല്ല ഈ കവിത. എല്ലാം തികഞ്ഞവനല്ലാത്തതിനാലാണല്ലോ ദൈവം മറക്കുന്നത്.
“പൂജ്യം” പൂജ്യത്തിനെക്കുറിച്ചുള്ള കവയിത്രിയുടെ കാഴ്ചപ്പാട് അതിരസകരമാണ്.
“വറ്റിയ കിണറിന്റെ അടിയിൽ നിന്നും
മുകളിലേയ്ക്ക് നോക്കുമ്പോൾ
നിങ്ങൾ കാണുന്നതാണ് പൂജ്യം
അതിൻ്റെ ഉഗ്രമായ നീലിമ” – അതിമനോഹരമായ വരികൾ. ലോർണയുടെ തന്നെ “കാരറ്റുകൾ ” പൂജ്യം എന്ന കവിതയ്ക്ക് സമാനമായി തികഞ്ഞ വ്യത്യസ്തത പുലർത്തുന്നു.
“കാരറ്റുകൾ ഭൂമിയെ ഭോഗിക്കുകയാണ്
നനവിലും ഇരുളിലും ആഴ്ന്നിറങ്ങുന്ന
സ്ഥിരമാർന്നൊരു ലിംഗോദ്ധാരണം”
എന്ന് തുടങ്ങുന്ന ചെറു കവിത കാരറ്റിനെ കുറിച്ച് ഇങ്ങനെയും ചിന്തിക്കാം എന്നയിടത്തിലേയ്ക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്നു.
അമേരിക്കൻ കവി റിച്ചാർഡ് ജോൺസിന്റെ “ചില ആളുകൾ”- അച്ഛൻ അന്യരോട് ധാരാളം സംസാരിക്കുന്നതിനെ കുറിച്ചും തന്നോട് ഒട്ടുമേ സംസാരിക്കാതായതിനെക്കുറിച്ചുമാണ്. താൻ ഒരപരിചിതൻ ആയിരുന്നെങ്കിൽ ഒരു പക്ഷെ കണ്ടുമുട്ടും നേരം അച്ഛൻ ഒരുപാട് സംസാരിച്ചേനെ എന്നതിൽ കവിത അവസാനിക്കുമ്പോൾ അച്ഛനെ അറിയാനുള്ള ആകാംക്ഷ അറിയുന്നു. എങ്കിലും സംസാരിക്കാൻ താത്പര്യമില്ലാത്തതിനെ കുറിച്ച് പരാതിയോ പരിഭവമോ കുറ്റപ്പെടുത്തലോ ഒന്നും തന്നെ കവിതയിൽ നിഴലിക്കുന്നില്ല.
യു കെ യുടെ ആസ്ഥാന കവി സൈമൺ ആർമിറ്റാജിൻ്റെ ” കടലാസ് വിമാനം”, “അലറി വിളിക്കൽ” എന്ന കവിതകൾ പ്രമേയത്തിൽ വ്യത്യസ്തമാണ്.
സെർബിയൻ – അമേരിക്കൻ കവി ചാൾസ് സിമികിന്റെ “കല്ല്” എന്ന കവിത കല്ലിന്റെ മറ്റൊരു മാനം ആണ് കാണുന്നത് – നിശബ്ദതയുടെ, സഹനത്തിന്റെ…. എങ്കിലും രണ്ടു കല്ലുകൾ കൂട്ടിയുരയ്ക്കുമ്പോൾ തീപ്പൊരി ഉണ്ടാകുന്നതിനാൽ കല്ലിനുള്ളിൽ വെളിച്ചവും ഉണ്ടാകാം എന്നാണ് കവിയുടെ കണ്ടെത്തൽ.
കാശ്മീരി – അമേരിക്കൻ കവി അഘ ഷാഹിദ് അലിയുടെ “മ്യൂസിയത്തിൽ” ലളിതമായ ചുരുക്കം ചില വരികളുള്ള കവിതയെങ്കിലും അനവധി കാര്യങ്ങൾ പറയുന്നുണ്ട്. 2500 ബി സി യിൽ ഹാരപ്പയിൽ വേലക്കാരിക്കുട്ടിയെ വെങ്കലത്തിൽ പണിത ശില്പി ആരായിരിക്കും എന്ന് കവി ചിന്തിക്കുകയാണ്. അതിനോടൊപ്പം അനേകം ചിന്തകൾ ഉടലെടുക്കുന്നു. സാധാരണയായി പ്രമുഖരുടെയും ദൈവങ്ങളുടെയും പ്രതിമകളാണ് ഉണ്ടാക്കുക. എന്നാൽ എന്ത് കാരണമായിരിക്കാം ശില്പിയെ ആ പെൺകുട്ടിയുടെ പ്രതിമ ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. അതുണ്ടാക്കുന്ന സമയം ആ ശില്പി ആ കുട്ടിയുടെ; ജോലി ചെയ്തു പരുക്കനായ കൈവിരലുകളുടെ വേദന അറിഞ്ഞിരിക്കില്ലേ എന്ന് തുടങ്ങി ശില്പിയെ നോക്കി ആ പെൺകുട്ടി ചിരിച്ചതിനാലാകണം ആ പ്രതിമയ്ക്കും ഒരു ചെറുചിരി എന്ന് വരെ എത്തിനിൽക്കുന്ന ചിന്തകൾ.
ഇറാഖിൽ ജനിച്ചു അമേരിക്കയിലേയ്ക്ക് കുടിയേറിയ കവയിത്രി ദുന്യ മിഖെയിലിന്റെ “യുദ്ധം നന്നായി പണിയെടുക്കുന്നു” – എന്ത് പറയാനാണ് യുദ്ധത്തെ കുറിച്ച് എന്ന് ചുരുക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. അവരുടെ തന്നെ “ചിത്രം വരയ്ക്കുന്ന കുഞ്ഞ്” ഭാവനാസമ്പുഷ്ടമായ കവിതയാണ്.
ഉഗാണ്ടൻ കവി റിച്ചാർഡ് എൻടിരു വിന്റെ കവിത “അത് ശരിയാണെങ്കിൽ” തികച്ചും തത്വചിന്താപരമായി ലോകത്തേയും നമ്മുടെ പ്രവൃത്തികളെയും വീക്ഷിക്കുന്നു.
ഇത്രയേറെ വ്യത്യസ്തമായ കവിതകൾ, എഴുത്തുകാർ; അവരെ മനസ്സിലാക്കാനും മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തുവാനും കവി സുജീഷ് എടുത്ത പരിശ്രമം എടുത്തു പറയേണ്ടതാണ്. പരിഭാഷ ശാഖയ്ക്ക് തീർച്ചയായും മുതൽക്കൂട്ടായ പുസ്തകം.