ഉറങ്ങുന്ന വീട്

ഉറങ്ങുന്ന വീടിനരികിൽ 
പറന്നിറങ്ങി 
കള്ളന്റെ ആത്മാവ്.
വീടുറങ്ങുന്നു 
ഓലമേഞ്ഞ പാവം വീട് 
ഉറങ്ങുന്ന ഒരു വലിയ പക്ഷി 
രാവ് നീല നിറം മെഴുകി നിശ്ശബ്ദത കൊണ്ട് പൊതിഞ്ഞ വീട്.
 
കള്ളന്റെ ആത്മാവ് ഇപ്പോൾ വരാന്തയിൽ 
കണ്ടു 
ഒതുക്കിവച്ച തുറപ്പ 
കഴുക്കോലിൽ തൂക്കിയിട്ട മണ്‍വെട്ടി, കൂന്താലി 
വരാന്തയോട് ചേർന്ന് ചരിച്ച് കെട്ടിയ ചായ്പ്പിൽ 
മുഞ്ഞിയാകെ പ്ലാവിലക്കറ പുരണ്ട
ഒരാട് നിന്നുറങ്ങുന്നു.
നടക്കല്ലിൽ ഒരു പട്ടി വാലുചുരുട്ടി മയങ്ങുന്നു. 
ആകെ ഒരു മണം 
ഒരു കാറ്റു വീശി
കാറ്റിൽ  ആത്മാവൊന്ന് പൊങ്ങി
പറക്കാനായുംപോലെ വീടും 
ഓലച്ചിറകുകൾ ഉയർന്നടങ്ങി. 
 
ഇപ്പോൾ ആത്മാവ് ജാലകപ്പഴുതിലൂടെ ഉമ്മറത്തിറങ്ങി
  
ഉറക്കത്തിന്റെ ഉടലുകൾ നിരന്നു കാണാം
വിവിധതരം ഗന്ധങ്ങൾ മുറുമുറുപ്പുകൾ 
അസ്പഷ്ടതയുടെ സ്വപ്നവൃത്താന്തങ്ങൾ
അകത്ത്, 
മുറിയിലന്നേരം 
അമർത്തപ്പെട്ട തേങ്ങലോ അടക്കം പറയലോ?
അവിടെയ്ക്ക് ആത്മാവ് കടന്നില്ല. 
കള്ളനെങ്കിലും സഭ്യനായ ആത്മാവ് 
അത് ചെവിയോർക്കാതെ പുറത്തുകടന്ന് 
വീടിന്നുയരെ നിലാവിന്റെ വെള്ളിയിൽ ലയിച്ചു.  
 
ആ വീട്ടിൽ കള്ളനെ കവർന്ന ആരാനുമുണ്ടോ? 
അത് ഏതു സ്ഥലം, ഏതു കാലം 
കാറ്റും നിലാവും മൂകസാക്ഷികളാണ് 
രാവിനാകട്ടെ
കണ്ണിനു കാഴ്ചയുമില്ല 
ഉറങ്ങുന്നവീട് 
പൊള്ളുന്ന ആത്മാക്കളുടെ
ഒറ്റയുടൽ

മികച്ച കവിക്കുള്ള ബഹ്‌റൈൻ കേരള സമാജം ജാലകം പുരസ്ക്കാരം നേടി. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പതിവായി എഴുതുന്നു. ബഹ്‌റൈൻ വെൽനെസ്സ് ക്ലിനിക്കിൽ ജോലിചെയ്യുന്നു.