വീടൊഴിഞ്ഞുപോകുമ്പോൾ

വീട് വിറ്റ് പോരുമ്പോൾ
കൂടെ കൊണ്ടുപോകണം,
ചില ഓർമ്മകളെ.
എത്ര ദൂരെകൊണ്ട് ഉപേക്ഷിച്ചുപോയാലും
തിരികെയ്യെത്തി
മുട്ടിയിരുമ്മിനിൽക്കുന്ന
വളർത്തുനായയെപോലയാണത്.
ഒരിക്കലും വിട്ടുപോകില്ലവ,
ഓർത്തുവെക്കണം അവയൊക്കെ..

നട്ടുനനച്ചമ്മ വളർത്തിയ
നാട്ടുമാവിനെ,
കൊടുംവേനലിൽ
കുടംനിറച്ചും വെള്ളം തന്ന കിണറിനെ,
കളിവീടുവെച്ചു കളിച്ച
ഇല്ലഞ്ഞിച്ചോടിനെ,
നട്ടുച്ചയുടെ നിശബ്ദതയിൽ
കോണിച്ചുവട്ടിലെ ഏകാന്തതയിൽ
പൊട്ടിച്ചിതറിയ കുപ്പിവളകളെ,
മിഴിതുളുമ്പി കരിമഷി പടർന്ന കണ്ണുകളെ…
മറക്കാതെ കൂടെ കൊണ്ടുപോകണം
ഈ ഓർമ്മകളെയൊക്കെ..

വീടൊഴിഞ്ഞുപോകുമ്പോൾ
മറന്നുകളയണം ചില ഓർമ്മകളെ.
കൊല്ലപരീക്ഷക്ക്
തൊറ്റപ്പോൾ അച്ഛൻ
കെട്ടിയിട്ടടിച്ച പുളിമരത്തിനെ,
മുഴുഭ്രാന്തിനാൽ ചങ്ങലക്കിട്ട്
അച്ഛൻപെങ്ങൾ കിടന്ന
കിഴക്കുവശത്തെ ചായ്‌പ്പിനെ,
പട്ടിണിതിളച്ച അടുക്കളയിലിരുന്നു
നെഞ്ചുപൊട്ടികരഞ്ഞ അമ്മയുടെ കണ്ണുനീരിനെ,
കടംകേറി ആത്മഹത്യ ചെയ്ത
അച്ഛൻ തൂങ്ങിയാടിയ കാഞ്ഞിരമരത്തിനെ.
വീടൊഴിഞ്ഞുപോകുമ്പോൾ
മറന്നുകളയണം ഈ ഓർമ്മകളെയൊക്കെ..

വീട് വിട്ടുപോരുമ്പോൾ
അനാഥമായി പോകുന്ന ചിലതൊക്കെയുണ്ട്
ഒരിക്കലും കൂടെ കൊണ്ടുവരാൻ കഴിയാത്തത്..
മുടങ്ങാതെ വിളക്ക് കൊളുത്തിയിരുന്ന
സർപ്പക്കാവ്
തിണ്ണയിലെ ഓട്ടുമോന്തയിൽനിന്നും
വെള്ളം കുടിക്കാനെത്തുന്ന ഒറ്റക്കാലൻ കാക്കയേ
പിതൃക്കളുടെ
അസ്ഥിത്തറയേ…

വീടൊഴിഞ്ഞു പോകുമ്പോൾ
പിന്തിരിഞ്ഞു നോക്കരുത്
മുഖത്തു വിഷാദഭാവം കലർത്തി
ഉറ്റവരോടൊപ്പം വരാൻ കഴിയാതെ
തേങ്ങലുകൾ ഉള്ളിലടക്കി നിൽക്കുന്ന വീട്
നിങ്ങളെ തിരിച്ചുവിളിച്ചേക്കാം..

വീടൊഴിഞ്ഞുപോകുമ്പോൾ
മറക്കാൻ പറ്റാത്ത ഓർമ്മകളിലേക്ക്
ആ വീടിനെക്കൂടി ചേർത്തോളൂ.

സർക്കാർ സർവീസിൽ നിന്നും വിടുതൽ ചെയ്ത് തൃശൂർ താമസം. അനുകാലികങ്ങളിൽ രണ്ടു കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിൽ എഴുതുന്നു.