ഇന്ന് സൗഹൃദങ്ങളുണ്ടാക്കാൻ
ഒത്തിരിയെളുപ്പമാണ്.
ഹൃദയത്തിൽനിന്ന്
വിരൽത്തുമ്പിലേക്ക്
ഇറങ്ങിവന്ന കൂട്ടുകാർ.
ലെെക്കടിക്കുന്നവർക്കു ലൗ കൊടുത്ത്
ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങൾ.
പണ്ടു വാട്ടിയ ഇലയിൽനിന്ന്
വാരിത്തിന്ന ചോറിനും ചമ്മന്തിക്കും
ലൗ തരാതെപോയ
സഖാവിനെ ആരോർക്കാൻ!!
പിണക്കങ്ങൾ മഷിത്തണ്ടിൽ
എഴുതിയ നാളുകൾ
മാവിലെറിഞ്ഞ തെറികൾ.
എന്നാൽ ഇന്ന്,
നാലു പോസ്റ്റിൽ
തുരുതുരെ കമന്റിയാൽ
തീരുന്ന പിണക്കം,
ഇമോജിയിൽ അടങ്ങുന്ന സ്നേഹം.
നെഞ്ചിൽച്ചേർത്തുവച്ച
അവളുടെ സ്വപ്നങ്ങൾ കട്ടെടുത്ത്
ഉള്ളിലൊളിപ്പിച്ച കത്തുകൾ,
അവളുടെ പുഞ്ചിരി
ഒളിഞ്ഞുനിന്ന് കുടിച്ചുതീർത്ത ഓർമകൾ.
എന്നാൽ ഇന്ന്
ഇരുട്ടിന്റെയറകളിൽ
നാമയക്കുന്ന കവിതകളും
ചൂടുപിടിക്കുന്ന ശരീരവും
എന്തൊക്കെയോ നഷ്ടപ്പെടുത്തുന്നു.
പച്ചയായ സൗഹൃദങ്ങൾ
ശരിക്കും ഇന്നല്ലേ?
പച്ച കെട്ടുപോയില്ലേൽ
നാം കെട്ടുപോയാലും
അറിയാത്ത കൂട്ടുകാർ.