പോലീസ് വാതിൽക്കലെത്തിയപ്പോഴാണ് നാണിതള്ള ചൂല് താഴെയിട്ടത് .
“ആയിഷ ആരാണ് ?”
‘അതീ വീട്ടിലെ മോന്റെ കുട്ടിയാണ് ‘
“ഇവിടെ വേറെ ആരും ഇല്ലേ “
‘ഇമ്പിച്ചിത്ത ഉണ്ടല്ലോ!!’
“അതാരാ !!”
‘ഐശാടെ വെല്ലിമ്മ ‘
“അവരോടൊന്നു വരാൻ പറയ് “
‘ഒരേ കിടപ്പിലാ, എണീക്കാനൊന്നും ആവതില്ല, ഇങ്ങള് കേറി കണ്ടോ പോലീസെ ‘
“ഉം ..അല്ല , ആയിഷാടെ മാതാപിതാക്കൾ “
‘ഓ അവരൊക്കെ എന്നേ ചത്തു മണ്ണടിഞ്ഞു, രണ്ടും തൂങ്ങി ചത്തതാ, ഈ വീട്ടിൽ തന്നെ, ഇമ്പിച്ചിത്തയാണ് ഐശാനെ വളർത്തിയത് ‘
“ഓ !”
നാണിത്തള്ള ചൂലിന്റെ മൂട്ടിൽ നാല് തട്ടു തട്ടി മുറ്റമടി തുടങ്ങി .
താഴെ ഇടവഴിയിൽ നിൽക്കുന്ന മറ്റു പോലീസുകാരോട് കൈ വീശി കാണിച്ചു അയാൾ ഇമ്പിച്ചിത്താടെ മുറിയിലേക്ക് നടന്നു.
“ഉമ്മോ “
‘ഉം ‘
“കുറച്ചു കാര്യങ്ങൾ അറിയാൻ വന്നതാ “
‘എന്തെയ് ‘
“ആയിഷ നിങ്ങളുടെ പേരക്കിടാവല്ലേ “
‘അതെ ‘
“അവരെ കാണാനില്ലെന്നു പരാതി കിട്ടിയിട്ടുണ്ട് “
‘അവൾ ഇവിടെ വരാറില്ല ‘
“പക്ഷെ ഇങ്ങോട്ടാണ് വരാറെന്നാണല്ലോ അവരുടെ ഭർത്താവു പറഞ്ഞത് “
‘തുഫ് .. ഫർത്താവ് ..’
മുറുക്കി തുപ്പിയത് നേരെ ചെന്നു വീണത് ചുമരിലേക്കാണ്. ചുവന്ന പല്ലും നാക്കും കടിച്ചമർത്തി ഇമ്പിച്ചി തിരിഞ്ഞു കിടക്കാൻ കയറിൽ കേറി പിടിച്ചു. മൂത്രത്തിന്റെ രൂക്ഷ ഗന്ധം ആ ഇരുട്ടു മുറിയിൽ തളം കെട്ടി നിന്നു. വളം കടിയേറ്റ കാലിൽ പൊട്ടാസ്യം നീലിച്ചു കിടക്കുന്നു. ഒറ്റമുണ്ട് പകുതി അഴിഞ്ഞു കട്ടിലിനു താഴെ ഊർന്നു വീണു. അരഭാഗത്തു കീറിയ കമ്പിളി മൂടിയിട്ടുണ്ട്. പിന്നിയ പെങ്കുപ്പായത്തിൽ നിറയെ മുറുക്കി തുപ്പിയ പാടുകൾ. നരച്ച മുടി പാറി കട്ടിലിൽ പറ്റിപ്പിടിച്ചു കിടക്കുന്നു. ഇവരോട് ഇനി എന്തു ചോദിക്കാനെന്നെ ആശങ്കയിൽ പോലീസുകാരൻ എണീറ്റു .
“കുഞ്ഞായിശ ഇന്നലെ രാത്രി ബടെ വന്നിരുന്നു”
“എന്നിട്ടെന്തു പറഞ്ഞു”
“ഒന്നും പറഞ്ഞില്ല , ന്റെ വലത്തേ കൈ തൊറക്ക്”
ഇനിയൊരു പ്രതീക്ഷയില്ലെന്ന മട്ടിൽ ഇറങ്ങാനൊരുങ്ങിയ അയാൾക്കതൊരു തിരി വെട്ടമായി. വളഞ്ഞു ഒരു രൂപമില്ലാതെ കുഴിഞ്ഞ നെഞ്ചിനുള്ളിലേക്ക് ചുരുണ്ടു കൂടിയ ഇമ്പിച്ചിയുടെ കൈ അയാൾ പണിപ്പെട്ടു തുറന്നു. ചുരുട്ടി കൂട്ടിയ ഒരു കത്ത് .
അയാളത് തുറന്നു വായിക്കുമ്പോഴേക്ക് ഇമ്പിച്ചി തിരിഞ്ഞു ജനൽ കമ്പിയിൽ പിടിച്ചു നീട്ടി വിളിച്ചു,
‘നാണ്യെ … വരുന്നുണ്ടോ , അതോ ഞാനിനി ഈ കട്ടിലിൽ തന്നെ തൂറണോ ‘
നാണി തള്ള ഓടി വരുമ്പോഴേക്ക് , പോലീസുകാരൻ പടി കടന്നിരുന്നു.
“ന്റെ ല്ലിമ്മാ, നിങ്ങളന്നു പറഞ്ഞു , കുഞ്ഞുമക്കളെ ആരും ഉപദ്രവിക്കൂലാന്നു, പക്ഷെ തെക്കേലെ വെല്ലിപ്പ ഇടയ്ക്കിടെ മടിയിലിരുത്തി എന്നെ നോവിച്ചു കൊണ്ടിരുന്നു. പിന്നെ പിന്നെ പാത്തുനെ കാണാൻ ആ വീട്ടിൽ പോകുന്നത് നിർത്തി, ഓളെങ്ങനെ അവിടെ ജീവിച്ചുവെന്നറിയില്ല. അതോർത്തു പേടിച്ചു പനി പിടിച്ച എന്നെ നിങ്ങളന്നു പള്ളിയിൽ ഊതിക്കാൻ കൊണ്ടോയി, നമ്മടെ അമ്പലത്തിലെ പൂജാരി കയ്യിൽ കെട്ടിയ ചരടും ഏലസ്സും ന്റെ കൈയ്യിൽ ഇന്നും ഒട്ടി കിടക്കുന്നുണ്ട്.
പിന്നെ പിന്നെ ഞെട്ടിയുണരുമ്പോഴൊക്ക ഇങ്ങളെന്നോട് വെളുത്ത പറക്കുന്ന കൂറ്റൻ കുതിരമേൽ വരുന്ന ടിപ്പു സുൽത്താന്റെ കഥ പറഞ്ഞു. അതും എന്റെ പേടി മാറ്റാതായപ്പോൾ അമ്പലത്തിന്റെ ഇടവഴിക്കപ്പുറത്തെ കാടു കേറിയ പാമ്പിൻ കാവിലെ ശിവനെ കണ്ടാൽ പേടി മാറുമെന്ന് പറഞ്ഞു. ഞാനവിടെ ല്ലിമ്മ കാണാതെ പോയിരിക്കാറുണ്ട്. പക്ഷെ അന്ന് ആ ഒഴിഞ്ഞ പറമ്പിൽ വന്നത് വേലനാണ്, അവൻ ഓടിച്ചിട്ട് കടിച്ചതല്ലാതെ കാത്തില്ല .
ഷിമ്മീസ് കീറിപോയതിനാണ് ല്ലിമ്മ അന്ന് വഴക്കു പറഞ്ഞത്. കണ്ടിടത്തു നിരങ്ങി വീണപ്പൊ കണ്ട ചോരപ്പാടല്ലായിരുന്നു അതു. അങ്ങനെ എത്രയെത്ര വീണു ല്ലിമ്മാ ഞാൻ.
കഴിഞ്ഞ ദിവസം ന്റെ പാത്തു ചോദിക്കുന്നു, പപ്പയെന്തിനാ രാത്രിയിൽ ട്യൂഷൻ മാഷിന്റെ ചൂരലുടുത്തു കൊണ്ടു പോകുന്നെ എന്ന്. അവൾക്കറിയുന്നത് ട്യൂഷൻ മാഷ് പേടിപ്പിക്കാൻ കസേരയിൽ ചാരി വെക്കുന്ന ചൂരലിനെ കുറിച്ചാണ്. ന്റെ പുറത്തും കാൽവെള്ളയിലും വീഴുന്ന ചൂരൽ പാടുകൾ അവള് കാണുന്നില്ല . തിരിച്ചും മറിച്ചും കിടത്തി അയാളുടെ വെറി പൂണ്ട കാമം വായ മുതൽ അര വരെ കൊട്ടി വെക്കുന്നത് ആരറിയുന്നു!!
കഴിഞ്ഞ ദിവസം ഡോക്ടർ മാലതി പറഞ്ഞു “ചതയാനും ഒടിയാനും ഇനിയൊന്നും ബാക്കിയില്ല ആയിശ , കീറിപറിഞ്ഞ നിന്റെ ആന്തരിക അവയവങ്ങൾ പലതും അതീവ ഗുരുതര ഇൻഫെക്ഷൻസ് താങ്ങിയാണ് നടക്കുന്നത് , ഒഴിവാക്കി പോരു കുട്ടി”
അതിനു ഇപ്പൊ എനിക്ക് വേദനയില്ല ആകെ മരവിക്കാനുള്ളത് കുത്തി വെച്ച പോലെയാണ് എന്ന് മറുപടി കൊടുത്തിട്ടുണ്ട് .
ഇന്നലെ രാത്രി പാത്തൂന്റെ പിന്നാലെയും തെക്കേലെ വെല്ലിപ്പയും വേലനും ഓൾടെ പപ്പയും ഓടുന്നെ കണ്ടു . ഞങ്ങൾ ഓടി വന്നത് ഇങ്ങോട്ടാണ്. ന്റെ ല്ലിമ്മാ, ഇങ്ങളെണീക്കുമ്പോൾ ഈ കത്തുണ്ടാവും കൈയ്യിൽ. ഞാൻ ഓളോട് ഇങ്ങള് പറഞ്ഞതൊക്കെ അതേപടി പറഞ്ഞിട്ടുണ്ട് ല്ലിമ്മാ,
“പേടിക്കണ്ട , പാമ്പിൻ കാവിലെ ഇരുട്ടു മൂടിയ മൂലയിൽ കൂറ്റൻ പേരാലുണ്ട്, അതിന്റെ ഉച്ചിയിൽ ശിവനുണ്ട് ആ ഭഗവാനു മാത്രേ നമ്മളെ കാക്കാനൊക്കു, പക്ഷെ നമുക്ക് ഉച്ചിയിൽ എത്താൻ ടിപ്പുവിന്റെ സഹായം വേണം. ഇത്തിരി നേരം നിന്നാൽ പറക്കുന്ന വെള്ള കുതിരയിൽ ടിപ്പു വരും. അന്ന് ടിപ്പു ആ കുതിരമേൽ പടയോട്ടം നടത്തിയാ ബ്രിട്ടീഷുകാരെ ഓടിച്ചത്, നമ്മടെ വീടിന്റെ അതിയെ ഓടിയിട്ടുണ്ട്, ആ കുളമ്പടിയൊച്ച എന്നും കേട്ടു താങ്ങാനാകാതെയാണ് ന്റെ ഉമ്മേം ഉപ്പേം മരിച്ചത്.പക്ഷെ നമ്മള് മരിക്കില്ലട്ടോ പാത്തു, അവരൊക്കെ നമ്മളെ കാക്കും”
ന്റെ ല്ലിമ്മാ,ഞാനും കുഞ്ഞിപാത്തുവും ഇങ്ങള് പറഞ്ഞതപ്പടിം വിശ്വസിക്കാണുട്ടാ .
“അവര്” ഞങ്ങളെ കാക്കും.”
പോലീസ് അവരെ തിരഞ്ഞു പാമ്പിൻ കാവിലെ പേരാലിൻ ചുവട്ടിലെത്തി. കുഞ്ഞയ്ശാനെയും കുഞ്ഞിപാത്തുവിനേയും “അവര്” കാത്തു. പേരാലിന്റെ ഉച്ചിയിൽ വെള്ള കുതിര സമ്മാനിച്ച വെള്ള തുണിയിൽ “അവര്” രണ്ടും ഊഞ്ഞാലാടുന്നുണ്ടായിരുന്നു.