ഇടതുകൈയ്യൻ

ഇടതുകൈയ്യനായതിലുള്ള
തരംതാഴ്ത്തലുകളെന്നെങ്കിലും
അനുഭവിച്ചറിഞ്ഞിട്ടുണ്ടോ?
ഓർക്കാപ്പുറത്ത്
കൈകൊടുക്കാൻ തുനിയുമ്പോൾ,
സന്തോഷത്തോടെ
കൈനീട്ടം വെച്ചുനീട്ടുമ്പോൾ,
ഭക്ഷണം വിളമ്പാൻ മുതിരുമ്പോൾ,
ശ്രീകോവിലിലെ പ്രസാദത്തിന്
കൈക്കുമ്പിൾ നീട്ടുമ്പോളൊക്കെ
ഇടതനെ പിൻവലിച്ച്
ക്ഷമ യാജിക്കേണ്ടിവന്നിട്ടുള്ള
ഇടതുകൈയ്യന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ ?

ജനിക്കുമ്പോൾ ഒരേപോലെയായിരുന്നിട്ടും
വളരുമ്പോൾ ഇടതുകൈ
“ശ്രീ”കാര്യങ്ങളിൽ
“അശ്രീകര”മായതെങ്ങനെ?

വാരിയുണ്ണാനും,
പ്രതിജ്ഞയെടുക്കാനും,
എഴുതാനും,
മംഗലത്തിന് കരം ഗ്രഹിക്കാനും ,
അരുതെന്നു വിലക്കാനും,
ദാനം ചെയ്യാനും,
കൊടി പിടിക്കാനും,
വിരൽ ചൂണ്ടാനുമൊക്കെ
വലതനെ
ഏർപ്പാടാക്കുമ്പോൾ
ഭാരം പിടിക്കാനോ
മറ്റും മാത്രം
ഇടതനെയവൻ തഞ്ചത്തിൽ കൂട്ടുന്നു …..

മണ്ണ് തുടയ്ക്കാനോ ,
മണ്ണിൽ വീണതെടുക്കാനോ,
വിസർജ്യം കഴുകാനോ,
കൊന്നതിനെ കുഴിച്ചുമൂടാനോ,
ഇടതൻ മുന്നിട്ടിറങ്ങുകയും വേണം

എങ്കിലുമൊരു
ഇടതു കൈയ്യൻ
അഭിമാനത്തോടെ
ഇടതു തന്നെ തുടരും
പൂർവ്വിക ശാസനകൾ
വലതു കൈയ്യാലെ
തട്ടിയെറിഞ്ഞു കൊണ്ട് .

കാലടി സ്വദേശിനിയാണ്. ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂരിൽ ജോലി ചെയ്യുന്നു. "വിരലടയാളങ്ങൾ" ആദ്യ കവിതാ സമാഹാരമാണ്.