9th D – റോമനോവിന്റെ കഥ

ഇന്നലെ രാത്രിയെന്നെ വെളിമാനം സ്കൂളിൽവെച്ചു പോലീസു പൊക്കി, സ്വഭാവികം. ഇന്നലെ ഞാൻ നന്നായി മദ്യപിച്ചിരുന്നു. റോമനോവ്! നല്ല കിടിലൻ ബ്രാൻഡാണ്. എന്റെ ഫേവറേറ്റ്. ഏതോ ചക്രവർത്തിയുടെ പേരാണിവന്. ചക്രവർത്തി രണ്ടുപെഗ്ഗ് അകത്തു ചെന്നാൽ എന്നിലെ കവിയുണരും. മൂന്നാമത്തെ പെഗ്ഗിൽ സാഹസികനും. നാലുപെഗ്ഗ്. നാലുപെഗ്ഗാണിന്നലെ വലിച്ചു കയറ്റിയത്. വെളിമാനം സ്കൂളിന്റെ പൊക്കം കുറഞ്ഞ മതിൽ ഞാൻ പുഷ്പംപോലെ എടുത്തുചാടി. ഞാൻ പഠിച്ച സ്കൂൾ. എന്റെ സ്കൂൾ.. എന്റെ സ്കൂളിൽ കയറാൻ ഞാനാരെ ഭയക്കണം? ചരൽവിരിച്ച മുറ്റമൊരു പഞ്ഞിക്കെട്ടാണെന്നു തോന്നി. കാലു കുഴയുന്നതു പോലെ. എന്റെ ലക്ഷ്യം ഒൻപതു ഡിയുടെ ക്ലാസ്സ്മുറിയാണ്. നേർത്തനിലാവിൽ കുളിച്ച വരാന്ത. മഞ്ഞനിറമുള്ള ഒരു സ്വപ്നംപോലെ ആ ക്ലാസ്സ്മുറി. 9th D. ഗ്രില്ലിട്ട വാതിൽ അടച്ചിരുന്നു. വാതിലിനുമുകളിൽ എഴുതിവെച്ചിരിക്കുന്ന ബൈബിൾവാക്യം.

‘വിദ്യാർത്ഥിയുടെ ഹൃദയത്തിലുള്ളതെന്തെന്നു വൈകാതെ അവന്റെ പെരുമാറ്റത്തിലൂടെ തന്നെ വെളിപ്പെടും.(മാർക്കോസ് 7.21)’

‘അതുകൊള്ളാം. ഇപ്പോഴെന്റെ ഹൃദയത്തിലുള്ളത് എന്താണെന്നു നിനക്കറിയാമോടാ മാർക്കോസേ?’ ഉള്ളിലെ റോമനോവ് ഫോമിലായി. ‘ഓർമ്മകൾ.. ഓർമ്മകളാണെന്റെ ഹൃദയത്തിൽ നിറയെ.  ഈ ക്ലാസ്സ്മുറി. ഇവിടമെനിക്കൊരുപാട് ഇഷ്ടമാണ്. ഇവിടം.., ഇവിടം ഒരിക്കലും മരിക്കാത്ത ഓർമ്മകളുടെ കലവറയാണ്.’ ശബ്ദം കുഴഞ്ഞു തുടങ്ങി. ക്ലാസ്സ്റൂമിനു പുറത്തൊരു തടിഡെസ്ക്കു കിടക്കുന്നു. അതിനുമുകളിൽ പേനകൊണ്ടു വരച്ച നിലയിൽ മോഹൻലാലിന്റെ മുഖത്തിന്റെ പാതി. മഷി നന്നേ മങ്ങിയിരുന്നെങ്കിലും എനിക്കാ പടം വളരെ പരിചിതമായിത്തോന്നി. ഇത്.., ഇതു ഞാൻ വരച്ചതല്ലേ? ഞാനതിനു മോളിൽ കുഴഞ്ഞിരുന്നു. മദ്യകുപ്പി വീണ്ടും വായിലേക്കു ചൊരിഞ്ഞു. അഞ്ചാമത്തെ പെഗ്ഗ്.

ഇന്നത്തെ രാത്രി എന്തൊക്കെ കൗതുകങ്ങളാണ് എനിക്കുവേണ്ടി കരുതിവെച്ചിരിക്കുന്നത്! റോമനോവിന്റെയൊരു പവറേ.. ഈ രാത്രി, ഇത്‌ അവസാനിക്കാതിരുന്നെങ്കിൽ.

പത്താംക്ലാസ്സുവരെ ഞാൻ പഠിച്ചത് ഈ സ്‌കൂളിലാണ്. ഇവിടെ ഈ ഒമ്പതു ഡിയിൽ പഠിക്കുമ്പോൾ എനിക്കൊരു വൺവേ ലൈനുണ്ടായിരുന്നു, അലീന. നല്ല നാടൻപയറുപോലെ വെളുത്തു മെലിഞ്ഞയൊരു ക്രിസ്ത്യാനിപെൺകുട്ടി. അവളുടെ കഴുത്തിലെപ്പോഴുമൊരു കുരിശുമാല കിടന്നിരുന്നു.

എല്ലാ ആദ്യവെള്ളിയാഴ്ചയും ഉച്ചസമയത്തു പള്ളിയിൽ കുർബാനയുണ്ട്. കുട്ടികൾക്കുവേണ്ടി പ്രത്യേകമായി നടത്തുന്നത്. കൃസ്ത്യാനികളായ എല്ലാ കുട്ടികളും കുർബാനയിൽ പങ്കെടുക്കണമെന്നു സ്കൂൾ പ്രിൻസിപ്പളായ മാനുവൽ സാർ നിർബന്ധം പിടിച്ചു.

പന്ത്രണ്ടുമണിക്കാണു വിശുദ്ധ കുർബാന. കൃത്യം പതിനൊന്നേ മുക്കാലാകുമ്പോൾ ലോങ്ബെൽ മുഴങ്ങും. അപ്പോൾ കൈയിലൊരു ചൂരൽവടിയുമായി മാനുവൽ സാർ വരാന്തയുടെ അങ്ങേത്തലയ്ക്കൽ പ്രത്യക്ഷപ്പെടും. അങ്ങേരെ കാണുന്നതും ക്ലാസ്സ്മുറികളിൽനിന്നു ക്രിസ്ത്യാനികളായ കുട്ടികളെല്ലാം ചാടിയിറങ്ങി പള്ളിയിലേക്കോടും. ചരൽവിരിച്ച വലിയ ഗ്രൗണ്ടു മുറിച്ചുനടക്കുമ്പോൾ യൂണിഫോമുകളൊരുമിച്ചൊരു കടലായിത്തീരും.

എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ ഞാനുമാ കടലിന്റെ ഭാഗമായിരുന്നു. പക്ഷേ ഒമ്പതിലെത്തിയപ്പോൾ മാനുവൽ സാറിനോടുള്ള പേടിയെങ്ങോ പോയിപ്പോയി. ഒപ്പം ഉച്ചകുർബാനയോടുള്ള താല്പര്യവും കുറഞ്ഞു. കാരണം ആ വർഷമെനിക്കു മൂന്നു കൂട്ടുകാരെ കിട്ടി. ഒപ്പമൊരു വൺസൈഡു പ്രണയവും.

നിഖിൽ, ലിബിൻജോബ്, പൊങ്ങനെന്ന ബിബിൻ. പിന്നെ എന്റെ ലവറുടെ പേര് അലീന.

സൗഹൃദവും പ്രണയവും ഒരു കോയിന്റെ ഇരുവശങ്ങളത്രേ. പക്ഷേ ഒറ്റ ടോസിൽ രണ്ടിലൊന്നു സെലക്റ്റു ചെയ്യാൻ പറഞ്ഞാൽ വിഷമത്തിലാകും.

ബാക്ക്ബെഞ്ചിലായിരുന്നു ഞങ്ങൾ മൂവരും ഇരുന്നിരുന്നത്. കൗമാരസ്വപ്നങ്ങൾ ചിറകുവിരിച്ച ബാക്ക്ബെഞ്ച്. ഇടിമിന്നൽ പോലൊരു ഗ്യാങ്.. മഞ്ഞനിറമുള്ള സ്വപ്നംപോലെ ക്ലാസ്സ്മുറി.

‘ഈ കോപ്പിലെ പരിപാടി ഞാൻ മടുത്തു. ‘ നിഖിലൊരു ദിവസം പറഞ്ഞു.

‘എന്നെക്കൊണ്ടും വയ്യ. വിശന്നു കുത്തിയിരിക്കുമ്പോഴാ ഒരു കുർബാന. ഈ ‘തടത്തിന് ‘എന്തിന്റെ കേടാ..’ –  പൊങ്ങനതിനെ അനുകൂലിച്ചു.

‘ചാടാം.’ ഞാൻ പറഞ്ഞു.

‘ചാ.. ചാടാനോ.. എങ്ങനെ?’ ലിബിന്റെ ശബ്ദത്തിൽ പരിഭ്രമം കലർന്നു. അവനു സാദാസമയവും ചൂരലും വീശി നടക്കുന്ന മാനുവൽസാറിനെ ഒടുക്കത്തെ പേടിയാണ്.

‘വഴിയുണ്ട്. ചാടുമെന്നു പറഞ്ഞാ ചാടിയിരിക്കും.’ ഞാൻ ഡെസ്ക്കിനു പുറത്തു പകുതിയാക്കി വെച്ചിരുന്ന ക്രിസ്ത്യൻ ബ്രദേഴ്സിലെ മോഹൻലാലിനൊരു കൂളിംഗ് ഗ്ലാസു വരയ്ക്കുവാൻ തുടങ്ങി.

വെള്ളിയാഴ്ച വരുന്നു. എങ്ങും കടലുപോലെ പരന്നുകിടക്കുന്ന നിശബ്ദത. സ്റ്റാഫ് മീറ്റിംഗ് ആയിരുന്നതിനാൽ ആ അവറു ഫ്രീയായിരുന്നു. ക്ലാസ്സിനു മുന്നിൽ കാതുകൂർപ്പിച്ചു സേതുരാമ്മയ്യർ സിബിഐയെപ്പോലെ ഉലാത്തുന്ന ക്ലാസ്സ്ലീഡർ കൂടിയായ അലീന.

‘പതിനൊന്നേമുക്കാലിനു ബെല്ലടിക്കും. നാപ്പതാകുമ്പോ നമ്മൾ ക്ലാസ്സിൽ നിന്നുമിറങ്ങി മുങ്ങുന്നു.’ പേന താഴേക്കിട്ട് അതെടുക്കുവാനെന്നവണ്ണം കുനിയുന്നതിനിടയിൽ ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. മഞ്ഞനിറമുള്ള ഭിത്തിയിൽ ഘടിപ്പിച്ച ക്ലോക്കിൽനിന്നും ടിക് ടിക് ശബ്ദം. ഒൻപതു ഡിയുടെ തുരുമ്പുപിടിച്ച ജനലഴികൾക്കപ്പുറം പച്ച കടലുപോലെ കാട്ടുപയറുകൾ തിരതല്ലുന്ന റബ്ബർത്തോട്ടം ക്ലാസ്സിലേക്ക് ആകാംഷയോടെ എത്തിനോക്കി.

ആദ്യവെള്ളിയാഴ്ചകളിലെ ഒളിച്ചോട്ടം പിന്നെയൊരു പതിവായി. പള്ളിയിൽ വിശുദ്ധകുർബാന പൊടിപൊടിക്കുമ്പോൾ റബ്ബർമരങ്ങൾക്കിടയിൽ ഞങ്ങൾ തലകുത്തി മറിഞ്ഞു. ‘ബിജോയ്സിൽനിന്നും’ ഷെയറിട്ടു വാങ്ങിയ പഫ്സുകൾ പകുത്തു കഴിച്ചു. റബ്ബർമരങ്ങൾക്കിടയിൽ സർപ്പങ്ങളെപ്പോലെ പിണഞ്ഞുകിടക്കുന്ന കാട്ടുപയറുകളിലേക്കു നീട്ടി മൂത്രമൊഴിച്ചു.

സ്‌കൂളിനു മുന്നിലൂടെയൊരു കൈത്തോടൊഴുകുന്നുണ്ട്. തോട്ടിലേക്കു തലചായ്ച്ചു നിൽക്കുന്ന ഇല്ലിക്കൂട്ടം. റബ്ബർ മരങ്ങൾ കുർബാനയുടെ അവസാനവട്ട പ്രാർത്ഥനയെ കാതിലെത്തിക്കുമ്പോൾ പതിയെ അങ്ങോട്ടു നടക്കും. ഇല്ലിക്കൂട്ടങ്ങൾക്കരികിൽ ഒളിച്ചുനിന്നാൽ പള്ളിയും സ്കൂൾഗ്രൗണ്ടും കാണാം. പ്രാർത്ഥന കഴിഞ്ഞ പെൺകുട്ടികൾ കൂട്ടമായും അല്ലാതെയും ഗ്രൗണ്ടിലൂടെ നടന്നുനീങ്ങുന്നു. അതിലൊരു പെൺകുട്ടി പള്ളിയുടെ കവാടത്തിനടുത്തുള്ള മാതാവിന്റെ ഗ്രോട്ടോയിലേക്കു കയറുന്നതു കണ്ടു. അവളുടെ കൈയിൽ എരിയുന്ന മെഴുകുതിരികൾ..

മാതാവേ.. അലീനയല്ലേ അത്! എന്റെയുള്ളിൽ മാമ്പഴംപോലെ എന്തോ ഒന്നു മധുരിച്ചു. അന്നുമുതലാണ് ഞാൻ നല്ല റൊമാന്റിക്കായുള്ള സ്വപ്നങ്ങൾ കാണുവാൻ തുടങ്ങിയത് .

ഒരുദിവസം. ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പിരിയഡ്. മാത്തമാറ്റിക്സിന്റെ ക്ലാസ്സു നടക്കുന്നു. പക്ഷേ എന്റെ മനസ്സിവിടെയൊന്നുമല്ല. വെളിമാനം സ്കൂളാക്രമിക്കുന്ന ഒരുകൂട്ടം തീവ്രവാദികൾ. ക്ലാസ്സിൽ അതിക്രമിച്ചു കയറിയ അവർ കണക്കുടീച്ചറായ മിനിജടീച്ചറെ ഒരു മൂലയ്ക്കു കെട്ടിയിടുന്നു. ശേഷമവർ ഓരോരുത്തരെയായി ബന്ധികളാക്കി. ഇനി നായകനായ എന്റെ ഇൻട്രോയാണ്. സ്ലോമോഷനിൽ നടന്നുവന്ന ഞാൻ കാൽപൊക്കിയൊരുത്തന്റെ കൈയിലാഞ്ഞു തൊഴിച്ചു. തെറിച്ചുവീണ തോക്കു കൈക്കലാക്കിയശേഷം കോമ്പസുപോലെ വട്ടംകറങ്ങി തുരുതുരാ വെടിയുതിർത്തു. ഭീകരർ നാലുവശങ്ങളിലേക്കും തെറിച്ചുവീണു. സ്‌ക്രീനിൽ നിറയുന്ന പുക.. പുകപടലങ്ങൾക്കപ്പുറത്തുനിന്നും എന്നെ ആരാധനയോടെ നോക്കുന്ന അലീന. എത്ര മനോഹരമായ സ്വപ്നം!

‘ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപമെന്ത്?’ മിനിജടീച്ചർ ചോദിക്കുന്നു.

‘ഡാ നിന്നോടാ…’ പൊങ്ങൻ കാലിൽ തോണ്ടി.

‘എന്തുവാടാ?’
‘അമേരിക്കൻ പ്രസിഡണ്ടിന്റെ പേരെന്താണെന്ന്.’ നിഖിൽ ചിരി കടിച്ചമർത്തി.

കണക്കുക്ലാസ്സിൽ എന്തിനാപോലും പ്രസിഡണ്ടിന്റെ പേര്. ആലോചിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല.
‘ടീച്ചർ ഒബാമ.’ ഗമയിൽ പറഞ്ഞു.

‘ഗെറ്റൗട്ട്’ മിനിജടീച്ചറുടെ മറുപടിക്കൊപ്പം ക്ലാസ്സിൽ കൂട്ടച്ചിരിയുടെ അമിട്ടു പൊട്ടി. കുപ്പിവളകൾ കിലുങ്ങുന്നതു പോലെയുള്ള അലീനയുടെ ചിരി കാണാൻ വല്ലാത്തൊരു ഭംഗിയാണ്.

പുറത്തു ഭിത്തിയിൽ ചാരിനിൽക്കുമ്പോൾ ക്ലാസ്സിൽവെച്ചു കണ്ട സ്വപ്നത്തിന്റെ ബാക്കി സങ്കൽപ്പിക്കുവാൻ തുടങ്ങി. ഭീകരരെയും കൊന്നു സ്ലോമോഷനും കഴിഞ്ഞു ഞങ്ങൾ രണ്ടും പോവുകയാണ്. വെളുത്ത കുതിരകളെ പൂട്ടിയ ഒരു രഥത്തിൽ പച്ചപ്പണിഞ്ഞ പാടശേഖരങ്ങൾക്കു നടുവിലേക്ക്..

‘ഒരു രാജമല്ലി വിടരുന്നപോലെ ഇതളെഴുതി മുന്നിലൊരു മുഖം..
ഒരു ദേവഗാനമുടലാർന്നപോലെ വരമരുളിയെന്നിലൊരു സുഖം..’

ഒരു ഓക്കാനത്തിനോടൊപ്പം ഞാൻ ഉറക്കെ പാടി. എന്നിട്ട്.. എന്നിട്ടെന്തുണ്ടായി? ഉള്ളിലെ ബാക്കിയായ റോമനോവ് ചോദിച്ചു. എന്തുണ്ടാകാൻ! കറുകനാമ്പിലും മധുകണം. വെള്ളത്തിൽ വീണ ഐസുകട്ടപോലെ ഒൻപതാംക്ലാസ്സ് അലിഞ്ഞു തീർന്നു. വലിയപരീക്ഷയ്ക്ക് ഒരു ബെഞ്ചിന്റെ അപ്പുറവും ഇപ്പുറവുമിരുന്നു ഞങ്ങൾ പരീക്ഷയെഴുതി. നീലനിറത്തിൽ ചെരിഞ്ഞു പായുന്ന അവളുടെ കൈയക്ഷരം കണ്ടപ്പോൾ മലയാളം ബുക്കിന്റെ ബാക്പേജിൽ എഴുതിയിട്ടിരുന്ന പ്രണയം തുളുമ്പുന്ന കവിതയിലെ വരികൾ ഓർമ്മവന്നു.  പത്താം ക്ലാസ്സിലെത്തിയപ്പോൾ അവൾ സ്കൂൾ മാറിപ്പോയിരുന്നു. ഞങ്ങളുടെ ഗ്യാങ് വിവിധ ഡിവിഷനുകളിലേക്കു വേർപിരിഞ്ഞു. ഓർമ്മകൾ.. ഓർമ്മകൾ മാത്രം ബാക്കിയായി.

‘നിനക്കറിയാമോ റോമനോവ്? ഒരു മഴ ഒരിക്കൽ മാത്രമേ നനയാൻ കഴിയുകയുള്ളൂ.. ഒരു മഴവില്ല് ഒരിക്കൽ മാത്രമേ വിരിയുകയുള്ളൂ.’

ഡെസ്ക്കിനുതാഴെ ലെക്സിയുടെയൊരു പേന കിടക്കുന്നു. ആരോ ഉപേക്ഷിച്ചുപോയ ഓർമ്മയുടെ നീലിച്ച തുണ്ടുപോലെ. ബദ്ധപ്പെട്ടു കുനിഞ്ഞതു കൈക്കലാക്കി.

‘അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും..’

ഡെസ്ക്കിൽ ലാലേട്ടനോടു ചേർന്നു വലിയൊരു ലവ്ചിഹ്നം വരച്ചു ഞാൻ എഴുതുവാൻ തുടങ്ങി. പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. അതിനുമുൻപു ലൈറ്റുവെട്ടങ്ങൾ അക്ഷരങ്ങൾക്കു മുകളിൽ വീണു ചിതറി. നേർത്തനിലാവിനെ മുറിച്ചു പോലീസ് ജീപ്പ് ഗ്രൗണ്ടു കടക്കുമ്പോൾ ഞാനാ കവിതയുടെ ബാക്കിവരികൾ ഓർത്തെടുത്തു.

‘അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും..

ഉരുകി നിന്നാത്മവിനാഴങ്ങളിൽവീണു
പൊലിയുമ്പോഴാണെന്റെ സ്വർഗ്ഗം…’

ഒരിക്കൽകൂടി സ്കൂളിൽ കയറണം. തടിഡെസ്ക്കിൽ ബാക്കിവരികൾകൂടി എഴുതിച്ചേർക്കണം. ഞാൻ പുഞ്ചിരിയോടെ ആലോചിച്ചു.