493 നോട്ടിക്കൽ മൈൽ

”In a world of lies and liars, an honest work of art is always an act of social responsibility.” (Robert McKee)

രാഷ്ട്രത്തെ കാർന്നുതിന്നുന്ന അർബുദമാണ് തീവ്രവാദം. രാഷ്ട്രീയ സാമൂഹിക സാമ്പത്തീകഘടകങ്ങൾ തീവ്രവാദം ശക്തിപ്പെടുന്നതിനു പിറകിലുണ്ട്. തൊഴിലില്ലായ്മയും നീതി നിഷേധവും സാമൂഹിക അസമത്വങ്ങളും പ്രക്ഷുബ്ധ യൗവനങ്ങളെ ജനാധിപത്യത്തിനെതിരെ സായുധ നീക്കത്തിന് പ്രേരിപ്പിക്കുന്നു. അരക്ഷിതരും നിരാശരുമായ ഒരു ജനത ദേശവിരുദ്ധവും വിധ്വംസകവുമായ പ്രവർത്തനങ്ങളിലേക്ക് നടന്നടുക്കുമ്പോൾ ഭരണകൂട ജീർണ്ണതയെക്കുറിച്ച് നാം വീണ്ടും വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ പുഴുക്കുത്തുകളുടെ ബാക്കിപത്രമാവുന്ന തീവ്രവാദത്തിൻ്റെ പശ്ചാത്തലത്തിൽ പ്രമോദ്.പി.സെബാൻ എഴുതിയ കുറ്റാന്വേഷണ നോവൽ 493 നോട്ടിക്കൽ മൈൽ ഏറെ ശ്രദ്ധേയമാവുന്നു. എല്ലാം സുരക്ഷിതമെന്നു കരുതിയുള്ള ഭരണകൂട ലാഘവത്വങ്ങൾക്കു മേൽ പ്രഹരമേൽപ്പിക്കുന്നു ഈ കൃതി. ഭദ്രമെന്നു കരുതി നിൽക്കുന്നവയെല്ലാം കാൽച്ചുവട്ടിൽ നിന്ന് ഒലിച്ചുപോവുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന ഒരു കൂട്ടം ആളുകളുടെ നീറുന്ന കഥയാണിത്.

കൊച്ചിയിൽ നിന്ന് 493 നോട്ടിക്കൽ മൈൽ അകലെ മാലിദ്വീപിൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന സംഭ്രമജനകമായ രംഗങ്ങളിലൂടെ നോവൽ വായനക്കാരനെ ഉദ്വേഗത്തിൻ്റെ വിതാനത്തിലെത്തിക്കുന്നു. എഴുപതുകളിലും എൺപതുകളിലും മലയാളിയെ കോരിത്തരിപ്പിച്ച അപസർപ്പക കഥകളുടെ സാമ്പ്രദായികാഖ്യാനമല്ല നോവലിലേത്. ഭാഷയിലും ആവിഷ്ക്കാരത്തിലും എഴുത്തുകാരൻ പുലർത്തുന്ന സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. കവിയും കഥാകൃത്തുമായ എഴുത്തുകാരൻ്റെ ആദ്യ നോവലാണിത്.1988 ൽ മാലിദ്വീപിലെ പ്ലോട്ട് എന്ന ഭീകര സംഘടനയിൽപ്പെട്ട തീവ്രവാദികളെ ഇന്ത്യൻ വ്യോമസേന വകവരുത്തുകയായിരുന്നു. അവശേഷിച്ചവർ തടവറയിലുമായി. പിൽക്കാലത്ത് പ്ലോട്ടിൻ്റെ അപകടകരമായ നിശ്ശബ്ദത എഴുത്തുകാരനെ ആകുലപ്പെടുത്തുകയുണ്ടായി. ഈ ആകുലതയാണ് നോവലിൻ്റെ പിറവിക്ക് കാരണം.

സിദ്ധാർഥിൻ്റെയും കാമുകി നീരജയുടെയും തിരോധാനത്തിലാരംഭിക്കുന്ന നോവൽ പല അടരുകളിലൂടെ കടന്നു പോവുന്നു. പ്രണയം, കുടുംബബന്ധം, അധികാരം, രതി, തീവ്രവാദം എന്നിങ്ങനെ ആധുനിക മനുഷ്യൻ്റെ സകല വ്യവഹാര മണ്ഡലങ്ങളിലേക്കും നോവൽ ഒഴുകിപ്പരക്കുന്നു. സുധാകരൻ, മഞ്ജുഷ, ശ്രീധരൻ, മണികണ്ഠൻ എന്നീ കഥാപാത്രങ്ങൾ മിഴിവോടെ നിൽക്കുന്നു. 41 അധ്യായങ്ങളിലൂടെ വായനക്കാരനെ തനിക്കൊപ്പം കൊണ്ടു പോകാൻ നോവലിസ്റ്റിനാവുന്നു.

നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ ശക്തിയുടെ പ്രതീകങ്ങളാവുന്നു. മാലിദ്വീപിലെ സ്ത്രീകൾ വിവാഹമെന്ന കുരുക്കിൽപ്പെട്ട് ജീവിതം ഹോമിക്കാൻ തയ്യാറാവുന്നവരല്ല. സ്വന്തം വ്യക്തിത്വത്തിനും അസ്തിത്വത്തിനും വലിയ മൂല്യം കൽപ്പിക്കുന്ന അവർ സകല ആധിപത്യങ്ങളെയും എതിർക്കുന്നവരാണ്. ഹോട്ടലിലെ ലോഞ്ചിൽ തറ തുടച്ചു നിൽക്കുമ്പോൾ പിറകിൽ നിന്ന് കടന്നുപിടിച്ച പാക്കിസ്ഥാനിയെ നിലത്തിട്ട് തല്ലാൻ ദ്വീപുകാരിയായ സ്ത്രീയെ പ്രേരിപ്പിക്കുന്നത് ആ ചങ്കൂറ്റമാണ്. മകളെ കാണാതാവുമ്പോൾ തകർന്നു പോകുന്ന സുധാകരന് ധൈര്യം പകർന്നു നൽകുന്നത് ഭാര്യ മഞ്ജുഷയാണ്. പഠിക്കുന്ന കാലത്ത് കോളേജ് യൂണിയൻ ചെയർപേഴ്സണായിരുന്ന അവൾ ക്യാമ്പസിലെ വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസിൻ്റെ വാഹനത്തിൻ്റെ ചില്ല് എറിഞ്ഞുതകർത്തവളാണ്. ഹോസ്റ്റലിലെ പ്രശ്നങ്ങൾക്കെതിരെ നിരാഹാര സമരം കിടന്നവളുമാണ് അവൾ. ഭർത്താവിൻ്റെ പുറം ഉഴിഞ്ഞു കൊണ്ട് ധീരയാവാൻ ശ്രമിക്കുന്ന അവളുടെ ആത്മഗതം ഇങ്ങനെയാണ്: “തളരരുത്. തൻ്റേടിയായ ഒരു പെണ്ണുണ്ട് തൻ്റെയുള്ളിൽ. അവൾ ഉറങ്ങിക്കിടക്കുവാണെന്നേയുള്ളൂ. ഉറക്കമെന്നത് മരണമല്ല; ഉണരാനുള്ളതാണ് ഓരോ ഉറക്കവും. ഉണർന്നേ പറ്റൂ.”

മനുഷ്യാവസ്ഥകളുടെ വിഭിന്നങ്ങളായ ലോകങ്ങൾ നോവലിൽ ആവിഷ്ക്കരിക്കപ്പെടുന്നു. പത്താമത്തെ അധ്യായത്തിൽ മണികണ്ഠൻ എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്യുന്നുണ്ട്. വിശപ്പിനാൽ കടയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച് ആൾക്കൂട്ടം അടിച്ചു കൊന്ന ആദിവാസി യുവാവ് മധുവിൻ്റെ ചിത്രത്തിന് മണികണ്ഠനുമായി സാമ്യമുണ്ട്.

ചരിത്രവും ഭാവനയും ഇടകലർത്തി വായനയുടെ ഒരു വിരുന്ന് സമ്മാനിക്കുന്നുണ്ട് ഈ നോവൽ. ഓരോ അധ്യായവും ദൃശ്യഭാഷയുടെ മനോഹാരിതയാൽ സമ്പന്നമാണ്. സ്ഥലകാലങ്ങൾ ചിതറിച്ചിതറി അവതരിപ്പിക്കപ്പെടുന്നു. കൊച്ചിയും കോഴിക്കോടും ശ്രീകാകുളവും മാലിദ്വീപുമെല്ലാം നോവലിൻ്റെ ഭൂമികയായിത്തീരുന്നു. എഴുത്തിലെ ഈ കൊളാഷ് രീതി പുതു നോവലുകളുടെ പ്രത്യേകതകളിലൊന്നാണ്.

അപസർപ്പക രചനയുടെ ആഖ്യാനരീതി സ്വീകരിക്കുമ്പോഴും നോവൽ ഉയർത്തിക്കാട്ടുന്നത് നമ്മുടെ ജനാധിപത്യത്തിൻ്റെ ആണിക്കല്ലുകളായിത്തീരേണ്ട വിശാലമായ സ്വാതന്ത്ര്യ സങ്കൽപ്പങ്ങളുടെയും അവകാശബോധങ്ങളുടെയും സ്ഥാപനം തന്നെയാണ്. പുറമേ ശാന്തമെന്നു തോന്നുമ്പോഴും അകമേ പുകയുന്ന ഒരു രാഷ്ട്രത്തെ നാം കാണുന്നു. അതുകൊണ്ടാണ് ഒൻപതാം അധ്യായം നോവലിസ്റ്റിന് ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നത് :- ”അല്ലെങ്കിലും പുറം കാഴ്ചയിൽ എല്ലാം ഭദ്രമാണ്, ഇന്ത്യ പോലെ !”

ലോകമാകെ കീഴടക്കുന്ന അധിനിവേശ ശക്തികളുടെ വിധ്വംസക പ്രവർത്തനങ്ങൾ എതിർക്കപ്പെടേണ്ടതു തന്നെയാണെന്നും നമ്മുടെ ഭരണകൂടം ജാഗ്രതയോടെ കണ്ണുതുറന്നിരിക്കണമെന്നും നോവലിസ്റ്റ് പറയാതെ പറയുന്നു.

ഗഹനമായ ദാർശനീക ചിന്തകൾ നോവലിലുടനീളമുണ്ട്.ഗൗരവമേറിയ ജീവിത ചിന്തകളിൽ ചിലത് ഇങ്ങനെയാണ്:-
       * ഭയമാണ് മനുഷ്യനെ ജീവിക്കാൻ കൊള്ളാത്തവരാക്കി മാറ്റുന്നത്. അതവരുടെ എല്ലാത്തരം ഊർജ്ജത്തേയും ഊറ്റിക്കളയുന്നു. ഒന്നിനെയും ഭയപ്പെടാതെ ജീവിക്കുന്നതിലും വലിയ ആനന്ദം വേറെയെന്ത്?

       * ചരിത്രത്തിൽ ഇടം നേടാത്തതും ചിലതുണ്ട് ഭൂമിയിൽ. വിജയിച്ചവനെയാണ് എപ്പോഴും ലോകമറിയുന്നത്. ഒരാൾ പരാജയപ്പെടുമ്പോഴാണ് മറ്റൊരാൾ വിജയിക്കുന്നതെന്ന് ആരു മോർക്കുന്നില്ല

       * മനുഷ്യർ പല തരക്കാർ. വീണു കിടക്കുമ്പോൾ ഒരിക്കൽക്കൂടി ചവിട്ടിത്താഴ്ത്തുന്നവരാണ് അധികവും. ചിരിക്കുന്ന കാലത്ത് മാത്രം ഒപ്പം നടക്കുന്നവർ കഷ്ടകാലത്ത് വഴിമാറിപ്പോകും.

         * ജീവിതം പലപ്പോഴും അങ്ങനെയാണ്. എത്ര വലിയ ദുരന്തവും മറികടക്കാനും ദു:ഖങ്ങൾക്ക് മീതെക്കൂടി സ്വച്ഛമായി ഒഴുകാനും അതിന് വല്ലാത്തൊരു കഴിവുണ്ട്.

       * മനുഷ്യർ ഏറ്റവും നിസ്സഹായരാവുന്നത് സഹജീവികളെ ഭയക്കേണ്ടി വരുമ്പോഴാണ്.

അപസർപ്പക നോവലുകളെ എക്കാലത്തും മുഖ്യധാര തീണ്ടൽ മനോഭാവത്തോടെയാണ് കണ്ടിട്ടുള്ളത്. അവ വായനാസുഖം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് അനുവാചകനെ ഉദ്വേഗത്തിൻ്റെ പരമകാഷ്ഠയിലെത്തിക്കുകയേ ചെയ്യുകയുള്ളൂ എന്ന ധാരണ പൊതുവേയുണ്ട്. എന്നാൽ ഈയൊരു പൊതുബോധത്തെ അട്ടിമറിക്കുന്നുണ്ട് പ്രമോദ് പി.സെബാൻ്റെ 493 നോട്ടിക്കൽ മൈൽ. ഇത് വെറുമൊരു ക്രൈം ത്രില്ലർ സസ്പെൻസ് നോവൽ മാത്രമല്ല. ജീവിതത്തെ കുറേക്കൂടി  ഗൗരവമായി സമീപിക്കാനും തിരുത്താനും ജാഗ്രതയോടെ ഇരിക്കാനുമുള്ള മുന്നറിയിപ്പുകൾ നൽകുന്ന ശക്തിഗാഥയാണ്. ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച നോവലിന് 160 രൂപയാണ് വില.

ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും എഴുതാറുണ്ട്. ഹയർ സെക്കന്ററി സ്‌കൂൾ മലയാളം അധ്യാപകനാണ്. കോഴിക്കോട് പെരുമണ്ണ സ്വദേശി.