എട്ട് ഒൻപത് കൊല്ലം മുമ്പാണ്.
റാഹേലമ്മയുടെ രണ്ടര ഏക്കർ റബ്ബർ തോട്ടത്തിൻ്റെ മൂലയ്ക്കുള്ള കമ്പിവേലി വളച്ചിട്ടു വേണം കാർത്തൂൻ്റെ വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ കേറാൻ …. കറണ്ട് എത്തിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ. തൻ്റെ തോട്ടത്തിലൂടെ ലൈൻ വലിക്കാതിരിക്കാൻ റാഹേല് ആവുംവിധം പണിഞ്ഞെങ്കിലും അവറാച്ചൻ്റെ സ്പെഷൽ ഇടപെടൽ മൂലം സപ്ലൈ ഒത്തു. അങ്ങേരുടെ വരുത്തു പോക്കിന് എൻ്റെ കൈ സഹായം കിട്ടില്ലെന്ന് ഉറപ്പിച്ചു നിന്നെങ്കിലും മെമ്പർ വീടിനു മുന്നിൽ സർക്കാർ പൈപ്പിട്ടു തരാമെന്ന വാഗ്ദാനത്തിനു മുന്നിൽ റാഹേലമ്മ വഴിപ്പെട്ടു. അങ്ങനെയാണ് മുനിഞ്ഞു കത്തുന്ന അറുപത് വോൾട്ട് ബൾബിൻ്റെ വെട്ടം കണ്ട് ഈ അറുപതാം വയസ്സിലും അവറാച്ചൻ കാർത്തുൻ്റെ കുമ്മായം പൂശിയ വീട്ടിലെത്തുന്നത്…
കെട്ട്യോൻ കാട്ടുപന്നി കുത്തി ചത്തതിനു ശേഷം കാർത്തൂനും ഇതൊക്കെ തന്നെ ഒരു സുഖം….
അങ്ങനെ പോകുന്ന ഒരു രാത്രി ഏഴു മണിയ്ക്കാണ് അവറാച്ചൻ ഒരു മുരളല് കേട്ടത്..
വഴിയരികിൽ മങ്ങിയ വെട്ടത്തിൽ ഒരു തളള നായ് അതിൻ്റെ കൊച്ചിന് പാലു കൊടുക്കുന്നു. പെറ്റ് കിടക്കുന്ന നായ് അപകടകാരിയാണന്നറിയാവുന്ന അവറാച്ചൻ ആറു ബാറ്ററി ടോർച്ചടിച്ച് നോക്കി.. നായ് മുരളുകയാണ്…..
കാർത്തുവിൻ്റെ കൊഴുപ്പോളങ്ങളിൽ കടത്തുവഞ്ചി തളളികയറ്റി ഗരുഡനാട്ടം കഴിഞ്ഞിറങ്ങുമ്പോൾ അവറാച്ചൻ ഒന്നാലോചിച്ചു…. പഴയ പോലെ കുത്തി കിളയ്ക്കല് അങ്ങോട്ട് ഏൽക്കുന്നില്ല. ബോണിച്ചൻ പറഞ്ഞ പോലെ തണ്ണിമത്തൻ്റെ വെള്ളത്തൊണ്ട് പുഴുങ്ങി തിന്നാലോ …. നാടൻ വയാഗ്ര ആണെന്നാണ് അവൻ്റെയൊരു വെപ്പ്…
ഇറങ്ങാൻ നേരുത്താണ് ഓർത്തത്…
ആ തള്ളപ്പട്ടി അവിടെ കാണും….
മുറ്റത്തു കിടന്ന ഒരു ചീലാന്തി പത്തല് കൈയ്യിലെടുത്തു. അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു.’ടേയ്… അവിടെങ്ങാനം ബിസ്ക്കറ്റ് എങ്ങാനും ഇരിപ്പുണ്ടോടി…?’ ആകാംക്ഷയോടെ ഇറങ്ങി വന്ന് കാർത്തു അന്വേഷിച്ചു. ‘എന്തിനാ ഇച്ചായ.. ‘ ആലോചിച്ചു നിൽക്കുന്ന അവറാച്ചൻ്റെ കൈയ്യിൽ രണ്ടു കഷണം ബ്രഡ് വെച്ചു കൊടുത്തു കാർത്തു. അത് വാങ്ങി പത്തലുമെടുത്ത് നടന്നിറങ്ങവേ അവറാച്ചൻ മന്ത്രിച്ചു.’ ഇതുകൊണ്ടൊരു ആവിശ്യമുണ്ട്”
നടന്നു വരവേ വീണ്ടും നായുടെ മുരൾച്ച,,,,
അവറാച്ചൻ ടോർച്ചടിച്ചു. വെട്ടത്തിൽ തള്ളനായുടെ കണ്ണുകൾ തിളങ്ങി. അടുത്ത് ചെന്നപ്പോൾ മുരൾച്ച കുറഞ്ഞു. പാല് കുടിച്ചിരിക്കുന്ന നായ്കുട്ടി തലയുയർത്തി നോക്കി.. ……………. ….
തന്ത്രപൂർവ്വം ഇടതു കൈയ്യിലെ റൊട്ടി അവറാച്ചൻ തളള നായയ്ക്ക് നേരെ നീട്ടി അടുത്തേയ്ക്ക് എറിഞ്ഞു. പതുക്കെ എഴുന്നേറ്റ് വന്ന് അത് തിന്നു തുടങ്ങി….
ആദ്യത്തേത് തിന്നിട്ട് തലയുയർത്തിയതും വലതു കൈയ്യിലെ പത്തലുകൊണ്ട് അവറാച്ചൻ തള്ളനായയുടെ തലക്ക് ഒറ്റയടി.. നായുടെ ഒരലർച്ച … മോങ്ങൽ: .. അവറാച്ചൻ്റെ മുഖത്തേയ്ക്ക് തെറിച്ചുവീണ ചോര…
പിറ്റേന്ന് രാവിലെ റബ്ബറ് വെട്ടാൻ വന്ന കൊച്ചു പൊടിയനാണ് ഒരു പട്ടി ചത്തുമലച്ചു കിടക്കുന്ന കാര്യം പറഞ്ഞത്. ചെന്ന് കാണുമ്പോൾ തലച്ചോറ് പൊളിഞ്ഞു കിടക്കുന്ന ചത്ത തള്ളനായുടെ പാലുകുടിക്കുന്ന ഒരു കുഞ്ഞുനായ്…
രാത്രിയാത്രയുടെ സുഖം മുടക്കികളെ കുഴിച്ചുമൂടണം….
“ടാ… കൊച്ചു പൊടിയാ, ആ ചെറുതിനെ കൂടെ കുഴിയിലോട്ട് മൂടിക്കോ” …………
കുഴിയെടുക്കുന്ന കൊച്ചു പൊടിയൻ ഒന്ന് പരുങ്ങി ” അച്ചായാ, അതു ചത്തില്ല…. ” മൂക്കുപൊത്തി അവറാൻ നിർദ്ദേശിച്ചു “ഓ… ഇത് ഇന്നോ നാളയോ ചാവും … അപ്പോ കുഴിച്ചുമൂടാൻ നിക്കണ്ടല്ലോ.. “
പറഞ്ഞു തീരും മുൻപ് നായക്കുട്ടി ഓടി വന്ന് അവറാച്ചൻ്റെ കാല് നക്കാൻ തുടങ്ങി.. അയാൾ അതിൻ്റെ മുഖത്തേയ്ക്ക് നോക്കി…
എഴാം വയസിൽ കിണറ്റിൽ വീണു മരിച്ച മൂത്ത മകൻ ആബേലിൻ്റെ മുഖം… ആ കുട്ടി നായയുടെ മുഖം ……
നെറ്റിയിലേയ്ക്ക് വീണ മുടി വശത്തേയ്ക്ക് മാറ്റി നോക്കുന്ന ആബേലുമോനെപ്പോലെ…..
അന്നു കൂടിയതാണ് അവറാച്ചനൊപ്പം ടോമിയും ..
അവറാച്ചനെ തൊട്ടുരുമ്മിയും കാലു നക്കിയും ഇന്നും കാൽച്ചുവട്ടിൽ കറുപ്പും വെളുപ്പും നിറമുള്ള ടോമി അയാളുടെ ആബേലുമോനായി, കാർത്തുവിൻ്റെ അറുപതു വോൾട്ട് ബൾബിലേയ്ക്കുള്ള വഴികാട്ടിയായി ഇന്നും തുടരുകയാണ്…..
“അക്കാണുന്നതാണ് മാറനാട് പാറ” ചാരു കസാലയിൽ കിടന്ന് അവറാച്ചൻ നൊസ്റ്റോൾജിക്കായി..
ടോമി തല കുലുക്കി ..
അവറാൻ്റെ വീരകൃത്യങ്ങൾ കേൾക്കാൻ ടോമിയേയുള്ളൂ.
മക്കള് രണ്ട് പേരും കുടുംബമായിട്ട് അങ്ങ് സ്റ്റേറ്റിലാ… വന്നാ വന്നു.. കണ്ടാ കണ്ടു… കഴിഞ്ഞ അവധിക്ക് മക്കള് വന്നപ്പോ ഒരു നിബന്ധന അവറാച്ചൻ വെച്ചിട്ടുണ്ടാരുന്നു. ടോമി എപ്പോഴും എവിടേയും എൻ്റെ കൂടെ കാണും… ബെഡ്റൂമിലും… അടുക്കളയിലും ഒക്കെ അവൻ എൻ്റെ കൂടെ ഉണ്ടാകും…. ബുദ്ധിമുട്ടുള്ളവര് എന്നെ കാണാൻ വരണമെന്നില്ല..”
“അതെന്താ അപ്പച്ചാ അങ്ങനെ പറയുന്നത്. അപ്പച്ചൻ്റെ എന്തേലും കാര്യത്തിന് ഞങ്ങള് എതിരുനിന്നിട്ടുണ്ടോ…” അനിഷ്ടം മറച്ചുവെച്ച് മുപ്പത്തിയാറ് ഏക്കറ് റബ്ബർ തോട്ടത്തിലേയ്ക്ക് നോക്കിയാണ് മൂത്ത മകൻ ജോസൂട്ടി ഇത് പറഞ്ഞത് ….
അവറാച്ചൻ തുടരുകയാണ്.. ” അന്ന് മല കയറാനും പറങ്കിയണ്ടി ചുമന്നോണ്ട് വരാനും സൂസമ്മ കൂടെ കാണും.. ഇവിടെ നിന്നു വടക്കോട്ട് നോക്കിയാൽ അന്ന് മല കാണാമായിരുന്നു… ഇന്ന് മലയുമില്ല… ഒരു മൈ***.മില്ല…………”
ടോമി എല്ലാം തല കുലുക്കി കേൾക്കുകയാണ് …
“അന്ന് ഈ കാർത്തൂൻ്റെ ഒരു മൂത്തത് ഉണ്ടാരുന്നു… സരസൂന്നാ പേര് .. ഒരു പാണ്ടിയ്ക്കൊപ്പം ഒളിച്ചോടി പോയി… അവളാരുന്നു എൻ്റെ അന്നത്തെ പറ്റുപടി… “
വിഷാദത്തോടെ അവറാൻ ഓർക്കുകയാണ്..
അന്ന് ഒരു രാത്രി സൂസമ്മയുടെ കണ്ണ് വെട്ടിച്ച് സരസ്സുൻ്റെ വീട്ടിൽ പോയതാ..
ഇറങ്ങി വരുമ്പം ദാ… നിക്കുന്നു മുറ്റത്ത് സൂസമ്മ .. എന്നെ കണ്ടതും ഒന്നു കരഞ്ഞു. പിന്നെ വെട്ടിയിട്ട പോലെ താഴെ വീണു…
ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും തീർന്നു .. അറ്റാക്കായിരുന്നു.”
ടോമിക്ക് നല്ല വിഷമം വന്നു …. പാവം അവറാച്ചൻ… …………..
കഴിഞ്ഞ ജൂണിന് മഴവെള്ളം വെട്ടി ചാലാക്കി ഒഴുക്കാൻ കൊച്ചു പൊടിയനൊപ്പം നിന്നതാ അവറാച്ചൻ… ഒന്നു വീണു. വലത്തെ തുടയെല്ല് പൊട്ടി….
ഇപ്പോ വീട്ടി തന്നാ..
വേലക്കാരി ആലീസ് വന്ന് എന്തേലും ഉണ്ടാക്കി വെയ്ക്കും…. വായിൽ വെയ്ക്കാൻ കൊള്ളില്ല ഒന്നും ..
ഓർമ്മകളിൽ എവിടെയോ മലയിടിഞ്ഞ് വീഴും പോലെ ..
മലയിറങ്ങി ചിരിച്ചു വരുന്ന സുസമ്മ………………….
ടോമിയാണ് അവറാച്ചനെ ബാത്ത് റൂമിലേയ്ക്ക് നയിക്കുന്നത് ……..
നാട്ടിലെത്തിയ ജോസൂട്ടി തീർത്തു പറഞ്ഞു. “ഇതങ്ങനെ വിടാൻ പറ്റില്ല… പെരുമ്പഴേൽ ഒരു ആശുപത്രിയുണ്ട്… ചികൽസയും ഭക്ഷണവും ഒക്കെ അവിടെ കിട്ടും… മാസന്തോറുമുള്ളത് അയച്ചുകൊടുത്താ മതി”
ബിനോയി ചൊടിച്ചു “അതെങ്ങനാ.. ഇവിടം വിട്ട് പോകില്ലല്ലോ … ആ നാശം പിടിച്ച പട്ടിയെ വിട്ട് വരില്ലന്നല്ലേ… ആബേലിൻ്റെ മുഖമുള്ള പട്ടി പോലും…. ഓരോരോ ഭ്രാന്തുകൾ……”
ടോമിയ്ക്കും പഴയപോലെ ആരോഗ്യമില്ല… കാഴ്ചക്കുറവുമുണ്ട്. എന്നാലും അവറാനെ വിട്ട് അവൻ ഒരടി മാറുകില്ല…
ജോസൂട്ടിക്കും ബിനോയിക്കും അതു നന്നായി അറിയാം….
ടോമിയുടെ തുടലിൽ പിടിച്ച് വേച്ച് വേച്ച് ബാത്ത് റൂമിലേയ്ക്ക് പോകുന്ന അവറാച്ചനെ കണ്ടിട്ട് ജോസൂട്ടി മന്ത്രിച്ചു… “കുറച്ച് സയനൈഡ് സംഘടിപ്പിക്കണം ……..”
അവറാച്ചൻ്റെ അലർച്ച കേട്ടാണ് ജോസൂട്ടി വാതിൽ തള്ളിത്തുറന്ന് കയറുന്നത് …
വീരഭദ്രനെ പോലെ അലറുന്നു… അവറാച്ചൻ….”എവിടെടാ എൻ്റെ ടോമി … നീയൊക്കെ കൊന്നു തള്ളിയോ..? നിൻ്റെയൊക്കെ കോപ്പിലെ ആശുപത്രിയിൽ ആക്കാൻ എൻ്റെ ടോമിയെ കൊന്നോടാ …………”
ജോസൂട്ടിയും ബിനോയിയും വായും പൊളിച്ച് നിൽക്കുകയാണ്. അങ്ങനൊരു ആഗ്രഹം അവർക്ക് ഉണ്ടെങ്കിലും അവരത് ചെയ്തിട്ടില്ല ..
“ടാ വിളിക്കടാ … മാത്യൂസ് വക്കീലിനെ… എൻ്റെ സർവ്വ വഹയും ഞാൻ എഴുതി മാറ്റുകയാ.. ഒരു തരി നിനക്കൊന്നും തരികേല.. …….”
പൂക്കുല കിട്ടിയാൽ തുള്ളും മട്ടിലായി അവറാൻ ….
യൗവ്വനം തിരിച്ചു വന്നിരിക്കുന്നു…………
ജോസൂട്ടിയും ബിനോയിയും കാല് പിടിച്ച് അപേക്ഷിച്ചു ….
“ഞങ്ങവനെ ഒന്നും ചെയ്തിട്ടില്ല … “
ഉന്തി വന്ന് ചാരു കസാലയിൽ ഇരുന്ന് അവറാൻ ഗർജജിച്ചു. ” ഇരുപത്തിനാല് മണിക്കൂറിനകം ടോമി വന്നില്ലെ… ഞാനാരാണെന്ന് നീയൊക്കെയറിയും…. “
ഇരുപത്തിനാലു മണിക്കൂറും നാല്പത്തിയെട്ടു മണിക്കൂറും കഴിഞ്ഞിട്ടും ടോമി തിരികെ വന്നില്ല. ക്ഷോഭം ക്രമേണ കുറഞ്ഞു വന്നു..
ആബേല് മരിച്ചിട്ട് രണ്ടാം ദിവസം റബ്ബറ് വെട്ടാൻ കേറിയവനാ അവറാച്ചൻ..
ഇതു പോലെ എത്ര കോറലുകൾ നെഞ്ചിൽ തറഞ്ഞു കേറിയിരിക്കുന്നു. എന്നിട്ടും ഇരുമ്പുലക്ക പോലെ നിന്നില്ലേ..
ജോസൂട്ടിക്കും ബിനോയിക്കും നേരിയ ആശ്വാസം …
അപ്പച്ചൻ വക്കീലിനെ വിളിച്ചിട്ടില്ല.
ആറാം നാള് രാവിലെ ദാ… വരുന്നു ടോമി.. ഓടി വന്ന അവൻ ചാരു കസാലയിൽ കിടന്ന അവറാച്ചനെ കെട്ടിപ്പിടിച്ചു. “എവിടെ പോയ ടാ പൊന്നുമോനേ.. “എന്നു വിളിച്ച് കരഞ്ഞ് അവറാച്ചൻ അവനെ വാരി പുണർന്നു …
ടോമി അവശനാണ്..
ശരീരത്ത് അങ്ങിങ്ങ് മുറിവുകളുമുണ്ട്..
അവനെ ചേർത്ത് പിടിച്ച് അവറാൻ വിളിച്ചു. “എൻ്റെ ആബേല് മോനേ… “
അന്നു രാത്രി ടോമി ഉറങ്ങിയത് അവറാച്ചന് ഒപ്പമായിരുന്നു. അയാളെ മാന്തിക്കീറിയും കടിച്ചും ചിരിച്ചും ടോമി അവറാനെ സന്തോഷക്കടലിൽ ആറാടിച്ചു…
ജോസൂട്ടിയും ബിനോയിയും വീണ്ടും മൂക്കത്ത് വിരൽ വെച്ചു. “ശ്ശെടാ .. നാശം പോയതാരുന്നു… ദാ പിന്നേം വന്നു… അപ്പച്ചൻ്റെ ഒരു സന്തോഷം.. ഇങ്ങേരിനി അടുത്ത കാലത്തൊന്നും പെട്ടി കേറില്ല… “
പക്ഷേ അടുത്ത രാത്രിയിൽ ടോമിയെ വീണ്ടും കാണാതായി. വിഷമിച്ചു പോയ അവറാച്ചനെ ജോസൂട്ടി ആശ്വസിപ്പിച്ചു. ” അപ്പച്ചാ …. വയസ്സാകുന്ന കാലത്ത് നായ്ക്കള് വീടു ഉപേക്ഷിച്ചു പോകും… അതുങ്ങളുടെ സ്വഭാവമാ… അത് .. “
അതേ … യജമാനനെ സംരക്ഷിക്കാൻ തനിക്ക് കഴിയില്ലന്നറിയുമ്പോൾ നായ് അവരെ ഉപേക്ഷിച്ച് മരണം തിരഞ്ഞെടുക്കും…
അവറാച്ചന് അതറിയാം…
പക്ഷേ അവനെൻ്റെ ആബേലല്ലേ… അവനെന്നെ ഉപേക്ഷിച്ചാലും അവനെ എനിക്ക് കളയാനാവില്ല..
ഉമ്മറത്തെ ചാരു കസാലയിൽ കിടന്ന് അവറാച്ചൻ നെടുങ്കൻ പാതയിലേയ്ക്ക് ഉറ്റുനോക്കി..
‘ഒരു നാൾ അവൻ വീണ്ടും വരും…
എന്നെ കാണാതിരിക്കാൻ അവനാവില്ല…
ഇനി വന്നാൽ അവനെ കൂട്ടിലാക്കണം..
അവൻ്റെ അവസാന കാലത്ത് അവനെ എനിക്ക് ശിശ്രൂഷിക്കണം …
എൻ്റെ മടിയിൽ കിടന്ന് അവൻ മരിച്ചാൽ മതി..’
പുറത്ത് ചൂടു കൂടുകയാണ്….
മലയിടിഞ്ഞ് സൂസമ്മ വരുന്നു …
ആരേയും കാണാൻ പറ്റുന്നില്ലല്ലോ .. ……….
ടോമി പോയി ഇരുപത്തെട്ടാം നാൾ രാവിലെ മുഖം കഴുകാൻ വെള്ളം ആലീസ് കൊണ്ടു വെച്ചപ്പോഴാണ് അവറാച്ചൻ ആദ്യമായി ഞെട്ടിയത്…….
തൊണ്ടയിൽ നിന്ന് വെള്ളം ഇറക്കാൻ കഴിയാതെ അലറി അവറാച്ചൻ കുരച്ചു ” ബൗ… ബൗ… “