2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു

2024-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകൾക്കും എന്റോവ്മെന്റ് അവാർഡുകൾക്കും ഉളള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2021,2022,2023 വര്‍ഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാര്‍ഡുകൾക്കും എന്റോവ്മെന്റ് അവാർഡുകൾക്കും പരിഗണിക്കുന്നത്.

അക്കാദമി അവാർഡുകൾ (25000/-രൂപ)

കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം,പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രം-മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/തൂലികാചിത്രങ്ങൾ), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം, ബാലസാഹിത്യം.

എൻഡോവ്മെന്റ് അവാർഡുകൾ

സി.ബി.കുമാർ അവാർഡ് (10,000/-രൂപ) (ഉപന്യാസം), കുറ്റിപ്പുഴ അവാർഡ് (10,000/-) (സാഹിത്യ വിമർശനം)

40 വയസ്സിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്മെന്റ് അവാർഡുകൾ:

യുവകവിതാ അവാർഡ് (10,000/-രൂപ) (കവിത)
ഗീതാഹിരണ്യൻ അവാർഡ് (10,000/-രൂപ) (ചെറുകഥ)
ജി.എൻ.പിള്ള അവാർഡ് (5,000/-)(വൈജ്ഞാനികസാഹിത്യം)
50 വയസ്സിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്മെന്റ്

അവാർഡ് : (25,000/- രൂപ)

പ്രൊഫ.എം.അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ് (സാഹിത്യ വിമർശനം)

ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല. എഡിറ്റ് ചെയ്ത പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കുന്നതല്ല. മുകളിൽ പരാമർശിച്ച വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം മറ്റുപ്രസാധകർ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണെങ്കിൽ പരിഗണിക്കുന്നതല്ല. അവാർഡിനുളള പുസ്തകങ്ങളോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ (എൻഡോവ്മെന്റ് അവാർഡുകൾക്കുളള പ്രായം കണക്കാക്കുന്നതിന് വേണ്ടി) കൂടി അയയ്ക്കേണ്ടതാണ്. അയയ്ക്കുന്ന കവറിനുപുറത്ത് ഏത് അവാർഡിനാണെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനക്കുള്ള പുസ്തകങ്ങൾ അയച്ചു തരാവുന്നതാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കർ പത്രക്കുറിപ്പിൽ അറിയിച്ചു.

മേൽപ്പറഞ്ഞ 3 വർഷങ്ങളിലെ കൃതികളുടെ 3 പകർപ്പുകൾ വീതം 2024 നവംബർ 30-ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശൂര്‍-680020 എന്ന വിലാസത്തിൽ അയച്ചുതരാവുന്നതാണ്.