കഥ തുടങ്ങും മുൻപ്, മൂന്നാം ക്ലാസുകാരിയായ ഉമക്കുട്ടിയെ വാരിയെടുത്തൊരു ഉമ്മകൊടുത്ത് എല്ലാ എഴുത്തുകാരുടെയും വായനക്കാരുടെയും മുന്നിലേക്ക് കൊണ്ട് നിർത്തുകയാണിവിടെ. അവളുടെ കുഞ്ഞിക്കൈ കൊണ്ട് എഴുതിയ കുഞ്ഞൊരു കഥയോടൊപ്പം. ഈ കഥയ്ക്ക് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. രണ്ടാം ക്ലാസിൽ വച്ച് എഴുതി സ്‌കൂൾ മാഗസിനിൽ കൊടുത്തിട്ട് പ്രസിദ്ധീകരിക്കപ്പെടാതെ പോയ ആ രചന ഇപ്പോൾ വായനക്കാരിലെത്തിയത് എങ്ങനെയെന്ന് അവളുടെ അച്ഛൻ പ്രശസ്ത കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്ത് എഴുതുന്നത് ആദ്യം വായിക്കാം.
ഉമക്കുട്ടിയുടെ സ്കൂൾ മാഗസിൻ കിട്ടി. നല്ല മിനുമിനുത്ത കടലാസിൽ അച്ചടിച്ച് പച്ചയുടുപ്പിട്ട കിടിലൻ മാഗസിൻ. അത് കിട്ടിയ പാടെ ഉമക്കുട്ടി ഉള്ളടക്കം പേജാണ് നോക്കിയത്. ‘കുറുമ്പൻ റബ്ബർ തോറ്റേ’ എന്ന പേരിൽ ഉമക്കുട്ടി മാഗസിനിലേക്ക് ഒരു കഥ കൊടുത്തിരുന്നു. പാവം പെൻസിൽ എഴുതുന്നതെല്ലാം മായ്ക്കുന്ന കുറുമ്പനായ റബ്ബറിനെ പെൻസിലിന്റെ ചങ്ങാതിയായ പേന ചെറിയൊരു ആൾമാറാട്ടത്തിലൂടെ പറ്റിക്കുന്നതായിരുന്നു കഥ.
ഉള്ളടക്കം പേജിലെ അനേകമനേകം കുഞ്ഞു പേരുകൾക്കിടയിൽ തിരഞ്ഞ് തീർന്ന് ഉമക്കുട്ടി മാഗസിൻ മൊത്തം ഓടിച്ചുനോക്കി. ഉമ എന്ന പേരോ ‘കുറുമ്പൻ റബ്ബർ തോറ്റേ’ എന്ന കഥയോ മാഗസിനിലില്ല.
പൈതലിൻ ഭാവം മാറി, വദനാംബുജം വാടി, കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായി.
ഉമക്കുട്ടി കരയുകയാണെങ്കിൽ കരയട്ടെ എന്ന് കരുതി അച്ഛൻ ആശ്വസിപ്പിക്കാനൊന്നും പോയില്ല. പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ വരച്ച കാർട്ടൂൺ അസ്സലായിട്ടുണ്ടെങ്കിലും പത്രത്തിൽ അച്ചടിക്കാൻ നിർവാഹമില്ലെന്ന് തൃശൂരിലെ ഒരു എഡിറ്റർ പറഞ്ഞപ്പോൾ പത്രമോഫീസിനു മുന്നിൽ ഒറ്റയ്ക്ക് നിന്ന് കരഞ്ഞ അച്ഛൻ എങ്ങനെ മൂന്നാംക്ലാസുകാരിയെ ആശ്വസിപ്പിക്കും?
കവിളിലൂടെ ഒലിച്ച കണ്ണീർ തുടച്ച് ഉമക്കുട്ടി പറഞ്ഞു: ‘ഞാൻ സിനിമയാക്കാൻ പോകുന്ന കഥയായിരുന്നു അത്.’
സ്കൂളിൽ മൊണ്ടാഷ് എന്ന പേരിൽ നടന്ന കുട്ടികളുടെ ചലച്ചിത്രമേളയ്ക്കിടയിലാണ് ഉമക്കുട്ടി അച്ഛനോട് ആദ്യമിത് പറഞ്ഞത്. മേളയിൽ മുഴുവൻ സമയവും പ്രതിനിധിയായ ഉമക്കുട്ടി രാത്രിയും പകലും കുറെ സിനിമകൾ കണ്ടു. ചർച്ചകളിൽ പങ്കെടുത്തു. ചിത്രാഞ്ജലിയിൽ പോയി. ദേശീയ അവാർഡുകൾ കിട്ടിയ ചലച്ചിത്രപ്രവർത്തകരെ പരിചയപ്പെട്ടു. ആയിടയ്ക്ക് എഴുതിയ കുറുമ്പൻ റബ്ബറിന്റെ കഥ സിനിമയാക്കുന്ന കാര്യമടക്കം അവരോടെല്ലാം പറഞ്ഞു.
അച്ഛൻ അന്ന് പറഞ്ഞു: ‘ഈ കഥ നമ്മുടെ ബജറ്റിൽ നിൽക്കില്ല .പേന പെൻസിലായി വേഷം മാറുന്നതൊക്കെ കാണിക്കാൻ ബാഹുബലിയുടെ ടീമിനെ കൊണ്ടുവരേണ്ടിവരും. നമുക്ക് ചെലവ് കുറഞ്ഞ മറ്റേതെങ്കിലും കഥ നോക്കാം.’
‘വെറുതെയല്ല അച്ഛന് ബുദ്ധിയില്ലാ ബുദ്ധിയില്ലാ എന്ന് ഞാനെപ്പോഴും പറയുന്നത്’ ഉമക്കുട്ടി ചൂടായി. ‘അച്ഛാ.. ഒരു കാർഡ് ബോർഡിൽ ചേഞ്ചിങ്ങ് റൂം എന്ന് എഴുതണം. എന്നിട്ട് ഒരു വശത്തുകൂടി പേന കാർഡ്ബോർഡിന്റെ പിന്നിലേക്ക് കടക്കണം. മറ്റേ വശത്തുകൂടി നേരത്തെ കാർഡ്ബോർഡിനു പിന്നിൽ വെച്ചിരുന്ന പെൻസിൽ വരുന്നത് കാണിക്കണം. പേന പെൻസിലായി മാറി എന്നൊക്കെ എല്ലാർക്കും മനസ്സിലാകും.’
ഇത്തിരി ചമ്മിയെങ്കിലും ഉമക്കുട്ടി മനസ്സിൽ ആ സിനിമ കാണുകയാണെന്ന് മനസ്സിലായപ്പോൾ അച്ഛൻ ചിരിച്ചു.
ഇപ്പോ കഥയില്ലാത്ത മാഗസിനും കൈയിൽ പിടിച്ചു കണ്ണീരൊഴുക്കി ഉമക്കുട്ടി അങ്ങനെ നിൽക്കുകയാണ്.
അച്ഛൻ പറഞ്ഞു: ഉമക്കുട്ടീ, നിന്റെ കഥ സ്കൂൾ മാഗസിനിൽ വന്നാൽ സ്കൂളിലെ കുട്ടികളും ടീച്ചർമാരും മാത്രമല്ലേ കാണുകയുള്ളൂ. ഇപ്പൊ അത് ലോകത്ത് എവിടെയിരുന്നും ആർക്കും കാണാലോ.
ശരിയെന്ന് തലയാട്ടി ഉമക്കുട്ടി കണ്ണുതുടച്ചു, ചിരിച്ചു.
ഇനി ഉമ. എസ് എഴുതിയ കഥ വായിക്കാം.
കുറുമ്പൻ റബ്ബർ തോറ്റേ
ഒരു വീട്ടിൽ ഒരു പെൻസിലും ഒരു റബ്ബറും ഉണ്ടായിരുന്നു.
പെൻസിൽ നല്ല ഭംഗിയുള്ള ചിത്രങ്ങൾ വരയ്ക്കും. പക്ഷെ കുറുമ്പൻ റബ്ബർ ഇതെല്ലാം മായിച്ചു കളയും.
പാവം പെൻസിൽ !
ഒരു പടം പോലും വരയ്ക്കാൻ കഴിഞ്ഞില്ല.
പടം വരയ്ക്കാൻ പറ്റാത്തതിനാൽ പെൻസിലിന് വിഷമമായി. പെൻസിൽ ഉറക്കെ കരയാൻ തുടങ്ങി.
കരച്ചിൽ കേട്ട് പേന പെൻസിലിന്റെ വീട്ടിൽ എത്തി.
പേന ചോദിച്ചു എന്തിനാ കരയുന്നേ ?
പെൻസിൽ പറഞ്ഞു ഞാൻ വരയ്ക്കുന്ന ചിത്രങ്ങളെല്ലാം റബ്ബർ മായിച്ചു കളയും.
പേന പറഞ്ഞു, ഇത്രേയുള്ളൂ. ഞാൻ സഹായിക്കാം. ഈ കുറുമ്പൻ റബ്ബറിനെ ഒരു പാഠം പഠിപ്പിക്കണം.
പേനയ്ക്കു മായാജാലം അറിയാമായിരുന്നു.
പേന പെൻസിലിന്റെ വേഷമിട്ട് വന്ന് ഒരു പടം വരച്ചു.
റബ്ബർ ഓടിവന്ന് മായിച്ചു. എന്നാൽ പടം മാഞ്ഞതേയില്ല.
പെൻസിലിന്റെ വേഷമിട്ട പേന പറഞ്ഞു: തെറ്റുകൾ മായ്ക്കുകയാണ് റബ്ബറുകളുടെ ജോലി. അല്ലാതെ ഭംഗിയുള്ള ചിത്രങ്ങൾ മായ്ക്കുന്നതല്ല.
ഇത് കേട്ട റബ്ബർ നാണിച്ചു പോയി.
പിന്നെ പെൻസിൽ വരയ്ക്കുന്ന പടമൊന്നും റബ്ബർ മായിച്ചില്ല.