ഹ്യൂൻസാങ്ങിൻ്റെ ഭാരത പര്യടനം

യാത്രാവിവരണങ്ങൾ ഒരു തെളിവാണ്. ഒരു വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിൻ്റെ നേർ ചിത്രവും, ആ കാലഘട്ടത്തിന് മുമ്പുള്ള ചരിത്രത്തിൻ്റെ വായ് മൊഴികളും ചേർന്നതാണ് ശരിയായ യാത്രാവിവരണങ്ങൾ എല്ലാം തന്നെ. ഇന്നും യാത്രാവിവരണങ്ങൾ സാഹിത്യ ശാഖയിൽ നിറയെ ഉണ്ട്. ഇപ്പോൾ കൂടുതൽ മികവാർന്ന സാങ്കേതിക വിദ്യകൾ കൈവശം ഉണ്ട്. അതിനാൽത്തന്നെ നിജസ്ഥിതികളെ ദൃശ്യവത്കരിക്കാനും സാധിക്കും. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് അവ സാധ്യമായിരുന്നില്ല. വേണ്ട വിധത്തിൽ എഴുതി വയ്ക്കാൻ പോലും സംവിധാനമില്ലാത്ത ഒരു കാലത്താണത് എഴുതിയിരുന്നത്. അപ്പോൾ , അവയെ വായിക്കുമ്പോൾ ആ പോരായ്മകൾ , അന്നത്തെ ചിന്താഗതികൾ മുതലായവ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

ബുദ്ധമതത്തെക്കുറിച്ച് പഠിക്കുന്നതിനായി, ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഒരു പണ്ഡിതനാണ് ഹ്യൂൻസാങ് . പതിമ്മൂന്നു കൊല്ലം ഇന്ത്യയിലെ പലയിടങ്ങളിൽ സഞ്ചരിക്കുകയും നളന്ദ എന്ന വിഖ്യാത സർവ്വകലാശാലയിൽ പഠനവും ചർച്ചകളും നടത്തുകയും ചെയ്ത ഒരാൾ എന്ന നിലക്ക് ആ യാത്രക്കുറിപ്പുകൾ വളരെ പ്രാധാന്യമുള്ളതാണ്. ഹർഷൻ്റെ കാലഘട്ടത്തിലെ ഇന്ത്യയാണ് ഹ്യൂൻസാങ് കണ്ടത്. ആ കാലഘട്ടത്തിൽ ചൈനയിൽ നിന്നും ഇന്ത്യയിലേക്കു വരാൻ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും മറ്റും വളരെ കൗതുകകരമായ വായനാനുഭവങ്ങൾ ആണ്. അതുപോലെ സ്വർണ്ണവും വെള്ളിയും പുസ്തകങ്ങളും മറ്റു വിശുദ്ധാവശിഷ്ടങ്ങളും മറ്റുമായി ഹർഷൻ യാത്രയാക്കിയ ഒരു പ്രധാനിയായി ഹ്യുൻസാങ്ങിനെ വായിക്കുമ്പോൾ അതിഥികളെ ഭാരതം സ്വീകരിച്ച കാഴ്ച തികച്ചും സന്തോഷകരമായ ഒന്നാണ്.

ഇത്തരം വായനകൾ കൂടുതൽ അറിവും സന്തോഷവും നല്കുന്നു.

ഹ്യൂൻസാങ്ങിൻ്റെ ഭാരത പര്യടനം
വിവർത്തനം: പി.കെ.ബി.നായർ
നാഷണൽ ബുക്ക് ട്രസ്റ്റ് (2000)
വില: 9.00 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.