നീലപ്പട്ടുടുത്തും വെൺമേഘക്കപ്പലുകൾ
തുഴഞ്ഞും ആകാശം
ഇലപൊഴിക്കുന്ന മരങ്ങളുടെ
നെടുവീര്‍പ്പുകൾ ഏറ്റുവാങ്ങുമ്പോൾ,
തീമഞ്ഞ മണിപ്പൂക്കളണിഞ്ഞും
നനുത്ത ശിശിരക്കാറ്റിൻറ വിരൽ പിടിച്ചും
ഡിസംബര്‍, നീ വരുന്നു.
മിഴി പാര്‍ത്തു നില്‍ക്കേ
ഓര്‍മകള്‍ ചുഴലിക്കാറ്റായുലയ്ക്കുന്നു.
ഹേമന്ദ ദിനരാത്രങ്ങളേ,
വിരഹമഞ്ഞക്കടലില് എന്നെ ആഴ്ത്തിക്കളയുക
തിമിംഗലത്തിന്റെ ചിറകില്‍ എന്നെ കിടത്തുക,
പവിഴപ്പുറ്റുകളാൽ എന്നെ മറയ്ക്കുക,
പ്രണയം കാന്തിക വലയം തീര്‍ത്ത കടൽ ത്രികോണത്തില്‍
ഞാൻ മറഞ്ഞുപോവട്ടെ.
എങ്കിലും എന്റെ കണ്ണുകള്‍ മുത്തമിട്ട
കാട്ടു സൂര്യകാന്തി പൂക്കളെക്കാണുവാൻ
ആയിരം പൗർണ്ണമി തികയുമ്പോഴൊരിക്കൽ
കരയിലേയ്ക്കയ്ക്കുക.
തിമിംഗലത്തോണിയിൽ
എന്നെ കരയിലേയ്ക്കയ്ക്കുക.
ഇരട്ട വാലൻ കിളിയൊപ്പം സന്ധ്യാ സ്നാനം
കരിയിലപ്പിടകളോടു ചേര്‍ന്ന് പ്രാർത്ഥന
കുരുമുളക് മെതിയൊച്ച കേട്ടുറക്കം
ഇരട്ടത്തല കുരുവികള്‍ വിളിക്കുമ്പോള്‍ ഉണർച്ച,
മഞ്ഞിൽ നനഞ്ഞ പുൽനാമ്പുകൾക്കുമീതെ പ്രഭാതനടത്തം…
ഓര്‍മകള്‍ക്ക് ചൂടുവാന്‍
വടക്കൻ കാറ്റിന്റെ മുടിത്തുമ്പിൽ കുരുങ്ങിയ അപ്പൂപ്പന് താടി.
ഓര്‍മ്മകള്‍ക്ക് വാസനിക്കാന്
കടമ്പിൻ പൂമണം.
കൈലി മുണ്ടിന്റെ കോന്തലയില്‍
ചുണ്ടുചേർത്തടക്കം പറഞ്ഞുകൊണ്ടു
കണ്ടോനക്കുത്തി വിത്തുകൾ.
പാഴ്ചെടി പടര്‍പ്പുകളിലൂടെ നൂണ്ടിറങ്ങുന്നേരം
പൂച്ചവാലൻ പുല്ലുകൾക്കപ്പുറം നിന്നു കൈനീട്ടി
ഒരു കുടന്ന പൂക്കള്‍ ചൊരിഞ്ഞുമ്മ വെച്ചൂ,
നിറങ്ങൾ വാരിച്ചൂടിയ കൊങ്ങിണിച്ചില്ലകൾ.
ഇടവപ്പാതി നനച്ചു വളര്‍ത്തിയ വേനൽപ്പച്ചകളിൽ പൂത്ത
വാടാത്ത പുഞ്ചിരി,
പൊൻ വെയില് നാളങ്ങളേറ്റു വാങ്ങുന്നു.
എന്നെ മറന്നുപോയില്ലാരും
ഞാനും മറന്നിട്ടില്ലാരെയും.
ക്രിസ്മസിന്
കരിമ്പാറക്കെട്ടില്‍ പറ്റിപ്പിടിച്ചു വളരുന്ന
ഉണ്ണീശോപ്പുല്ല് കൊണ്ടൊരു പുല്‍ക്കൂട് കെട്ടണം
ആ പഴയ നക്ഷത്രം
പൊടി തട്ടിയെടുത്തിറയത്തു തൂക്കണം.
ഒത്താൽ
ജീവിതത്തിന്റെ ജാമ്യമില്ലാവാറണ്ടു കൂട്ടാക്കാതെ,
ജനുവരിക്കാറ്റ്
വാഴയില തോരണങ്ങൾ കൊരുത്തലങ്കരിച്ച പറമ്പുകൾ നടന്നിറങ്ങി
ചുറ്റി വളഞ്ഞ ചെമ്മൺദൂരങ്ങൾ പാദങ്ങളാൽ അളന്നു
തോപ്രാംകുടി പള്ളിയില്‍ പെരുന്നാളിന് പോകണം.
അക്കൊല്ലത്തെ കുരുമുളക് മുഴുവന്‍ വിളവെടുത്തു വിറ്റ്
കൈ നിറയെ പണവുമായി
മടക്കിക്കുത്തഴിച്ച മുണ്ടിൻറ തുമ്പു കക്ഷത്തിലിടുക്കി
തോപ്രാംകുടി സിറ്റിയിലൂടെ
ഒന്ന് നടക്കണം.
അതുമതി
അതുമാത്രം മതി അടുത്ത ആയിരം പൗർണ്ണമിക്കാലം
പ്രവാസം തുടരുവാൻ.