കുറച്ചു ദിവസമായി ഉറക്കം
തീരെയില്ല.
പതിവുപോലെ ഇന്നും
ആരോ വാതിൽ തട്ടി,
ഞെട്ടിയില്ല.
തൊട്ടടുത്ത് മൊബൈൽ
കിടപ്പുണ്ട്.
ഞാൻ നോക്കി
കുറേ മിസ്ഡ് കോളുകൾ,
ചാറ്റുകൾ…
അവളുടേത്
ഞാൻ ഞെട്ടി.
ചില ചോദ്യങ്ങൾ
കുഴഞ്ഞു മറിയുന്നു
ഉത്തരമില്ലാതെ
ഞാനും ആ ചോദ്യങ്ങളിലൂടെ
ഒന്ന് വട്ടം കറങ്ങി.
തിരികേ വിളിച്ചു
ഒന്ന് കാണണം
അത്ര മാത്രം
അത് കഴിഞ്ഞ്
ഞങ്ങൾക്കിടയിലൂടെ
മൗനം ഒരു തീവണ്ടി
പോലെ ഓടി പോയി.
ഒരു സ്റ്റേഷനിലും നിർത്തിയില്ല.
രണ്ട് യാത്രക്കാർ
ഒന്ന് ഞാൻ മറ്റൊന്ന്
അവൾ.
ഒന്നും നോക്കിയില്ല.
അടുത്ത ട്രെയിൻ
വരുന്നുണ്ട്.
ഞാൻ ട്രാക്കിലേക്ക്
എടുത്ത് ചാടി
വരാം എന്ന് പറഞ്ഞ്
ആ ട്രെയിനിനെ മടക്കി
അയച്ചു.
സൂര്യൻ തലയ്ക്കുമിതെ
വട്ടമിട്ടു കളിക്കുന്നു..
ഓടുന്നു, തളരുന്നു,
വിയർക്കുന്നു
ഒടുവിൽ തമ്മിൽ
കണ്ടു.
മിണ്ടി തുടങ്ങി
ഏറെ
നിമിഷത്തിനു ശേഷം
ചിരി ഇടയ്ക്കിടെ
വന്നുപോയി.
ഒടുവിൽ ബസ് വന്നു.
ഞങ്ങൾ ഒരുമിച്ച്
ഒരു സീറ്റിലിരുന്നു.
എന്റെ കൈത്തടം
വിയർത്തു. ഉടനെ
അവൾ ആ വിയർപ്പിനെ
പൊതിഞ്ഞു.
ഒന്നും മിണ്ടിയില്ല.
കാലചക്രം കണ്ടക്ടറുടെ
കൈകളിലായിരുന്നു.
അയാൾ ബെല്ലടിച്ചു.
ഞാൻ മനസ്സിൽ കാലൻ
എന്നുവിളിച്ചു.
ഞാൻ
പുറത്തിറങ്ങി.
ഒരു തിരിഞ്ഞു നോട്ടം.
അത്ര മാത്രം.
ബസ് വടക്കോട്ട് ലക്ഷ്യം
വച്ചു നീങ്ങി.
ഹൃദയം പാഴ്മരമായിരിക്കുന്നു
രക്തയോട്ടമില്ല,
നിർജീവം.
ഇടയ്ക്കിടെ മരം കൊത്തി
ഓർമ്മകളിൽ വന്നു
കൊത്തും
ഉള്ള്
പൊള്ളയാണ്
ഒന്നും നോക്കിയില്ല
ഞാൻ ഹൃദയത്തിലൊരു
ബോർഡ് തൂക്കി.
ഹൃദയം വാടകയ്ക്ക്.