ആവർത്തിച്ചു ചോദിച്ചിട്ടും വിഷ്ണുവിൻെറ മൊഴിയിൽ പൊരുത്തക്കേടുകൾ ഒന്നും കാണാത്തത്തിൽ അസ്വസ്ഥത തോന്നിയ സിറ്റി പോലീസ് കമ്മീഷണർ നിവേദിത ഐ പി എസ് അകാരണമായി വിയർത്തു. അവരുടെ കക്ഷത്തിലെ നനവ് ഷർട്ടിലേക്ക് പടർന്നത് യുവാക്കളിൽ കൗതുകമുണർത്താമെങ്കിലും വിഷ്ണുവിന്റെ മിഴികളിൽ വിഷയീഭവിച്ചില്ല.
ചൂറിദാരും ഹൂക് അഴിക്കാത്ത ബ്രാ ചുരുണ്ടു കൂടി കിടന്നതും കമീസ്സിനുള്ളിൽ പറ്റിച്ചേർന്നു കിടന്ന അടിവസ്ത്രവും റോഡിൽ നിന്ന് പോലീസ് കണ്ടെടുത്തു. സ്വർണ പാദസ്വരം നിരത്തിലെ മൈൽകുറ്റിക്ക് സമീപം കിടന്നു.
ഇത്രയും മാത്രമേ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകളായി ലഭിച്ചിട്ടുള്ളു. വസ്ത്ര പരിശോധനയിൽ ബലാൽക്കാരത്തിൻ്റെ തെളിവുകൾ കാണുന്നില്ല എന്ന് ഫോറൻസിക് റിപ്പോർട്ട്.
“ഹിമേ, അമ്മ എൻ്റെ പൊന്നുമോളോട് ഒരു സത്യം പറയട്ടെ.” നന്ദിനി മകളെ ചേർത്തു പിടിച്ചു.
ആഞ്ഞുവലിച്ചിട്ടും ശ്വാസം ഉള്ളിൽ കിട്ടാതെ അവർ ബദ്ധപ്പെട്ടു. “എൻ്റെ മകൾ സങ്കടപ്പെടരുത്. ഈ അമ്മ എൻ്റെ മോളുടെ അമ്മയല്ല.”
“ഹിമസാഗർ എക്സ്പ്രസ്സിൽ ഞങ്ങൾ ഇരുന്ന ക്യാബിൻ്റെ അപ്പുറത്ത് ഒരു പിഞ്ചു കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു. പാർഥസാരഥി കൈകളിൽ കോരിയെടുത്തു എൻ്റെ മടിയിൽ അരുമയോടെ കിടത്തി. പ്രസവിച്ചു ഒരു മാസം പോലും തികഞ്ഞിരുന്നില്ല. അമ്മ ഉപേക്ഷിച്ചത് ആകാം. ഏറ്റുമാനൂർ റയിൽവെ സ്റ്റേഷൻ കഴിഞ്ഞു കോട്ടയത്ത് ഇറങ്ങുമ്പോഴും കുഞ്ഞിനെ തേടി ആരും എത്തിയില്ല.”
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന മേജർ പാർത്ഥസാരഥിയുടെ ചിത്രത്തിന് മുൻപിലെ തിരി അണയാറായി. ആ രാത്രിയിൽ തണൽ നൽകിയ അമ്മവൃക്ഷത്തെ പറ്റിച്ചേർന്നു തൈമരം തേങ്ങലും നെടുവീർപ്പുകളുമായി കിടന്നു.
തണൽ മരത്തെ എടുത്തു ചിതയിൽ വെക്കുമ്പോൾ അശോക മരത്തിൽ ഇരുന്ന കാട്ടുമൈന സങ്കടം പൂണ്ടു ഇണക്കിളിയോട് പറഞ്ഞു
നാലുമണിക്ക് സ്കൂളിൽ നിന്നും വന്ന ഹിമ മോളുടെ ഒപ്പം മിന്നു പൂച്ചയും തോടുവക്കിലേക്ക് ഓടി. കുത്തി ഒലിച്ചു ഓരങ്ങൾ കവർന്നു ഭീകര ശബ്ദങ്ങളോടെ ചീറി പാഞ്ഞ ഒഴുക്കിൽ കാൽ വഴുതി ഹിമ മോൾ വീണു.
മിന്നു പൂച്ച അലമുറയിട്ടു കരഞ്ഞു. സർവ്വ ചരാചരങ്ങളിലും ആ സങ്കട വിലാപം ഒഴുകിയെത്തി. ബലിക്കാക്കകൾ തോടിന് മുകളിൽ വട്ടമിട്ടു പറന്നു. ഹിമ മോൾ എന്നും ചോറ് കൊടുത്തിരുന്ന ഓലഞ്ഞാലി കിളികളുടെ കുടുംബവും സങ്കടപ്പെട്ടു വിലപിച്ചു. അവരുടെ കരച്ചിൽ കേട്ട് പ്രകൃതി കണ്ണീർ പൊഴിച്ചു.
വിശാലമായി വിരിഞ്ഞു നിന്ന കണ്ണൻ ചേമ്പ് ഇലയിൽ ആ കണ്ണീർ വീണ് ഒരു കൊച്ചു കുമിള രൂപപ്പെട്ടു. മിന്നൽ പിണറുകൾ കുമിളയിൽ വർണ്ണങ്ങൾ ചൊരിഞ്ഞു ചാരിതാർത്ഥ്യത്തോടെ മടങ്ങി. ജീവൻ്റെ തുടിപ്പുകൾ ആവാഹിച്ച് കുമിള സഹസ്രകോടി കോശങ്ങളായി രൂപാന്തരം പ്രാപിച്ചു. ഭാരം കൊണ്ട് ചേമ്പ്ഇല പുല്ലുകൾക്കിടയിലേക്ക് ചാഞ്ഞു.
യൂണിഫോം ഇട്ടു തല പിന്നിക്കെട്ടിയ പെൺകുട്ടി പുല്ലുകൾക്കിടയിലൂടെ നടന്നു മിന്നുവിനെ കൂട്ടി വീട്ടിൽ എത്തി.
“മഴയത്ത് തോട്ട്വക്കത്ത് പോകരുതെന്ന് പറഞ്ഞിട്ടില്ലേ മോളെ, യൂണിഫം മാറ്റി കാപ്പി കുടിക്ക് “
ഇണക്കിളി, കാട്ടുമൈന പറഞ്ഞത് കേട്ട് വിതുമ്പി.
മന്ദാരത്തിൻ്റ പൂക്കൾ ചെമ്പക പൂക്കൾക്കൊപ്പം വിടരാതെ കൈകൾ കൂപ്പി. ഗായത്രി ജപമാലകളാക്കി പൂത്തുലഞ്ഞു നിന്ന ഇലഞ്ഞി മരത്തിൽ സഹസ്രനാമങ്ങൾ നിശബ്ദരായി.
ഓഫീസിൽ വിഷ്ണുവിനോട് യാത്ര പറഞ്ഞാണ് ഹിമ വീട്ടിലേക്ക് തിരിച്ചത്. അവസാനം കണ്ട ആൾ എന്ന നിലയിൽ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു.
“ഇവന് അറിയാം, ….. മോനെ കൊണ്ട് ഞാൻ പറയിക്കം ” ഡി വൈ എസ്സ് പി കലി തുള്ളി.
“വേണ്ട”, കമ്മീഷണർ വിലക്കി.
വിഷ്ണുവിനോടു യാത്ര പറഞ്ഞു ഹിമ തിരക്കില്ലാത്ത റോഡിലൂടെ നടന്നു. മുഴക്കമായി കാറ്റോടെ വന്ന മഴ ദുരന്തങ്ങൾ വിതച്ച് പെയ്തു. മരങ്ങൾ ഒടിയുന്ന ശബ്ദം അവിടവിടെ കേൾക്കാം. കണ്ണൻ ചേമ്പിലയിൽ വിശ്വപ്രകൃതി പൊഴിച്ച കണ്ണുനീർബോധം, ജഡത്തിൽ നിന്നും വേർതിരിച്ച് തിരികെ നൽകുവാൻ ഹിമ നടന്നു, മഴയുടെ കനിവ് ഏറ്റുവാങ്ങി.
കമ്മലും നെക്ലേസും ഹുക് അഴിക്കാത്ത സൽവറിനോട് ഒട്ടിച്ചേർന്ന ബ്രായും വെള്ളി അരഞ്ഞാണവും പാദസരവും മഴയിൽ നനഞ്ഞ് നിരത്തു വക്കിൽ അലിയാതെ കിടന്നു.